2018 മേയ് 12, ശനിയാഴ്‌ച

ഡിപ്രഷൻ

അഞ്ചുമിനിട്ട് പോലും വേണ്ട ഒരു സാധാരണ സമയത്തിൽ നിന്ന് ഡിപ്രഷൻ എന്ന കുഴിയിലേക്ക് വീണു പോകാൻ. പതനം വളരെ വേഗതയിൽ ഉള്ളതാണ്. കരകയറാൻ സമയമെടുക്കുകയും ചെയ്യും.

ഗംഗോത്രിയിലേക്ക് പണ്ടു പുസ്തകത്താളിനൊപ്പം മനസ്സുകൊണ്ട് അയനം ചെയ്ത ആ കല്ലു നടപ്പാതയിലൂടെ യാണ് ഇന്നും എന്റെ യാത്ര. ഒരു വശത്ത് ഹിമാലയം പോലെ അറ്റമില്ലാതെ ആകാശത്തേയ്ക്ക് വളർന്ന പ്രതീക്ഷകൾ. മറുവശം അഗാധമായ ആഴങ്ങളിൽ ആർത്തലച്ചൊഴുകുന്ന തണുത്ത നദി.

ഡിപ്രഷനിലേക്കുള്ള പതനത്തിന്റെ കാഴ്ചയിൽ ഭയമില്ല. മരണത്തോടുള്ള അഭിവാഞ്ഛ മാത്രം. ആഴങ്ങളിലെ ശാന്തത കാണിച്ചുവശീകരിച്ച്, സാന്ത്വന ത്തോടെ മാടിവിളിക്കുന്ന മരണം.

നടന്നു പോകുന്ന വഴിയും കുത്തനെയുള്ള മലയും വിട്ട് പൊഴിഞ്ഞു വീഴുന്ന ഒരു തൂവൽ പോലെ ഗുരുത്വാകർഷണത്തിന് തീർത്തും വിധേയയായി ആരോടും ഒന്നും പറഞ്ഞേല്പിയ്ക്കാതെ, ഒരു പ്രതീക്ഷയും കൊളുത്തി വലിയ്ക്കാത്തൊരു യാത്ര പോകണം.

എന്ന്, എപ്പോൾ വേണമെങ്കിലും ഡിപ്രഷൻ കൊണ്ടെത്തിപ്പെടാവുന്ന അന്തർമുഖിയായ ആ ഭൂമികയിൽ ഏറ്റവും പ്രിയപ്പെട്ട വാഗ്ദാനം മരണമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ