2018 മേയ് 16, ബുധനാഴ്‌ച

എന്റെ കുഞ്ഞ്.

എന്റെ നെഞ്ചത്തു വെച്ച പച്ചത്തുണിയ്ക്കപ്പുറത്ത് മനോരമ ഡോക്ടറുടെ ഗ്ലൗസിട്ട കയ്യിൽ തലകീഴായി ഒരു ചോരക്കുഞ്ഞ്. എന്റെ, ഞങ്ങളുടെ കുഞ്ഞ് !! വെളുപ്പും ചുവപ്പും കൊഴുപ്പു മാർന്ന ദ്രാവകത്തിൽ പൊതിഞ്ഞ ആ കൊച്ചു ശരീരം ഡോക്ടർ പതിയെ തല താങ്ങിയെടുത്ത് നഴ്സിന്റെ കയ്യിൽ കൊടുത്തു. അപ്പോൾ കുട്ടി കരയുന്നുണ്ടായിരുന്നു. ഹാർട്ട് ബീറ്റ്, പൾസ് റേറ്റ്, പിന്നെന്തൊക്കെയോ വിളിച്ചു പറയുന്നു. എല്ലാവരും തിരക്കിലാണ്. കുഞ്ഞിനെപ്പറ്റി അറിയാൻ എനിയ്ക്കു വെമ്പലായി. 'സമയം അറേ എട്ട് ' എന്ന്  ഡോക്ടർ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ തല തെല്ലുയർത്തി ക്ലോക്കുനോക്കി. ആറേ ഏഴാണു ക്ലോക്കിൽ. ചുറ്റിനും മാസ്കു ധരിച്ച ആ പച്ചക്കുപ്പായങ്ങൾ വീണ്ടും ധൃതിയിൽ പണിയിൽ മുഴുകി. അതെന്താണെന്നു നോക്കാൻ ഞാൻ തലയുയർത്തിയത് കണ്ട് അനസ്തേഷ്യ തന്ന ഡോക്ടർ എന്റെ മുഖത്തിനു താഴെ ഒരു പച്ചത്തുണി നാട്ടി. എന്റെ താഴേയ്ക്കുള്ള കാഴ്ച വീണ്ടും പരിമിതമായി. ആ ഡോക്ടർ കുനിഞ്ഞെന്നോട് മന്ത്രിച്ചു, ' female -പെൺകുട്ടി '.

അല്പനേരത്തിനു ശേഷം ഒരു നഴ്സ് പിങ്കു തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞു മുഖം എന്നോടടുപ്പിച്ച് ഉമ്മ വയ്ക്കാൻ തന്നു. ശാന്തമായി നോക്കുന്ന ആ മുഖത്ത് ഞാനാദ്യമായുമ്മ വെച്ചു. രണ്ടു തവണ. പിന്നെ, അവൾ എന്നിൽ നിന്നകന്ന് എങ്ങോ മറഞ്ഞു.

എന്റെ ചുറ്റിനും ധൃതിയിൽ തുടരുന്ന പണികൾ. ഇടത്തേക്കയ്യിൽ സ്ഫിഗ്മോമാനോമീറ്ററിന്റെ ബെൽട്ട് മുറുകുന്നതും അയയുന്നതും ശ്രദ്ധിച്ച് ഞാൻ കിടന്നു. ഇപ്പോൾ അവർ തുന്നുകയാണ്. എന്റെ തൊണ്ടയ്ക്കകത്ത് ഏറെ കഫം കിനിഞ്ഞു നിറയുന്നതായി എനിയ്ക്കനുഭവപ്പെട്ടു.

മകനായിരിയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ പലതവണ ആൺകുഞ്ഞിനെ സ്വപ്നത്തിൽ കണ്ടതും അറിഞ്ഞതും എന്റെ സിക്സ്ത് സെൻസാണെന്നു ധരിച്ചത് വെറും മിഥ്യയായിരുന്നെന്ന് ഒരൊറ്റ നിമിഷം കൊണ്ട് ബോധ്യപ്പെട്ടതിന്റെ ശൂന്യതയിലായിരുന്നു ഞാനന്നേരം. എന്റെയും ജനണ്ണന്റെയും നടുവിലൊരു പെൺകുട്ടിയെന്ന യാഥാർത്ഥ്യത്തിൽ പതിയെ വിശ്വസിച്ചു കൊണ്ട് എന്റെ അകത്തേയ്ക്കു മാത്രം ശ്രദ്ധിച്ച് ഞാൻ കണ്ണടച്ച് കിടന്നു.

പോസ്റ്റ് ഓപറേറ്റിവ് വാർഡിൽ എനിയ്ക്കായ് നീക്കിവെയ്ക്കപ്പെട്ട കൈപ്പേറിയ അനുഭവങ്ങളെക്കറിച്ച് ധാരണയേതുമില്ലാതെ കാലിന്റെ പെരുവിരൽ അനക്കാമോ എന്നു ശ്രമിച്ചു കൊണ്ട് ഞാൻ സ്ട്രെച്ചറിൽ ഒഴുകി നീങ്ങി. രോഗികളും അവരുടെ ബന്ധുക്കളും തിരക്കിട്ടോടുന്ന നഴ്സുമാരും ഞാൻ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നിരിയ്ക്കുന്നു എന്ന് എന്നെ ഓർമ്മിപ്പിച്ചു.

ആ രാത്രി രോഗികളും ബൈസ്റ്റാൻഡേഴ്സും ഉറങ്ങുന്ന ആ വാർഡിൽ ഞാൻ സംസാരിച്ചുകൊണ്ടേയിരുന്നു. എന്റെ പാൽ കുടിയ്ക്കുന്ന കുഞ്ഞിനെ ഞാനിനിയും ശരിയ്ക്ക് കണ്ടിട്ടില്ലെന്ന നിരാശയിലായിരുന്നു ഞാൻ. നേരമേറെ കഴിഞ്ഞപ്പോൾ എനിയ്ക്കു കൂട്ടിരുന്ന സുഭദ്രക്ക ' താനിനി കുറച്ചു നേരമുറങ്ങൂ ' എന്നും പറഞ്ഞ് കുഞ്ഞിനെയുമെടുത്ത് ദൂരെയൊരു ബെഡ്ഡിൽ പോയിക്കിടന്നു. എന്റെ വാതോരാതുള്ള വർത്തമാനത്തിൽ സുഭദ്രക്ക കുഴഞ്ഞിരിയ്ക്കണം.

കഴിഞ്ഞ മാസങ്ങളിലൊക്കെയും എന്നിൽ നിന്ന് വേർപിരിഞ്ഞിട്ടേയില്ലാത്ത ആ കുഞ്ഞു ശരീരം ദൂരെയൊരു കിടക്കയിൽ! കാലങ്ങളോളം ഞാൻ കിനാവു കണ്ടിരുന്ന എന്റെ കൊച്ചു കനിയെ വീണ്ടും വീണ്ടും തൊടാനും അറിയാനും എനിയ്ക്ക് തിടുക്കമുണ്ടായിരുന്നു. അവളെ മാറ്റിക്കിടത്തിയതിൽ എനിയ്ക്ക് വേദന തോന്നി. വട്ടമിട്ടു പറക്കുന്ന കൊതുകുകളെ പിടിയ്ക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ സമയം തള്ളി നീക്കി.

കാത്തിരിപ്പിന്റെ മടുപ്പിയ്ക്കുന്ന നീളൻ ദിനത്തിനു ശേഷം സുഭദ്രക്കയൊന്ന് ഗാഢമായ് ഉറങ്ങിക്കാണുമോ? ആകെ മൂടിപ്പുതപ്പിച്ച് കിടത്തിയ കുഞ്ഞിന്റെ മുഖത്ത് തുണിയെങ്ങാൻ വീണു കാണുമോ? അവളെ കൊതു കടിയ്ക്കുന്നുണ്ടാകുമോ? അവളൊന്നുണർന്ന് കരഞ്ഞിരുന്നെങ്കിൽ എന്ന പ്രാർത്ഥനയോടെ ഞാൻ സമയം തള്ളി നീക്കി.

ഒടുവിൽ പുലർച്ചെ അവൾ ഉണർന്നു കരഞ്ഞു. പാൽ കൊടുപ്പിയ്ക്കാനായി സുഭദ്രക്ക കൊണ്ടുവന്ന കുഞ്ഞിനെ ഞാനാദ്യമായി ശരിയ്ക്കു കണ്ടു. പിങ്കു നിറത്തിലെന്റെ പുതിയ പാവക്കുട്ടി. ജീവസുറ്റ കണ്ണുകൾ മിഴിച്ച് എന്നെ നോക്കുന്നു. എന്റെ ജീവിതത്തിലെ വെളിച്ചം.
എന്റെ ജാനുക്കുട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ