2018 മേയ് 2, ബുധനാഴ്‌ച

ഉച്ചയുറക്കം.

ഉറങ്ങാൻ കിടക്കുമ്പോൾ ആശയോടെ പുണരുമെങ്കിലും ഉറങ്ങിയെണീയ്ക്കുമ്പോൾ നിരാശയോടെ അകലും.
പൊയ്പ്പോയ പകലിന്റെ, മാറ്റിവെച്ച ഉത്തരവാദിത്തങ്ങളുടെ നഷ്ടബോധങ്ങളിലേയ്ക്കാണുർച്ച.
ഊണു കഴിച്ചു നിറച്ച വയറ്റത്ത് ഉറക്കത്തിൻ കല്ലുകയറ്റിവെയ്ക്കുമ്പോൾ ഊർജത്തിനു പകരം ആലസ്യമേറ്റുവാങ്ങി ചോരയോടുന്ന പേശികൾ രോഗങ്ങളോട് കൂട്ടുകൂടുന്നു.
പ്രഭാതത്തിലുണർന്നെഴുന്നേൽക്കുമ്പോഴുള്ള ഉന്മേഷവും പ്രസരിപ്പുമല്ല പ്രദോഷത്തിലെഴുന്നേല്ക്കുന്ന മനസ്സിനെ കാത്തിരിയ്ക്കുന്നത്;
പുരികങ്ങൾക്കു കീഴെ കുറ്റബോധത്തിന്റെ കനമാണ്.
രാത്രിയിലേയ്ക്കുണരുമ്പോൾ മറക്കാൻ തുടങ്ങിയ ദു:ഖങ്ങളൊക്കെ മൂടിക്കെട്ടി, കനത്ത് പെയ്യാത്ത മഴയായി വിതുമ്പും.
ഉച്ചയുറക്കമേ ഞാൻ നിന്നെ ഇനിയും സ്നേഹിയ്ക്കും -ഉറങ്ങും വരെ.
ഞാൻ നിന്നെ വീണ്ടും വീണ്ടും വെറുക്കുന്നു -ഉണരുന്ന ഓരോ സന്ധ്യകളിലും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ