എൺപത്തിമൂന്ന് വയസ്സായി എന്റെ രാജകുമാരിക്ക്! എന്റെ സരസ്വതിയമ്മയ്ക്ക്. സങ്കടങ്ങളുമായി പോരാടുമ്പോൾ ഊർജസ്വലയായി കുതിക്കുന്ന ശക്തിസ്വരൂപിണിയായ ഒരു സിംഹിണി. 'ഞാൻ സന്തോഷമായിരിക്കും' എന്ന നിർബന്ധബുദ്ധിക്കാരി.
കൈവിരലുകളെല്ലാം മക്കൾക്കും പതിദേവനും പിടിക്കാൻ കൊടുത്തെന്നു വയ്ക്കുക. പിന്നെ സ്വന്തമായി വിരലുകളൊന്നും മിച്ചം കാണില്ല അമ്മയ്ക്ക്. ഒമ്പതു മക്കൾ. ഒരേ അച്ചിൽ വർത്തിട്ടപോലെ. അവസാനത്തെ ആളെ മുതിർന്നവർ കളിയാക്കിപ്പറയുന്നത് കഴുകിപ്പാർന്നുണ്ടാക്കിയവനെന്നാണ്. ഒരു പാത്രം ദോശമാവ് പാർന്ന് ചുട്ടെടുത്തിട്ടുള്ളവർക്കറിയാം - അവസാനത്തെ ദോശ ചുടുന്നത് ലേശം വെള്ളമൊഴിച്ച് കഴുകിപ്പാർന്നിട്ടാണ്. മിച്ചം വന്നാൽ അത് നായക്കോ, പശുവിനോ ഉള്ള താണ്. ഇവിടെ ഒമ്പതാമൻ ഉശിരൊട്ടും കുറയാത്തവനെങ്കിലും കുറുമ്പോ, കുശുമ്പോ കാട്ടിയാൽ ഏട്ടൻമാർ ചിരിയോടെ വിളിക്കുന്നതാണ് ' കഴുകിപ്പാർന്നുണ്ടാക്കിയതേ' എന്ന്.
ചുട്ടുപൊള്ളുന്ന തുളുനാടൻ ഉച്ചകളിൽ ഏഴാൺമക്കളും വന്ദ്യവയോധികനായ അവരുടെ പിതാവും കുപ്പായമിടാതെ വിയർത്തു പണിയെടുക്കുന്നതു കാണുമ്പോൾ തോന്നും ജെനിറ്റിക്സിലെ 'ഹെറിഡിറ്റി ആൻഡ് വേരിയേഷൻസ്' എന്ന പാഠം പഠിപ്പിച്ചു തുടങ്ങേണ്ടത് ഇവരുടെ ഒരു ഫോട്ടോയോടെ വേണം എന്ന്.
അമ്മയെന്ന കാൻവാസിൽ കോറിയിട്ടൊരു ചിത്രമാണ് കുടുംബം. വിശേഷങ്ങൾക്കൊത്തുകൂടുമ്പോൾ മക്കളോരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങളോരോന്നും അറിഞ്ഞു മിണ്ടുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആ ലോകമാതാവിന് എന്റെ നമസ്കാരം.
രാവിലെയെണീറ്റാൽ ഒരാൾക്കു കാപ്പി, ഒരാൾക്കു ചായ, ഒരാൾക്കു പാലും വെള്ളം, ഇനിയൊരാൾക്കു മല്ലിക്കാപ്പി ( കൊത്തമ്പാലക്കാപ്പിയെന്നും കന്നടയിൽ കഷായമെന്നും പേരുണ്ട്.) ഒരാൾക്കു പെരും ചൂടു വേണം. ഒരാൾക്ക് ആറിയത്. ഇനിയൊരാൾക്ക് ഇരുന്ന് സാവധാനം പകർന്ന് കുടിക്കാനൊരു കുഞ്ഞി ഗ്ലാസ് ചായയ്ക്കൊപ്പം കൊടുക്കണം.
ഈ വ്യത്യാസങ്ങൾ ചായ കുടിയിൽ അവസാനിക്കുന്നതല്ല -മറിച്ച് തുടങ്ങുന്നതാണ്. വീട്ടിലെ പഞ്ഞവും പട്ടിണിയും കാരണം കൂലീം വേലേ മന്വേഷിച്ച് പല പല നാടുകളിൽ ജീവിച്ചതിനാൽ ഓരോരുത്തരുടേയും ശീലങ്ങൾ ഓരോന്നായിപ്പോയി. എന്നാൽ നാനാത്വത്തിൽ ഏകത്വം കാണാൻ ഇവിടെ വന്നാൽ മതി. പിടിവാശികളിൽ, കെറുവുകളിൽ, പോക്കണം കേടുകളിൽ, ചില നന്മകളിലും ഇവരെല്ലാം ഒന്നാണെന്നു തെളിയിയ്ക്കുന്നൊരു ബോട്ടംലൈനുണ്ട്. ഈ വര കുടുംബമാകുന്ന ചിത്രത്തിന്റെ ഔട്ട് ലൈനാണു കെട്ടോ. ഈ ചിത്രം വരച്ചിരിക്കുന്ന കാൻവാസിനെപ്പറ്റിയാണു ഞാൻ പറഞ്ഞു തുടങ്ങിയത്. അതിൽ സ്വന്തം മനോധർമ്മം പോലെ ഓയിൽ പെയ്ന്റോ, വാട്ടർ കളറോ, ക്രയോൺസോ, ചാർക്കോളോ ഒക്കെ എടുത്ത് ഓരോരുത്തരും നിരന്തരം വരഞ്ഞുകൊണ്ടിരിയ്ക്കുന്ന ഒരു വമ്പൻ ചിത്രം - കുടുംബം.
ഓരോ മരുമക്കളും പേരക്കുട്ടികളും വരുമ്പോൾ അവർക്കായി സ്ഥലം ബാക്കി കിടക്കുന്നൊരു കാൻവാസ്. വരച്ചു കൊണ്ടേയിരുന്നിട്ടും മുഴുവനാകാത്ത - എന്നാൽ നിരന്തരം ഓരോ ക്ഷണത്തിലും മുഴുവനാകുന്ന ഒരു ചിത്രത്തെപ്പറ്റി സങ്കല്പിച്ചു നോക്കൂ.
മക്കളോ, മരുമക്കളോ, പേരക്കുട്ടികളോ- ഓരോരുത്തർക്കും കാണും ചില ദുർവാശികളും കടുപിടുത്തങ്ങളും. എല്ലായിടത്തും താഴ്ന്നു കൊടുക്കാനും താങ്ങു കൊടുക്കാനും ഒരേ നിലം; ഒരേ മണ്ണ്. 'താണനിലത്തേ നീരോടൂ ' എന്നാണല്ലോ.നീ രന്വേഷിച്ച് ഒരുപാടു വേരുകൾ തലങ്ങും വിലങ്ങും പടർന്ന മണ്ണ് ഇന്നും പശിമയോടെ കുഴഞ്ഞ് കുഴഞ്ഞ് കിടക്കുന്നു. 'നനഞ്ഞിടം കുഴിച്ചാ'ൽ കുഴിഞ്ഞ് കുഴിഞ്ഞ് ജീവജലം ഉറവതരുന്നൊരു മണ്ണ്. കുടുംബത്തിലെ ഓരോ പിടിവാശികളും മത്സരങ്ങളും ഏറ്റവുമധികം ബുദ്ധിമുട്ടിയ്ക്കുക അമ്മയെയാണ്. എല്ലാവരെയും ഒരു പോലെ ആവശ്യമുള്ളയാൾ അമ്മയല്ലേ. എല്ലാവർക്കും വഴങ്ങിക്കൊടുത്തും ഓരോരുത്തരുടെയും ശരികളെ സ്വന്തം ശരികളാക്കി മെരുക്കിയെടുത്തും നിർത്തുന്ന ആ മായാജാലക്കാരിയുടെ പേരാണ് അമ്മ.
കാൻവാസിന്റെ പ്രതലം തനിയ്ക്കു സ്വന്തമെന്ന് വരയ്ക്കുന്ന ഓരോരുത്തരും കരുതുന്നതും അതിൽ നിന്ന് വേറിട്ട് തനിയ്ക്കു സ്വന്തമായൊരു വ്യക്തിത്വവും നിലനില്പും ഉണ്ട് എന്ന് കാൻവാസ് ചിന്തിയ്ക്കാത്തതും ആയിടത്താണ് കുടുംബമെന്ന ചിത്രം ഒരു സന്തോഷമായി മാറുന്നത്.
വാശികൾ തോല്ക്കുകയും തോൽവികൾ ജയിയ്ക്കുകയും ചെയ്യുന്നത് സ്നേഹമുള്ളിടത്താണ്.
ആ ബൃഹത് കാൻവാസിന്റെ ഹൃദയഭാഗത്ത് എനിയ്ക്കുമിത്തിരി സ്ഥലമുണ്ട്. പുതുമണ്ണു മണക്കുന്ന, വെയിലും തണലുമുള്ള, നിറങ്ങൾ നിറഞ്ഞ ഒരിടം. ഇത്തിരി നേരം ആ മടിയിലൊന്നു കിടന്നാൽ അമ്മമ്മയുടെ മടിയിൽ ചുരുണ്ടുകൂടി നക്ഷത്രങ്ങളെ സ്വപ്നം കണ്ട് ഉറക്കം നടിച്ചിരുന്ന ബാല്യം എന്നിലേക്കോടിയെത്തും.
ഒരു ദിവസം പണിയെല്ലാം കഴിഞ്ഞു വന്നിരുന്നപ്പോൾ മടിയിൽ കിടക്കാൻ ഞാൻ വട്ടം കൂട്ടി. 'നിനക്കൊരൂട്ടം കാണിച്ചു തന്നാൽ ബഹളം വയ്ക്കരുതെ'ന്നു പറഞ്ഞു പതിയെ സാരി നീക്കി കാണിച്ചു തരികയാ പശുകുത്തി പൊളിഞ്ഞതുട. ബഹളം വയ്ക്കാതിരിയ്ക്കാൻ എനിയ്ക്കാവുമോ. അപ്പോൾ തന്നെ ജീപ്പിൽ കയറ്റി ഡോക്ടറുടെ അടുത്തു കൊണ്ടുപോയി ഏട്ടൻ.
ചിരിച്ചു കൊണ്ടു വേദന തിന്നുന്നവർ എനിയ്ക്കെന്നും അത്ഭുതമാണ്. എന്നെക്കൊണ്ടു പറ്റുമോ! സാമാന്യം മാർക്കു കിട്ടാവുന്ന ഒരമ്മയും ഭാര്യയുമൊക്കെയാണു ഞാനെങ്കിലും ക്ഷമയുടേയും പുഞ്ചിരിയുടേയും ഇതുപോലൊരു തീരമാണു ഞാനെന്ന് എനിയ്ക്കൊട്ടും തോന്നിയിട്ടില്ല. അതിനി വിട്ടുവീഴ്ചകളെയും കാത്തിരിപ്പുകളെയും പ്രതിനിത്യം മുട്ടിയുരുമ്മി കടന്നു പോകുന്ന കുഞ്ഞുകുഞ്ഞു വിഷാദത്തരികളെയും മഹാ ത്യാഗങ്ങളായി ഞാൻ തന്നെ കണക്കാക്കാത്തതായിരിക്കുമോ!
അല്ലല്ല. തറവാടിന്റെ കാവി തേച്ച അകത്തള മാണ് കഴിഞ്ഞ തലമുറയിലെ അമ്മമാർ. എല്ലാവരും ചുവടുറപ്പിക്കാൻ പഠിച്ച, ജീവിതവേനലിൽ തണുപ്പു തരുന്ന, ദു:ഖമഴയിൽ ഈർപ്പം പൊടിയ്ക്കുന്ന, അടിച്ചു തുടച്ചാൽ മിഴിവോടെ കിടക്കുന്ന തറവാട്ടു വീടിന്റെ കവിതേച്ച നിലം. എല്ലാ തൂണുകളും ഉത്തരത്തിലേയ്ക്കുയരുന്നത് ഇവിടെ നിന്നാണ്. എല്ലാ ചുമരുകളും അതിരു തിരിക്കുന്നത് ഇതിനകത്തും ഇതിനു ചുറ്റുമാണ്. ചിരിയും കരച്ചിലും പ്രതിധ്വനിയ്ക്കുന്നത് ഇവിടെത്തട്ടിയാണ്. ഒന്നും സ്വന്തമെന്ന് അവകാശപ്പെടാനില്ലാത്ത, എന്നാൽ എല്ലാം സ്വന്തമെന്നു കരുതി വെച്ചിരിയ്ക്കുന്ന പഴയ തലമുറയിലെ അമ്മമാർ. വ്യക്തിബോധമുള്ള, അവകാശയുദ്ധങ്ങൾ ജയിയ്ക്കാൻ കെല്പുള്ള എന്നെപ്പോലുള്ള അണുകുടുംബത്തിലെ അമ്മമാർക്ക് തങ്ങളെ ഇവരുമായി താരതമ്യം ചെയ്യാനുള്ള ചങ്കൂറ്റമേ കാണില്ല.
അവരുടെ മടിയിൽ കിടന്ന് നക്ഷത്ര ലോകം കാണാനും കഥകൾ കേൾക്കാനുമുള്ള പക്വതയേ നമുക്കിനിയും വന്നിട്ടുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ