2018 മേയ് 26, ശനിയാഴ്‌ച

വരമ്പുകൾ

വിനു കോളേജിൽനിന്ന് മടങ്ങിയെത്തിയപ്പോഴും അവൾ ചുമരിൽ ചാരി നിലത്തിരുന്ന് മൊബൈൽ നോക്കുകയാണ്. ബാഗു സോഫയിലിട്ട് യൂണിഫോമിന്റെ ടൈ വലിച്ചുതുറന്ന് കഫ് ബട്ടൻസഴിക്കുമ്പോൾ അവൻ ശ്രദ്ധിച്ചു അമ്മ മൊബൈലും പിടിച്ചു സ്വയം നഷ്ടപ്പെട്ടിരിപ്പാണ്, എപ്പോഴോ ബ്ലാക് ഔട്ടായ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ, ഇമ ചിമ്മാതെ.

"സാവിത്രിമോളേ, എന്തു പറ്റി?" കുനിഞ്ഞ് കവിളത്തൊരു മുത്തമിട്ട് വിനു ചോദിച്ചു.
ഞെട്ടിയുണർന്ന അവൾ അവന്റെ കവിളിൽ തലോടി ചിരിയ്ക്കാൻ ശ്രമിച്ചു.
അമ്മയുടെ നനഞ്ഞ കൺപീലികളിൽ തടഞ്ഞുവെച്ച ഒരു സാഗരത്തിന്റെ മർമരം അവൻ തിരിച്ചറിഞ്ഞു.
വെക്കം എഴുന്നേറ്റ് അടുക്കളയിലേയ്ക്കു നടക്കവേ അവൾ പറഞ്ഞു.
"കൈകാൽ കഴുകി വാ. ദോശ ചുടാം."
ചൂടോടെ ദോശയോരോന്നായി പ്ലേറ്റിലിട്ടു കൊടുക്കുമ്പോഴും അവളവിടെയൊന്നുമല്ലെന്ന് വിനുവിന് മനസ്സിലായി. ജീവന്റെ ഒരു ഏച്ചുകൂട്ടൽ പോലെ കൈക്കുള്ളിൽ കൊണ്ടു നടക്കുന്ന മൊബൈൽ ഫോൺ സ്റ്റൗവിനടുത്ത് സ്ലാബിലിരിപ്പുണ്ട്.

അതൊന്നെടുത്തു നോക്കണമെന്ന് പതിവില്ലാതെ വിനുവിനു തോന്നി. എഞ്ചിനീറിംങ് കോളേജിൽ അഡ്മിഷനായ കാലത്ത് മികച്ച ഫീച്ചേഴ്സുള്ള ഫോണിലേയ്ക്കു മാറിയപ്പോൾ അമ്മയ്ക്കു കൊടുത്തതാണീ ഫോൺ. അതിലെ പാറ്റേൺ മാറ്റിയിട്ടുപോലുമുണ്ടാകില്ല. ആദ്യമായൊരു ആൻഡ്രോയ്ഡ് കിട്ടിയ അമ്മ ഫോണിലേയ്ക്കു വളർന്നതും ഫോണിലേയ്ക്ക് ഒതുങ്ങിയതും വേഗത്തിലായിരുന്നു.

കാൽവേദന കാരണം ജോലിയുപേക്ഷിച്ചതിനു ശേഷം നേരം പോണില്ലെന്നുള്ള പരാതിയായിരുന്നു എന്നും. പരാതിയെല്ലാം നിന്നുപോയത് കൂട്ടുകാരുടെയും പ്രോജക്ടുകളുടെയും തിരക്കിലായിരുന്ന താൻ ഗമനിച്ചതേയില്ലെന്നവൻ ആശ്ചര്യപ്പെട്ടു. കുറച്ചു ദിവസമായി ഭയങ്കര മറവിയാണ് അമ്മയ്ക്ക്. മറവിയോ അതോ അശ്രദ്ധയോ? ഈ ലോകത്തിലേ അല്ലെന്നു തോന്നിപ്പോകും. വാഷിംങ് മെഷീനിലെ അലക്കിയ തുണി അവിടെത്തന്നെ കിടന്ന് നാറിയിട്ടാണ് ഉണക്കാനിടുന്നത്. ദോശമാവും കഞ്ഞിവെള്ളവും വീണ് ഉണങ്ങിയ സ്റ്റൗ, ഉണങ്ങിയ പാത്രങ്ങൾ നിറഞ്ഞ സിങ്ക്, മടക്കിയൊതുക്കാത്ത ബെഡ്ഷീറ്റുകൾ.. ഇതൊക്കെ അമ്മയെപ്പറ്റി എന്തൊക്കെയോ വിളിച്ചു പറഞ്ഞിട്ടും താൻ അതു ശ്രദ്ധിച്ചതേയില്ലെന്ന് വിനുവിന് ഒരു നിമിഷം കുറ്റബോധം തോന്നി. അച്ഛനും ശ്രദ്ധിച്ചു കാണുകയില്ല. തന്റെ ഫീസിന്റെ അധികഭാരം താങ്ങാൻ ഓവർടൈം ശീലമാക്കിയ അച്ഛന് അമ്മയെ ശ്രദ്ധിയ്ക്കുക പോയിട്ട് ഒന്നു പരാതി പറയാൻ പോലും നേരം കിട്ടുകയില്ല.

ഒരു മെസേജിന്റെ വൈബ്രേഷനാണ് അവനെ ചിന്തയിൽ നിന്നുണർത്തിയത്. അമ്മ ഗേറ്റിങ്കൽ അപ്പുറത്തെ ആന്റിയുമായി സംസാരത്തിലാണ്. വിനു ഫോണെടുത്തു മെസേജ് നോക്കി.
" കൂയ്, കാണാനേയില്ലല്ലോ. എവിടെപ്പോയി കൊച്ചേ?"
സ്ക്രോൾ ചെയ്തു പോകുമ്പോൾ തിരമാല പോലുയരുന്ന കുശലങ്ങൾ പേജു നിറയെ. ഒരു എബി ജോൺ. അവൻ വിളർത്തു പോയി . ചൂളം വിളിച്ചു കൊണ്ടൊരു തീവണ്ടി തലയിലൂടോടുന്നതു പോലെ അവനു തോന്നി. ആ ബഹളത്തിലും അകത്തേയ്ക്കു വരുന്ന അമ്മയുടെ ശബ്ദം അവന്റെ കാതിലെത്തി. പെട്ടെന്നു ഫോൺ സ്ലാബിലിട്ട് അവൻ അടുക്കളയിൽ നിന്നു പുറത്തു കടന്നു.

അടുക്കളയിലേയ്ക്കു വന്ന സാവിത്രിയ്ക്ക് മകന്റെ മുഖം കണ്ട് എന്തോ പന്തികേട് തോന്നി. ഉടൻ മൊബൈലെടുത്തു  പരതിയപ്പോൾ അവസാനം വന്ന മെസേജ് ഓപൺ ചെയ്തിരിയ്ക്കുന്നു. കണ്ണുകളിറുകെച്ചിമ്മി മുഖം കുനിച്ചവൾ ഒരു നിമിഷം നിന്നു. കത്തിയുടെ മൂർച്ഛയ്ക്കായി കഴുത്തു കാണിച്ചു കൊടുക്കുന്നൊരു ബലിമൃഗത്തെപ്പോലെ.

പിന്നീടെന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ അവൾ പണികൾ വേഗത്തിൽ തീർത്തു. ചോറിനു വിസിലു വരുമ്പോഴേയ്ക്കും രസവും തിളച്ചു കഴിഞ്ഞു. അതിനു വറവിട്ട് ലൈറ്റണച്ച് അടുക്കളയിൽ നിന്നു പുറത്തു കടന്നപ്പോൾ വീടാകെ ഇരുട്ടിൽ മൂടിപ്പോയി.
ചിന്തകളിൽ മുഴുകി പണി ചെയ്തപ്പോൾ സന്ധ്യാദീപം കൊളുത്താൻ പോലും മറന്നത് ശേഖരേട്ടൻ യാത്രയിലാണെന്ന അസ്വസ്ഥമായ ചിന്തയിലെത്തി നിന്നു.

ഭർത്താവ് ദൂരയാത്രയിലാകുമ്പോൾ കൃഷണനു മുന്നിലെ വിളക്ക് കത്തിക്കൊണ്ടേയിരിയ്ക്കുന്നതാണ് അവൾക്കിഷ്ടം. അതാണവൾക്കു സമാധാനം. കത്തുന്ന നാളത്തോടാണോ കൃഷ്ണനോടാണോ അവളുടെ മനസ് സംവദിക്കാറെന്നത് അവൾക്കു തന്നെ സംശയമാണ്. കൃഷ്ണൻ അവൾക്കും ശേഖരേട്ടനും മുകളിലാണെങ്കിൽ വിളക്കിന്റെ നാളം അവൾക്കും ശേഖരേട്ടനുമിടയ്ക്കാണ്. അവൾക്കും കൃഷ്ണനുമിടയ്ക്കാണ്. അതൊരു മാധ്യമമാണ്. അതിന്റെ ഇളക്കവും വിറയും തെളിച്ചവും ശബ്ദമില്ലാത്തൊരു ഭാഷയായി ചുറ്റും നിറയാറാണ്.

വിളക്ക് തെളിയിച്ചിട്ട് ഒരു നുള്ളു ഭസ്മവുമെടുത്തു കുറിതൊട്ട് അവൾ മകന്റെ മുറിയിലേയ്ക്കു നടന്നു. ഒന്നു കൈകൂപ്പാനോ, കണ്ണുചിമ്മാനോ, എന്തിന്? ആടുന്ന തിരിനാളത്തെ ഒരു നിമിഷം നോക്കാനോ അവൾ മറന്നിരുന്നു. മനസ്സിലൊരു കോളിളക്കമായിരുന്നു. മുറിയിൽ ലൈറ്റിട്ടു നോക്കുമ്പോൾ മകൻ കട്ടിലിൽ കിടക്കുന്നു. ഉറക്കമല്ല. വെളിച്ചം പരന്നപ്പോൾ അവൻ മുഖം തിരിച്ചു കളഞ്ഞു.
'അച്ഛൻ നാളെ രാവിലെ എത്തുമെന്ന്.' അവനൊന്നു മൂളിയതുപോലുമില്ല. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്ന അവൾ അവനരികെ പോയിരുന്നു.

ഉള്ളിലെ സംഭ്രമം പുറത്തുകാട്ടാതെ വളരെ സംയമനത്തോടെ തന്റെ ഫോൺ അവൾ അവന്റെ കൈക്കുള്ളിൽ വെച്ചുകൊടുത്തു. ഇനിയും മുഖം തിരിക്കാൻ ആവില്ലെന്ന് മനസ്സിലാക്കിയ അവൻ എഴുന്നേറ്റിരുന്നു. "നോക്കിക്കോളൂ, മെസ്സേജുകളെല്ലാം." അവളുടെ ശബ്ദത്തിൽ ദേഷ്യമോ, സങ്കടമോ ഇല്ലായിരുന്നെങ്കിലും അന്ത: സംഘർഷത്തിന്റെ ഒരു ചെറിയ വിറ അതിനെ നേർപ്പിച്ചു. കോപത്തോടെ
ഫോൺ കിടക്കയിൽ വച്ച അവന്റെ കൈ കോരിയെടുത്ത് നെഞ്ചോട് ചേർത്ത് അവൾ പറഞ്ഞു. "അമ്മയ്ക്കു പ്രണയമായിപ്പോയെടാ മോനെ."
ഭയന്നുപോയ അവൻ കണ്ണുകൾ മിഴിച്ച് അവളെ നോക്കി. കോപിക്കണോ, കരയണോ എന്നറിയാതെ പതറിപ്പോയ അവന്റെ കയ്യിൽ മുറുക്കിപ്പിടിച്ചു കൊണ്ട് അവൾ കണ്ണുകൾ താഴ്ത്തി. മകനെ നോവിച്ചതിൽ അവൾക്കു കഠിനമായ വേദന തോന്നി. കൈ വലിച്ചെടുത്ത് അവൻ തല താങ്ങിയിരുന്നു, നിമിഷങ്ങളോളം.
" എത്ര വയസ്സായമ്മാ അമ്മയ്ക്ക്?" വെറുപ്പോടെയാണവൻ ചോദിച്ചതെങ്കിലും ഒരു തേങ്ങലായാണത് പുറത്തുവന്നത്. ഉത്തരം ആവശ്യമുണ്ടോ ഇല്ലയോ എന്ന് സംശയിച്ച് മടിയോടെ അവൾ പറഞ്ഞു, " നാല്പത്താറ്. "

"ഹ്! ഓപ്പോൾടെ നിശ്ചയത്തിനു മുമ്പ് അനിയേട്ടനോട് ചാറ്റുന്നെന്നും ഒരുമിച്ചു കടയിൽ പോയി എന്നൊക്കെ പറഞ്ഞു എന്തൊരു ബഹളമായിരുന്നു ഇവിടെ ! അതും നിശ്ചയിച്ചുറപ്പിയ്ക്കാൻ പോണ ചെക്കൻ. "
അവളുടെ മൗനം അവനു കരുത്തേകി.

"ഒന്നും വേണ്ട. എട്ടാംക്ലാസിൽ
പഠിക്കുമ്പോൾ ഏതോ ഒരു ക്ലാസ്മേറ്റ് കത്ത് കൊടുത്തു എന്നു പറഞ്ഞ് അത് വീട്ടിൽ വന്നു പറഞ്ഞ ഓപ്പോളെ തല്ലിയ ആളല്ലേ അമ്മ? ഹും! എന്നിട്ടിപ്പോൾ ഈ വയസ്സില്.."

"അമ്മയ്ക്ക് തെറ്റുപറ്റിയതാ. ഒരുപാട് തെറ്റുകൾ അമ്മ ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴാ അറിയണെ. ക്ഷമിയ്ക്കെട."

അവൾ വീണ്ടും അവൻറെ കൈ പിടിക്കാൻ ശ്രമിച്ചു. കൈമാറ്റിക്കൊണ്ട് അവൻ ദീർഘനിശ്വാസത്തോടെ പറഞ്ഞു, "പാവം അച്ഛൻ.. "

പെട്ടെന്ന് മുഖമുയർത്തി ഉറച്ച ശബ്ദത്തോടെ അവൾ പറഞ്ഞു. "തെറ്റുപറ്റിയെന്ന് പറഞ്ഞത് പ്രണയിച്ചതിലല്ല. ഓപ്പോളെ മനസ്സിലാക്കാൻ അന്നു കഴിയാത്തതിലാണ്."

ഒരു നിമിഷം ഞെട്ടിയെങ്കിലും കടുത്ത നിസ്സഹായതയോടെ അമ്മയുടെ മടിയിലേക്ക് വീണ് അരയിൽ കൈകൾ  ചുറ്റി പിടിച്ചവൻ കേണു. "സാവിത്രിയമ്മേ, ഇതൊക്കെ വെറുതെയാണെന്ന് ഒന്നു പറയൂ." ഇതെല്ലാം നടന്നിട്ടേയില്ലായിരുന്നെങ്കിൽ എന്ന് അവൻ ഉത്ക്കടമായി ആഗ്രഹിച്ചു. അവന്റെ വിയർപ്പ് പൊടിഞ്ഞ നെറ്റിയിൽ സ്നേഹപൂർവ്വം ചുംബിച്ചു കൊണ്ട് അവൾ മൊബൈലെടുത്തു.
താനെഴുതിയ കവിതകൾ ടൈപ്പ് ചെയ്ത ഫോൾഡർ തുറന്ന് അവൾ അവനു കൊടുത്തു. വിമുഖതയോടെ അതിലൊന്ന് കണ്ണോടിച്ച അവനെ അവൾ നിർബന്ധിച്ചു.
"വായിയ്ക്കെടാ വിനൂ. ഞാനെഴുതിയതാ." മൊബൈൽ ഓഫാക്കി അവൻ താഴെ വെച്ചു. "നിനക്കു ഞാൻ വാട്സാപ്പിൽ അയച്ചു തരാം. ഇഷ്ടമുണ്ടെങ്കിൽ വായിയ്ക്ക്."
അവൾ വാതിൽക്കലേക്ക് നടക്കുമ്പോൾ അമ്മയുടെ കൂസലില്ലായ്മ കണ്ടു നടുങ്ങിയ വിനു അറിയാതെ പറഞ്ഞു പോയി,
" ഛീ.. "

ഭർത്താവോ, മകനോ, മകളോ തീരെ വഴങ്ങാത്തപ്പോഴോ, വലിയ ശണ്ഠയുടെ നടുക്കു വെച്ചോ അവൾ ചെയ്യാറുള്ളതുപോലെ തന്നെ അപ്പോഴും സംഭവിച്ചു. ഓടി വന്ന അവൾ അവന്റെ തല തന്റെ നെഞ്ചോടടക്കി അമർത്തിപ്പിടിച്ച്  മൂർദ്ധാവിലൊരുമ്മ. അതിനു വളരെയധികം ശക്തിയുണ്ട്. തനിയ്ക്കവരോടും  അവർക്കു തന്നോടും തോന്നിയ അമർഷവും അകൽച്ചയുമെല്ലാം രണ്ടു നിമിഷത്തെ വരിഞ്ഞുമുറുക്കിയ പിടുത്തത്തിൽ തന്റെ ഉള്ളിലെ സ്നേഹപ്രവാഹത്തിലവൾ തകർത്തെറിഞ്ഞുകളയും. എന്നിട്ടൊരു ദീർഘ ചുംബനത്തിൽ ആ സ്നേഹക്കടൽ അവരിലേയ്ക്കും പകരും.

അവൻ കുതറിയപ്പോൾ അവളുടെ പിടി വീണ്ടും മുറുകി. ആ കൗമാരക്കാരന്റെ ബലമേറിയ കൈകൾ സാവിത്രിയെയും ചുറ്റിവരിഞ്ഞു. വിതുമ്പുന്ന ചുണ്ടുകളാൽ അവൻ മന്ത്രിച്ചു.
"അമ്മാ, അമ്മയെന്താണിങ്ങനെ?"

കണ്ണീരിലും പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
" നിങ്ങളെയാരെയും അപമാനിക്കുന്ന വിധം ഒന്നും അമ്മചെയ്തിട്ടില്ല. വിശ്വസിയ്ക്കൂ."

അവനതു വിശ്വസിച്ചു. അവളുടെ കരവലയത്തിനുള്ളിൽ കുറേ നേരം കൂടി അമർന്നു കിടക്കാൻ മാത്രം അവനാഗ്രഹിച്ചു. അവളും അതു തന്നെ ചെയ്തു. സ്നേഹപ്രകടനത്തിൽ അമ്മ ഒരിയ്ക്കലും പിശുക്കു കാട്ടിയിരുന്നതായി അവനു തോന്നിയിട്ടില്ല. പരസ്പരം പുണർന്നും ചുംബിച്ചും നിൽക്കുന്ന അച്ഛനമ്മമാരെ അവൻ കുഞ്ഞു നാൾ മുതൽ കണ്ടിട്ടുള്ളതാണ്. ജോലിയ്ക്കായി വീടുവിട്ടിറങ്ങും മുൻപൊരു കെട്ടിപ്പിടുത്തം. ഒരുമ്മ. മക്കളിരുവരും ചെറുതായിരുന്നപ്പോൾ അവരും ഓടിച്ചെന്ന് അതിലേയ്ക്കു ചേർന്ന് അതൊരു കൂട്ട ആലിംഗനമാക്കി മാറ്റുമായിരുന്നു.അമ്മ ജോലിയ്ക്കു പോയിരുന്നപ്പോഴും അല്ലാത്തപ്പോഴും അതിനു മാത്രം മാറ്റമൊന്നുമുണ്ടായിട്ടില്ല. അടഞ്ഞ ഉമ്മറവാതിലിനു പിന്നിലെ ഈ ഒരു നിമിഷത്തിനു ശേഷം അച്ഛൻ പുറത്തെ തിരക്കുകളിലേയ്ക്ക് അലിഞ്ഞ് അകന്നു പോകുമ്പോൾ അവൾ അടുക്കളയിലെ പണികളിലേയ്ക്കു മടങ്ങിപ്പോകും. അതിഥികളാരെങ്കിലുമുണ്ടെങ്കിൽ മാത്രമാണ് ഇതു മുടങ്ങുന്നത്. വീട്ടിൽ നിന്നിറങ്ങും മുൻപ് അമ്മയെ ഒന്ന് കെട്ടിപ്പിടിയ്ക്കുകയെന്നത് മക്കൾക്കും ശീലമായിപ്പോയതാണ്.

സാവിത്രി മകനെതിർവശത്തായി കസേരയിൽ സ്റ്റഡി ടേബിളിലേയ്ക്ക് തലചായ്ച് കണ്ണടച്ചു. വിനു അമ്മയുടെ ഫേസ് ബുക്ക് പ്രൊഫൈലിൽ പിന്നോട്ടു തുഴഞ്ഞു കൊണ്ടിരിയ്ക്കുന്നു. നല്ല കവിതകൾ. മക്കളെ, ഭർത്താവിനെ, വിരഹത്തെ, മടുപ്പിനെ, ദു:ഖത്തെ, പ്രണയത്തെ എല്ലാം പ്രമേയമാക്കിയ ഒത്തിരി കവിതകൾ. അടുക്കള ജനാലയ്ക്കപ്പുറത്തെ മന്ദാരവും അതിലെ പക്ഷികളും പോലും കവിതകളിലുണ്ട്. നല്ല ഭാഷ. അവനഭിമാനം തോന്നി. അധികമാളുകളൊന്നും ലൈക്കു ചെയ്തിട്ടില്ല. എന്നാൽ അവയിലുടനീളം അയാളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇടയ്ക്ക് അയാളുടെ കവിതകളും ഉണ്ടായിരുന്നു. കമന്റ്സിൽ, ഷെയറിൽ. അവനു വീണ്ടും മടുപ്പു തോന്നി. ഫോൺ താഴെ വെച്ചു പറഞ്ഞു.
" അച്ഛൻ പാവല്ലേ അമ്മ ?അച്ഛന്റെ ലോകത്തിൽ നമ്മളല്ലാതെ മറ്റാരുമില്ല."

"അതെ. അച്ഛന്റെ ലോകത്തിൽ മക്കളും ഭാര്യയായ സാവിത്രിയും മാത്രമേയുള്ളൂ. കവിതയെഴുതുന്ന, വായിയ്ക്കുന്ന, സ്വപ്നം കാണുന്ന ഞാൻ പോലുമില്ല.'' ഒരു ദീർഘനിശ്വാസത്തോടെ അവൾ തുടർന്നു.
"അന്നൊരു ഉറക്കം വരാത്ത രാത്രി വായിച്ച ഒരൊറ്റ കവിതയിൽ തുടങ്ങി അപരിചിതനായ കവിയോടുള്ള അടുപ്പം. പിറ്റേന്ന് രാവിലെ ഓഫീസിലേയ്ക്കിറങ്ങും മുൻപ് അച്ഛനോടു ഞാൻ പറഞ്ഞു - ഞാൻ മിക്കവാറും പ്രണയത്തിലകപ്പെട്ടുവെന്ന്.''

" അപ്പോൾ ?" കണ്ണുകൾ മിഴിച്ചവൻ അത്ഭുതം കൂറി.

"എന്റെ മോനെ, അച്ഛനറിയാതെ ഒന്നിനും എനിയ്ക്കു കഴിയില്ല. ശേഖരേട്ടനെനിയ്ക്കു ദൈവം പോലുമല്ല. ഞാൻ തന്നെയാണ്. പക്ഷെ, ഒരിയ്ക്കലെങ്കിലും പ്രണയിച്ചു നോക്കണമെന്ന് അദമ്യമായ ആഗ്രഹം തോന്നി. പ്രണയമെന്തെന്ന് അനുഭവിച്ചറിയാൻ. 'അനുഭവിച്ചറിയണമല്ലേ ' എന്നു പറഞ്ഞ് അച്ഛൻ ചിരിച്ചു. അത്രമാത്രം."

"ഓർമ വെച്ച നാൾ മുതൽ അമ്മയെടുത്തണിഞ്ഞ പടച്ചട്ടയെല്ലാം ഒരൊറ്റ രാത്രി കൊണ്ട് തുള വീണ് കീറി നശിച്ചുപോയി. നിസ്സഹായത എന്തെന്ന്, പ്രണയത്തിന്റെ വേദനയെന്തെന്ന് ഞാൻ ആദ്യമായറിഞ്ഞു. പ്രീഡിഗ്രി പാതിവഴിയിൽ ഇട്ടെറിഞ്ഞ് നഴ്സിംങിനു ചേർന്നപ്പോൾ അച്ഛനില്ലാതെ വഴിയാധാരമായ അനിയത്തിമാരെയും അമ്മയെയും പോറ്റാനൊരു ശമ്പളം മാത്രമായിരുന്നു ലക്ഷ്യം. ഭാഷയെ സ്റ്റേഹിച്ച, കവിതകളെഴുതുന്ന സാവിത്രി ഉറക്കമായി. നീണ്ട ഒരുറക്കം. ഒരൊറ്റ രാത്രിയിൽ വർഷങ്ങൾ നീണ്ട ഉറക്കത്തിൽ നിന്നുമുണർന്ന് കവിതയെഴുതിത്തുടങ്ങീ ഞാൻ. മൂത്തു നരച്ച ഈ ഞാൻ. മൂത്തു നരച്ച അയാൾ. അയാളിൽ എന്നെ ആകർഷിയ്ക്കാൻ പറ്റിയ തൊന്നും പ്രത്യക്ഷത്തിലില്ല. പക്ഷെ, എന്തോ ഒന്നുണ്ട്താനും.''

''പതിയെപ്പതിയെ ഞാനതിൽ പൂർണ്ണമായി ആണ്ടുപോയി മോനേ. ചതുപ്പിനക്കരെയുള്ള പ്രതീക്ഷാനിലങ്ങളിലേക്ക് എന്നെ നടത്തുന്ന ഒരു വരമ്പ്. ഞങ്ങൾ തമ്മിൽ ചാറ്റ് ചെയ്യുന്നതെല്ലാം അച്ഛൻ ഉച്ചക്ക് ഉണ്ണാൻ വരുന്ന നേരം പറയുമായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ എന്റെ ആവേശം കണ്ട് ശേഖരേട്ടന്റെ മുഖം പെട്ടെന്ന് വാടിപ്പോയി. ഒരു നിമിഷാർദ്ധം. അതെന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. അതു താങ്ങാൻ എനിക്കായില്ല. പതിയെ ഞാൻ സ്വബോധം വീണ്ടെടുത്തു തുടങ്ങി. പ്രണയത്തിന്റെ കയത്തിൽ നിന്ന് കരകയറുക എളുപ്പമാണോ? കയറി വരുമ്പോൾ വഴുക്കലുള്ള പാറയിൽ ചവിട്ടി വീണ്ടും അതിലേയ്ക്കു തന്നെ തെന്നി വീഴും. വീണ്ടും കയറും കരയിലെത്തും. തിരിഞ്ഞൊന്നു നോക്കിയാൽ മതി. മന്ത്രജലം നിറഞ്ഞ കയം എന്നെ ആവാഹിയ്ക്കും."

"അങ്ങനെയിരിയ്ക്കെ ഓപ്പോൾ വിളിച്ചു ചോദിച്ചു. 'അതാരാണ്, പണ്ടു കൂടെപ്പഠിച്ചതാണോ' എന്ന്. സത്യം പറഞ്ഞപ്പോൾ അവളൊട്ടു വിശ്വസിയ്ക്കാൻ തയ്യാറുമല്ല. 'അമ്മയ്ക്കതിനു കഴിയില്ല. വെറുതെ തോന്നുകയാണെ'ന്ന്. തുറന്നു പറച്ചിലുകൾ ഇതിന്റെ നിഗൂഢതകളെല്ലാമകറ്റിയപ്പോൾ തൂവലുകളുണക്കി പറന്നകലാനാകുമെന്ന ആത്മവിശ്വാസം അമ്മയ്ക്കുണ്ടായി. "

"ഐ അഡോർ യൂ അമ്മാ." വിനു സാവിത്രിയുടെ കയ്യിൽ തലോടിക്കൊണ്ടു പറഞ്ഞു.

"അതല്ല മോനേ. അതത്ര എളുപ്പമല്ല. ശാരീരികമായ ഒന്നും തന്നെ അമ്മയെ പ്രലോഭിപ്പിച്ചിട്ടില്ലിതു വരെ. എന്നാൽ സ്ത്രീ പുരുഷശരീരങ്ങളെ ഭേദിച്ച് അലൗകികമായ ഒരു തലത്തിലേയ്ക്ക് പ്രണയത്തെ എത്തിയ്ക്കാൻ.. അമ്മയിനിയുമൊരു സാധാരണ സ്ത്രീ മാത്രമാണ്. ഇതൊന്നും വേണ്ടായിരുന്നു."

"കമോൺ സാവിത്രിക്കുട്ടി. ഒക്കെ കഴിഞ്ഞല്ലോ. ഇനി എനിയ്ക്കു വേണ്ടി കവിതകളെഴുതൂ." മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന മട്ടിൽ അവളുടെ കൈകൾ അവന്റെ കൈയ്ക്കുള്ളിൽ മുറുക്കി അവൻ അപേക്ഷിച്ചു.

എന്തു പറയണമെന്നറിയാതെ ഇത്തിരി നേരം ചിന്തിച്ചിരുന്നിട്ട് അവൾ തുടർന്നു.
"ആദ്യമായ് തുറക്കപ്പെട്ട ലോകജാലകം. അപരിചിതരായ മനുഷ്യർ. അതു തന്ന ആത്മധൈര്യം. കളിപ്പാട്ടം പോലെ കയ്യിൽ കിട്ടിയ ഫോണിനു ജീവനില്ലായിരുന്നെങ്കിലും അതിൽ വലിച്ചടുപ്പിച്ച പ്രാണന് ജീവനും തുടിപ്പുമുണ്ടെന്നും തിരിച്ചറിവുണ്ടാകാൻ വൈകിപ്പോയി. "

"ഇല്ല. ഒന്നുമില്ല. അമ്മയെ ഞങ്ങൾക്കു വേണം."

"പക്ഷെ, അയാളും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ലേ ഞാൻ പറയാതെ പറഞ്ഞതെല്ലാം. നല്ലവനാണ്. വെറുതെ വേദനിപ്പിച്ചതല്ലേ ഞാൻ."

"അത് സാരമില്ലമ്മാ. അയാൾക്കും കാണില്ലേ ഒരു കുടുംബം?"

"ശരിയാണ്. എല്ലാവർക്കും അതാണ് നല്ലത്. എനിയ്ക്കു കറച്ചുകൂടെ സമയം വേണം വിനൂ. തെറ്റിന്റെ വായ്ത്തലയിലൂടെ ഒരിയ്ക്കൽ നടന്നാൽ പിന്നെ പശ്ചാത്താപത്തിന്റെ നാരങ്ങാനീരിൽ മുക്കി, പ്രായശ്ചിത്തത്തിന്റെ ഉപ്പിൽ ശയനപ്രദക്ഷിണം നടത്തി ശരികളുടെ കാറ്റത്ത് ഉണക്കാൻ വെയ്ക്കണം ഹൃദയം."

"ജീവിതത്തിലെ വഴികളെയെല്ലാം തെറ്റ്, ശരി എന്നു രണ്ടു വിഭാഗങ്ങളാക്കി തിരിയ്ക്കാൻ നമ്മളോടാരും പറഞ്ഞിട്ടില്ലല്ലോ. അമ്മ തെറ്റൊന്നും ചെയ്തിട്ടില്ല."

" നിങ്ങളോട് ഞാൻ തെറ്റ് ചെയ്തില്ലായിരിയ്ക്കാം. പക്ഷെ.. ''

അത്ഭുതവിളക്കിലുറങ്ങുന്ന ഭൂതത്തെപ്പോലെ തന്റെ പ്രണയം. അതിനെ വിളക്കടക്കം എങ്ങനെ ശൂന്യമാക്കുമെന്ന് അവൾ ദു:ഖിച്ചു. പലപ്പോഴും ആ വിളക്കൊന്ന് തടവുക പോലും വേണ്ട പ്രണയ ഭൂതം പുറത്തുചാടാൻ. പറന്നു വന്നിരുന്ന പക്ഷിയുടെ മൃദുവായ ഒരു തൂവൽസ്പർശം, പൊടിപിടിച്ച വിളക്കിൽ വീണു ചിതറുന്ന ഒരേയൊരു മഴത്തുള്ളി, ഒരു പാട്ടിന്റെ മിടിപ്പ്, ഒരു മുകിലിന്റെ നിഴൽ തഴുകിപ്പോയാൽ പോലും ഉണർന്നു വരുന്ന ഭൂതം. ആവേശത്തിന്റെ ഉയരങ്ങളിൽ അവളെ തോളത്തിരുത്തി പറക്കുന്ന ഭൂതം. യന്ത്ര ഊഞ്ഞാലിന്റ ചാപത്തിലൂടെ ക്ഷണനേരം കൊണ്ട് ഊർന്നിറങ്ങുമ്പോൾ അടിവയറ്റിൽ നിന്ന് കാതോരംവരെ ഉയരുന്ന കമ്പനത്തെ ദിനത്തിന്റെ ഏതൊരു നിമിഷാർദ്ധത്തിലും എവിടെ വെച്ചാണെങ്കിലും അനുഭവിപ്പിക്കാൻ കഴിവുള്ള മായാജാലക്കാരൻ - അത്ഭുതവിളക്കിലുറങ്ങുന്ന തന്റെ പ്രണയം. അതിനെ സ്പർശിക്കാതെ, ഒരു നിശ്വാസം പോലുമേൽപ്പിക്കാതെ ഈ മിടിയ്ക്കുന്ന ഹൃദയത്തിന്റെ ഏതു കോണിലൊളിപ്പിയ്ക്കും താൻ! തലച്ചോറിന്റെ, ചിന്തകൾ ചലിയ്ക്കാത്ത ഏതു മൂലയിൽ എറിഞ്ഞുടയ്ക്കും! അവൾ നെടുവീർപ്പിട്ടു.

"ഒരു പക്ഷേയുമില്ല. ഇനി ഞാൻ പ്രേമിയ്ക്കാം അമ്മയെ. എന്തൊരു ശക്തിയുള്ള കവിതകൾ. എന്റെ  കൂട്ടുകാരെയൊക്കെ കാണിയ്ക്കണം." മകന്റെ ശബ്ദം അവളെ ഉണർത്തി. അവന്റെ ഫ്രണ്ട് റിക്വെസ്റ്റ് സാവിത്രിയുടെ മൊബൈലിലൊരു ചുവന്ന ബിന്ദുവായി തെളിഞ്ഞു. ആ ചോരത്തുള്ളിയിലവളുടെ വിരലൊന്നു മുട്ടിയപ്പോൾ അതു മാഞ്ഞ് അദൃശ്യമായ പുതിയൊരു വരമ്പുയർന്നു വന്നു. പച്ചകിളിർക്കുന്ന കുഴഞ്ഞ മണ്ണിന്റെ ആയിരപ്പറ പാടത്തേയ്ക്കൊരു പുതു വരമ്പ്. ആ വരമ്പത്തു ചവിട്ടി നടക്കുമ്പോൾ പൂക്കൈതകൾ കയത്തെ മറച്ചുകൊണ്ട് പിന്നിൽ വളർന്നിരിയ്ക്കും. ആയിരപ്പറ പാടത്ത് നിലാവു പെയ്തിറങ്ങുന്ന രാത്രികളിൽ കൈതപ്പൂവിന്റെ സുഗന്ധം അവളുടെ പിന്നിട്ട വഴികളെ പ്രിയമുള്ളതാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ