2018 മേയ് 2, ബുധനാഴ്‌ച

മൺകുടുക്ക .

സമയമായില്ല പോൽ.

എന്റെ കനമേറിയ കളിമൺകുടുക്കയെറിഞ്ഞുടക്കാൻ.

സ്വപ്നത്തിന്റെ ചെമ്പു തുട്ടുകളും പ്രതീക്ഷയുടെ വെള്ളി നാണയങ്ങളും നികത്തിയെടുത്ത ലോഹം മണക്കുന്ന അതിന്റെ ഉള്ളറകളിൽ വിരലോടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..

കാലഹരണപ്പെട്ട ഒരുപാട് ഓട്ടമുക്കാലുകളും നാലണകളും കൊണ്ട് പണ്ടതിന്റെ പള്ള നിറച്ചിട്ടുണ്ടു ഞാൻ.
ആത്മസത്യം ചിലമ്പുന്ന ആ ഓർമ്മകളെ വീണ്ടെടുക്കാൻ അതുടയ്ക്കുകതന്നെ വേണം.

അതിന്റെ ചായം പൂശിയ മിനുത്തുരുണ്ട പ്രതലം തലോടി ഒരായിരം തവണ ഞാൻ കിനാവു കണ്ടിരിക്കുന്നു -
ഒരമർന്ന നിലവിളിയോടെ അതുടഞ്ഞ് എന്റെ പ്രതീക്ഷകളുടെ നീക്കിയിരിപ്പുകളെല്ലാം വെളിച്ചത്തിൽ കുളിച്ചു ചിരിച്ചു നിൽക്കുന്നത്.

നിങ്ങൾ തന്നെ പറയിൻ കൂട്ടരേ നിറഞ്ഞ മൺകുടുക്ക ഞാനെന്തു ചെയ്യണം?

കനവിന് കാവൽ നിൽക്കുന്നവന്റെ ദൗത്യം ബലിപീഠത്തിലെ രക്തസാക്ഷിത്തമല്ലേ?

ഇതളുകളകലാൻ മടിച്ച് ഒരുമയെത്തന്നെ സ്നേഹിച്ചാൽ പൂമൊട്ടെങ്ങനെ വിരിയാനാണ്?

ഇന്നിന്റെ മോഹഭംഗം മാത്രമല്ല പൊട്ടാത്ത കുടുക്ക തരുന്നത്. ഉപേക്ഷിക്കപ്പെട്ട, ഒരിയ്ക്കലും തുറക്കാത്തൊരു കിളിവാതിൽ പോലെ ഉപയോഗശൂന്യമായി അതവിടെ കിടക്കും.

ഋതുഭേദങ്ങൾ അതിന്റെ ചായമിളക്കും.
ചുട്ടെടുക്കാത്ത പച്ചക്കളിമണ്ണ് തിരികെച്ചേരാനായി ഭുമിയിലേയ്ക്കുതിരും.
എട്ടായി മടക്കിയ മിനുസമുള്ളനോട്ടുകൾ പരുപരുത്ത് പൊടിയുന്ന വിലകെട്ട കടലാസായ് മാറിക്കഴിഞ്ഞിരിയ്ക്കും.
ഒരിയ്ക്കലും പ്രസവിയ്ക്കേണ്ടാത്ത പൊയ്പ്പോയ കനവുകളെ ഗർഭം പേറി വീർത്ത ഇരുപതുപൈസയുടെ ഷ്ഡ്ഭുജങ്ങളും അഞ്ചുപൈസയുടെ  കോണില്ലാച്ചതുരങ്ങളും ക്ലാവു പിടിച്ച ഓട്ടക്കാലണകളും ഒരിയ്ക്കലും തുറന്നിട്ടില്ലാത്ത കിളിവാതിൽ അടർന്നുവീണുണ്ടായ ശൂന്യതയിലൂടെ മാനം നോക്കിക്കിടക്കും.

നിറഞ്ഞ നാണയക്കുടുക്ക എറിഞ്ഞുടയ്ക്കുന്നതു തന്നെയല്ലേ
വിരിയാമുട്ടയ്ക്ക് അടയിരിയ്ക്കുന്നതിനെക്കാൾ ഏറെ നല്ലത്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ