ക്രൂരമായ കയ്യിന്റെ ഞെരിച്ചിലിൽ പൊടിഞ്ഞുവീണ വളപ്പൊട്ടുകളുടെ ഓർമ്മ അവളെ നടുക്കാത്ത ഏകാന്തതകളില്ലായിരുന്നു.
കല്ലുവരപ്പെൻസിൽ കൂർപ്പിച്ച് ജീവിതത്തിലുടനീളം ആണിനോടുള്ള അകൽച്ചയുടെ നിഴൽചിത്രങ്ങൾ അവൾ കോറിയിട്ടു.
ഒരുപാടുകാലം നടന്നു വള്ളി പൊട്ടിയ റബ്ബർ ചെരുപ്പിൽ നിന്നൊരു നീലക്കഷണം മുറിച്ചെടുത്ത് ജീവിതവഴിയിൽ കാടായി വളർന്നു നിന്ന ആ പെൻസിൽ ചിത്രങ്ങൾ മായ്ക്കാൻ അവൾ തുനിഞ്ഞപ്പോൾ...
ഏടാകെ കറുത്തുപോയി.
പഴകിപ്പോയ കടലാസ് പൊളിഞ്ഞടർന്നു.
കല്ലുവരപ്പെൻസിൽ കൊണ്ട് കുത്തിവരച്ചു നിറച്ച തന്റെ ജീവിതം കണ്ട് മായ്ക്കാനും മായ്ക്കാതിരിക്കാനുമാകാതെ അവൾ നെടുവീർപ്പിട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ