ഹളെബിഡുവിൽ നിന്ന് ഹാസനിലേക്ക് ബസ് കയറുമ്പോൾ മധ്യാഹ്നം പിന്നിട്ടിരുന്നു. ദൊരെസമുദ്രത്തിന്റെ ഓളങ്ങളിൽ തട്ടി ചിതറി ശ്രാവണ സൂര്യന്റെ പൊൻതൂവലുകൾ. രണ്ടായിരത്തി പന്ത്രണ്ടിന്റെ മഴയില്ലാ മഴക്കാലത്തും നിറഞ്ഞുനിന്ന ദൊരെസമുദ്രമെന്ന ജലാശയം നൂറ്റാണ്ടുകളായി കരുണ ചുരത്തിയ കൃഷിത്തടങ്ങളുടെ മാറിലൂടെ ബസ് ഹൊയ്സാലേശ്വര ക്ഷേത്രത്തിൽ നിന്ന് അകന്നുകൊണ്ടേയിരുന്നു. മനുഷ്യപ്രയത്നത്തിന്റെയും സിദ്ധിയുടെയും കല്ലിൽ കടഞ്ഞെടുത്ത ആ പ്രതീകം മാഞ്ഞും മറന്നും പോകാതിരിക്കാൻ ഇമചിമ്മി ഇരിക്കാനാണ് തോന്നിയത്. എന്നാൽ കണ്ണുകൾ മനസ്സിനെ അനുസരിക്കാതെ പച്ചപ്പിന്റെ മാസ്മരികതയിൽ ലയിച്ച് തുറന്നു തന്നെയിരുന്നു. ചന്ദന നിറത്തിൽ പൂത്തു പ്രസാദിച്ചു നിൽക്കുന്ന ഉരുളക്കിഴങ്ങു പാടങ്ങൾ. റോഡരുകിലെ അരിപ്പൂക്കാടുകളും പൂത്തുലഞ്ഞു നിൽക്കുന്നു. കടും പച്ച നിറത്തിൽ ഇഞ്ചിക്കൃഷി. ആൺ പൂക്കുലകൾ മാനത്തിനതിരിടുവോളം നീണ്ട ചോള വയലുകൾ. പിന്നെ, തീക്കുണ്ഡം പോലെ കത്തി നിൽക്കുന്ന ചെണ്ടുമല്ലിത്തോപ്പുകൾ. കനൽ വാരി ചാക്കിൽ നിറയ്ക്കുന്നു പൂപറിക്കുന്ന സ്ത്രീകൾ! റോഡരികിൽ പൂക്കൂനകൾ. ആഹാ! ഓണം ഈ മാസം. മനസ്സ് മലയാളസ്മൃതികളിലേക്ക് പാഞ്ഞു. ഓണപ്പരീക്ഷ കഴിഞ്ഞ് മത്സരങ്ങൾക്കായി ചിരിച്ചും കളി പറഞ്ഞും തീർക്കുന്ന പൂക്കളങ്ങൾ. പത്ത് ദിവസത്തെ അവധിക്ക് പിരിയുമ്പോൾ ചിരിയുടേയും കളിയുടേയും തിരമാലകൾ കാറ്റിലുപേക്ഷിച്ച് അകന്നകന്നുപോകുന്ന കാലടികൾ നോക്കി അനക്കമറ്റു മരിക്കാൻ കിടക്കുന്ന പൂക്കൾ മനസ്സിലെന്നും വേദന നിറച്ചിരുന്നു.
മരതകപ്പട്ടിലെ പവഴത്തരികൾ നോക്കിയിരിക്കേ ഒരു സ്റ്റോപ്പിൽ ബസ്സ് നിന്നു. ആദ്യം കേട്ടത് ആർക്കും മനസ്സിലാകാത്ത ഒരു ഭാഷയാണ്. പതിഞ്ഞ ശബ്ദത്തിൽ. പിന്നീട് ആളെക്കണ്ടു. കുറിയ മെല്ലിച്ച ഒരു രൂപം. സ്ത്രീയാണെന്ന് തോന്നി. പറ്റെ വെട്ടിയ മുടി. വലിയൊരു ഷർട്ടും ലുങ്കിയും ആണ് വേഷം. താഴെ പാന്റ്സും കാണാം. പരിതാപകരമായ ഭാവത്തിൽ അവർ എന്തോ അപേക്ഷിച്ചുകൊണ്ടിരുന്നു. കണ്ടക്ടറും യാത്രക്കാരും ഒന്നും മനസ്സിലാകാതെ അവരെ തുറിച്ചു നോക്കി. എവിടേയ്ക്കാണെന്ന് കന്നഡയിൽ ചോദിക്കുന്നുണ്ട് കണ്ടക്ടർ. അവർ വീണ്ടും എന്തോ അപേക്ഷിക്കുന്നു. ബസിൽനിന്നിറങ്ങാൻ കണ്ടക്ടർ ഭീഷണി സ്വരത്തിൽ അവരോട് ആവശ്യപ്പെട്ടു. എതിർപ്പൊന്നും കൂടാതെ അവരിറങ്ങി. 'ഗോഡ്സ് മസ്റ്റ് ബീ ക്രേസി ' എന്ന സിനിമയിലെ നായകനെയാണോർമ്മ വന്നത്. നീതി നിഷേധിക്കപ്പെട്ട ആ ജീവി നിസ്സഹായയായി നിൽക്കുന്ന കാഴ്ച ബസിലെ സമൂഹത്തിൽനിന്ന് അകന്നകന്ന് പോകുമ്പോൾ എവിടെയോ ഒരു നൊമ്പരം.
കണ്ണടച്ചു. മനുഷ്യവംശത്തിന്റെയും സംസ്കാരങ്ങളുടെയും പോരാട്ടങ്ങളുടെയും ഭരണകൂടങ്ങളുടെയും വളർച്ച തളർച്ചകളിൽ കല്ലായി ജനിച്ച്, കല്ലായി തണുത്ത്, കല്ലായി ഉറച്ച്, കല്ലായി പൊടിഞ്ഞു കല്ലിൽ വിരിഞ്ഞ ആ മൂകസാക്ഷി വിശ്വരൂപം പൂണ്ട് കണ്ണിൽ നിറഞ്ഞു. മനസ്സിൽ പടർന്നു. ശില്പങ്ങൾ !!!
നൂറായിരം ശില്പങ്ങൾ!!!
പല രൂപത്തിൽ, ഭാവത്തിൽ.
പൂവും കായും മരവും വേരും പക്ഷിയും പന്നിയും ആനയും നായും പുലിയും പുല്ലാങ്കുഴലും വാളും വില്ലും എല്ലാമെല്ലാമായി നിറഞ്ഞുനിന്ന ഒരു കാട്.
അല്ല. അതു കാടല്ല. കാടത്തം ഒട്ടുമില്ല. അതൊരു പാട്ടു പോലെ മനോഹരമായിരുന്നു. ഒരു കവിത പോലെ മനസ്സിൽ നിറഞ്ഞിരുന്നു.
മനുഷ്യകരങ്ങളുടെ അഭൗമശക്തിയുടെ പ്രതീകം. ശില്പകലയുടെ പാരമ്യം.
ഏഴു നൂറ്റാണ്ടു്കൾക്കു മുൻപ് ഹൊയ്സാല രാജവംശത്തിന്റെ തണലിൽ നടന്ന ഒരു മഹായജ്ഞം. നൂറ്റെഴുപതു കൊല്ലത്തോളം പണിഞ്ഞിട്ടും പണിതീരാത്ത ഒരു ശിവക്ഷേത്രം. അതാണ് ഹളെബിഡുവിലെ കല്ലിൽ കടഞ്ഞെടുത്ത കവിത. ഒരു ചെറിയ രൂപം കൊത്താൻ പോലും ഒരു ശില്പിക്ക് ആഴ്ചകളോ മാസങ്ങളോ വേണ്ടി വന്നിരിക്കാം എന്നാലോചിക്കുമ്പോഴാണ് അവിടത്തെ കാക്കത്തൊള്ളായിരം ശില്പങ്ങൾ നമ്മെ വലയ്ക്കുന്നത്. അവയുടെ അരഞ്ഞാണങ്ങളിലെയും നൂപുരങ്ങളിലെയും ലക്ഷോപലക്ഷം മണികളുടെ കിലുക്കം ഒരാരവമായി കാതിൽ മുഴങ്ങും.
പണി തീരുംമുൻപേ കൊള്ളയടിക്കപ്പെട്ട ക്ഷേത്രം. പൂർണതയാണ് ആ ശില്പങ്ങളുടെ മുഖമുദ്ര എങ്കിൽ അപൂർണ്ണതാണ് ഹളെബിഡുവിന്റെ മാറാനൊമ്പരം. അംഗഭംഗം വരുത്തിയ ശില്പങ്ങൾ അലമുറയോടെ നമ്മെ നോക്കുന്നു. കൈയറ്റ്, കാലറ്റ്, തലയറ്റ് ആയിരക്കണക്കിന് രൂപങ്ങൾ. മഹനീയമാണ് മനുഷ്യകരങ്ങൾ എന്ന് ചിന്തിച്ച അതേ നിമിഷത്തിൽ നാശത്തിലാനന്ദിക്കുന്ന അവന്റെ വംശാംശമാണെന്ന അപമാനത്താൽ തല കുനിഞ്ഞു പോകുന്നു. സുന്ദരിയായ അമ്മയുടെ കൈയിൽ പിഞ്ചുകുഞ്ഞിന്റെ കാലുകൾ മാത്രം. അറുത്തെടുത്ത കുഞ്ഞുടലിന്ന് ഏതു മണ്ണിൽ കിടന്നു കേഴുന്നുവോ ആവോ!
സുന്ദരന്മാരായ രണ്ട് കൂറ്റൻ കാളക്കുട്ടൻമാരുണ്ട് ക്ഷേത്രത്തിൽ. മലയോളം പോന്ന അതിന്റെ ശരീരം കൊത്തിമിനുക്കിയെടുക്കാൻ എത്ര രാപകലുകൾ വേണ്ടി വന്നിരിക്കും! അതിന്റെ പള്ളയിൽ ആഴത്തിൽ പോറി പേര് കൊത്തിവെച്ച നീചൻ എത്ര നിമിഷമെടുത്തു കാണും അത് ചെയ്യാൻ.
ഒരു നനുത്ത മഴ വന്നെന്നെ ഉണർത്തി. കിഴങ്ങു പാടങ്ങൾക്കിടയ്ക്ക് വിഷംതീണ്ടി നീലിച്ചതുപോലെ ചില കണ്ടങ്ങൾ. കാബേജാണ്. ശരിക്കും വിഷം പൂണ്ട പച്ചക്കറികളിൽ ഒന്നാം നിരക്കാരൻ. ഇന്നുച്ചയ്ക്ക് ഊണു കാബേജ് മയമായിരുന്നു. സാമ്പാറായും മെഴുക്കുപുരട്ടിയായും ചപ്പാത്തിയുടെ കറിയായും എല്ലാം കാബേജിന്റെ പ്രച്ഛന്നവേഷങ്ങൾ. എന്നാലും ഊണു തരക്കേടില്ലായിരുന്നു.
വീണ്ടും ചെണ്ടുമല്ലി തോട്ടങ്ങൾ. കണ്ടുനിൽക്കെ കണ്ണിനു കൊതിയേറ്റുന്ന പൂസമുദ്രം ഓറഞ്ച് നിറത്തിൽ പതഞ്ഞു പരന്നു കിടക്കുന്നു. കാറ്റിൽ സുഗന്ധവുമുണ്ട്. പടിഞ്ഞാറെ മാനത്ത് വെയിൽ, ഓറഞ്ച് നിറത്തിൽ പൂപ്പാടം, മുഖത്ത് വീഴുന്ന നനുത്ത മഴ, സുഗന്ധമുള്ള കാറ്റ് - എല്ലാം നാടും ദൈവത്തിന്റെ നാടുതന്നെ.
നിറഞ്ഞ പച്ചപ്പിൽ എടുത്തു കാണുന്ന നീലക്കണ്ടങ്ങൾ വീണ്ടും വിഷത്തെ ഓർമ്മിപ്പിച്ചു. നീലകണ്ഠൻ കുടിച്ച കാളകൂട വിഷം. കർണാടകയിൽ ഒരു വലിയ വിഭാഗം പേർ ശിവ പക്ഷക്കാരാണ്. ലിംഗായത്തരും വീരശൈവരും ഗംഗമാമാരും ഒക്കെയുണ്ട്. വിശ്വാസങ്ങളിലും ആചാരങ്ങളിലും മറ്റ് ഹിന്ദു വിഭാഗങ്ങളിൽനിന്ന് നെല്ലിട വേറെയാണിന്നും നിൽപ്പ്. ശൈവരും വൈഷ്ണവരും എന്ന് സ്കൂളിൽ പഠിച്ച ശേഷം കേരളീയൻ അത് വീണ്ടുമോർക്കുന്നത് ദശാവതാരം സിനിമ കാണുമ്പോഴല്ലേ. എന്നാലിവിടെ മുഖ്യമന്ത്രിക്കസേര നിയന്ത്രിക്കാൻ കെൽപ്പുള്ള ജാതിത്തിരിവുകൾ ഇന്നും നിലനിൽക്കുന്നു. ദൈവത്തിന്റെ കണ്ഠത്തിൽ ഉള്ളതിനേക്കാൾ വിഷം മനുഷ്യരുടെ ശിരസ്സിലാണ്.
പുലിയെക്കൊന്ന സാലനാണ് ഹൊയ്സാല വംശസ്ഥാപകൻ. ശൈവരായിരുന്ന രാജവംശം തലമുറകൾ കഴിഞ്ഞപ്പോൾ വിഷ്ണുഭക്തരായി. അതുകൊണ്ട് ഗുണമുണ്ടായി. ശിവക്ഷേത്രത്തിനകത്തും പുറത്തും ചുവരുകളിൽ അരങ്ങേറുന്ന ഇതിഹാസങ്ങളിൽ എല്ലാ ദൈവങ്ങളും ഹാജർ. വിഷ്ണുവിന്റെ അവതാരകഥകളെല്ലാം സുന്ദരമായ മൂർത്തരൂപം കൊണ്ടിരിക്കുന്നു. ഒരേ ക്ഷേത്രത്തിൽ രണ്ട് ശിവപ്രതിഷ്ഠകൾ. രണ്ടിനു മുൻപിലും ഓരോ പടുകൂറ്റൻ നന്ദിമാർ. ഗണപതി, കാർത്തികേയൻ, പാർവതി, സരസ്വതി എല്ലാവരുമുണ്ട് ചുവരുകളിൽ. കൈയില്ലാത്ത, ഉടലില്ലാത്ത, തലയില്ലാത്ത കുതിരകൾ, പുലികൾ, ദൈവങ്ങൾ. ക്ഷേത്രപരിസരത്ത് രണ്ടുകൈയുമറ്റ കൂറ്റൻ ബാഹുബലി വാനിലേക്ക് തലയുയർത്തിനിൽക്കുന്നു. ഇന്ത്യൻ ആർക്കിയോളജി വകുപ്പ് വൃത്തിയായി ഒട്ടിച്ചു ചേർത്തു കൊടുത്ത പുനർജന്മം.
ശൂരന്മാരായിരുന്ന സാലന്മാർ രാഷ്ട്ര നിർമ്മിതിക്കുതകുമായിരുന്ന മനുഷ്യപ്രയത്നത്തിന്റെ, സമ്പത്തിന്റെ, നിപുണതയുടെ സിംഹഭാഗവും ശില്പകലയിലേക്ക് സ്വാംശീകരിച്ചു കൊണ്ടിരുന്ന നൂറ്റാണ്ടുകളിൽ പൗരസ്ത്യ, മദ്ധ്യപൗരസ്ത്യ ദേശങ്ങൾ പടയൊരുക്കങ്ങളും യുദ്ധങ്ങളും കീഴടക്കലുകളുമായി മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെ ജനറൽ മാലിക് കാഫർ പണി നടന്നുകൊണ്ടിരുന്ന ദേവാലയം ആക്രമിച്ചു കൊള്ളയടിച്ചു. സ്വർണവും വെള്ളിയും ഒട്ടകച്ചുമടുകളായാണ് ഇവിടെനിന്നും കടത്തിയതത്രെ. അവരുടെ രണ്ടാം ആക്രമണകാലത്ത് രാജാവ് ബല്ലാള മൂന്നാമന് രാജ്യം വിടേണ്ടി വന്നു. ദൊരെസമുദ്രത്തിന്റെ തീരത്ത് കിടന്ന അവശിഷ്ടങ്ങളിൽ ബ്രിട്ടീഷുകാരുടെ പങ്കും നഷ്ടപ്പെട്ടതിനു ശേഷമുള്ള സൗന്ദര്യധാമമാണ് എന്റെ മനസ്സ് കീഴടക്കിയ, നമ്മൾ ഇന്നു കാണുന്ന ഹളെബിഡു.
ഹൊയ്സാലേശ്വര, ശാന്താളേശ്വര എന്ന് രാജാവ് വിഷ്ണുവർദ്ധനും റാണി ശാന്തളാദേവിക്കും സമർപ്പിക്കാനായി പണിത രണ്ടു ഗർഭഗൃഹങ്ങളാണ് ( ശ്രീകോവിൽ) ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിനകത്തെ തൂണുകളിലെ കൊത്തുപണികൾ അപൂർണ്ണമാണ്. കോണുകളിൽനിന്നു മേൽക്കൂരയിലേക്ക് ചാഞ്ഞു നിന്ന നടനരൂപികളായ എഴുപത്തിയാറു ശിലാബാലികമാരിൽ അംഗഭംഗംവന്ന പതിനാലെണ്ണമേ ബ്രിട്ടീഷുകാർ ബാക്കി വെച്ചിട്ടുള്ളൂ. നഷ്ടമായവ ശീതീകരിച്ച ബ്രിട്ടീഷ് മ്യൂസിയങ്ങളുടെ മൂകതയിൽ ഭാരതീയ ശിൽപകലയെപ്പറ്റി വാചാലമാകുന്നുണ്ടായിരിക്കും.
ഹൊയ്സാല വംശ കാലത്തെ മറ്റു ക്ഷേത്ര നിർമ്മിതികളിൽ എന്നതുപോലെ നക്ഷത്രാകൃതിയിലുള്ള ഒരാൾ പൊക്കത്തിലുള്ള അടിത്തറയിലാണ് ക്ഷേത്ര സമുച്ചയം നിലകൊള്ളുന്നത്. അറുപത്തിനാലു കോണുകളുള്ള ഒരു നക്ഷത്രം. നാലു കവാടങ്ങളിലും ആഭരണ ഭൂഷിതരായ ദ്വാരപാലകരാണ് നമ്മെ സ്വീകരിക്കുന്നത്. അവരുടെ അറുക്കപ്പെട്ട കൈകൾക്ക് പകരം കൈകൾ വച്ചുകൊടുക്കാൻ തുളയിട്ടിട്ടുണ്ടെങ്കിലും (സോക്കറ്റ് ) പിന്നീട് 1958-ലെ പുരാവസ്തു ആക്ട് പ്രകാരം പുരാവസ്തുക്കളിൽ മാറ്റംവരുത്തുന്നത് തടയപ്പെട്ടതിനാൽ ദ്വാരപാലകരും മറ്റു മിക്കവരും ചരിത്രത്തിന്റെ രുധിരപാഠങ്ങൾ ഓർമിപ്പിച്ചുകൊണ്ട് അങ്ങനെ തന്നെ നിലകൊള്ളുന്നു.
പുറം ചുവരുകളിൽ പതിനൊന്ന് വ്യത്യസ്ത അടുക്കുകളായാണ് ശില്പ വിന്യാസം. ഏറ്റവും താഴെ ശക്തിയെ പ്രതിനിധാനം ചെയ്ത് ആയിരത്തി ഇരുനൂറിൽപരം ആനകൾ. അവയിലോരോന്നും നില്പിലും ഭാവത്തിലും വലിപ്പത്തിലും; എന്തിന് ആഭരണങ്ങളിൽ പോലും മറ്റുള്ളവയിൽ നിന്നും വ്യത്യസ്തം!
അടുത്ത വരി ധൈര്യത്തെ പ്രതിനിധാനംചെയ്യുന്ന സിംഹങ്ങളുടേത്. മൂന്നും അഞ്ചും വരികളിൽ വള്ളികളും പൂക്കളുമാണ് അമ്പലത്തെ വലയം ചെയ്തിരിക്കുന്നത്. നാലാം വരി വേഗതയെ കുറിക്കുന്ന നൂറായിരം കുതിരകളുടേതാണ്. ആറാം വരിയിൽ രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ പുരാണ കഥകളിലെ ദൃശ്യങ്ങൾ ഘനീഭവിച്ചിരിക്കുന്നു.
അടുത്തത് 'മകരം ' എന്നു വിളിക്കപ്പെടുന്ന വിചിത്ര ജീവികളുടെ വരിയാണ്. സിംഹത്തിന്റെ കാൽ, പന്നിയുടെ ഉടൽ, പശുവിന്റെ ചെവി, കുരങ്ങിന്റെ കണ്ണ്, ആനയുടെ തുമ്പിക്കൈ, മുതലയുടെ വായ്, മയിലിന്റെ വാൽ എന്നിങ്ങനെ ഏഴു ജീവികളുടെ സങ്കലനമാണ് ഈ സാങ്കൽപ്പിക ജീവി. അടുത്ത വരികളിൽ ഹംസങ്ങളും ആടിപ്പാടുന്നവരുമാണ്.
പത്താം വരി ക്ഷേത്ര പാലകരുടേത്. ഏറ്റവും മുകളിലായി 'കക്ഷാസന' എന്ന നിരയിലാണ് സാധാരണക്കാരായ ജനങ്ങളും യുവമിഥുനങ്ങളും. ഇതിനുമീതെ ചുവരിൽ ജലന്ധ്രങ്ങളെന്ന വെൻറിലേഷൻ ഭാഗവും മേൽക്കൂരയും. അകത്ത് അരിച്ചെത്തുന്ന വെളിച്ചവും തണുപ്പുമുണ്ട്. പുറത്തു വെയിലിനു ചൂടേറിയാൽ കാൽ പൊള്ളാതെ നടക്കാൻ കാർപെറ്റ് വിരിച്ചിട്ടുണ്ട്. ചുറ്റുവട്ടത്ത് പലയിടത്തും കല്ലിൽ ചുറ്റുമിരുന്നു മഞ്ചാടിക്കുരു കൊണ്ട് കളിക്കാൻ പാകത്തിൽ ചെറിയ കുഴികൾ കാണാം.
നിരകളായുള്ള കൊത്തുപണികൾക്ക് മേലേ പടിഞ്ഞാറ് നടവാതിൽ കഴിഞ്ഞ് അമ്പലത്തിനു പിറകുവശം മുഴുവനും അതിമനോഹരമായ ശില്പവൃന്ദങ്ങളാണ്. പല വലിപ്പത്തിലുള്ള, പല കഥകൾ പറയുന്ന ഒട്ടനേകം ശില്പങ്ങൾ. അവയോരോന്നിന്റെയും ചാരുതയോടും നിർമ്മാണത്തിലെ സൂക്ഷ്മതയോടും കിടപിടിക്കാൻ ലോകത്തിൽ മറ്റൊന്നിനുമാകില്ലെന്ന് തോന്നിപ്പോയി. കടലിൽ നിന്നൊരു കുമ്പിൾ എന്നപോലെ ചുരുക്കം ചില കാര്യങ്ങൾ ഞാനെഴുതട്ടെ.
കൃഷ്ണാവതാരവും ബാലലീലകളും ഒക്കെ കഴിഞ്ഞ് കൃഷ്ണനും സത്യഭാമയും സ്വർഗ്ഗത്തിൽനിന്ന് പാരിജാതവും മോഷ്ടിച്ചു കൊണ്ട് ഒരു വരവുണ്ട്. ഇന്ദ്രനും ഇന്ദ്രാണിയും ഐരാവതത്തിന്റെ പുറത്തേറി വേവലാതിയോടെ പിന്തുടരുന്നു. ഓരോരുത്തരുടെയും മുഖഭാവം കാണേണ്ടത് തന്നെ. ഐരാവതമാണെങ്കിലോ ആകെ വിളറി പിടിച്ചോടുന്നു. തുമ്പിക്കൈയും വാലും വളച്ച്. ഹൊ!അതിന്റെ ബോഡി ലാംഗ്വേജ് !!ഓട്ടത്തിൽ പിന്നിലിരിക്കുന്ന ഇന്ദ്രാണി ഉയരുന്നു: നമ്മുടെ ആനവണ്ടിയിലെ പിൻസീറ്റ് യാത്രക്കാരെ പോലെ.
ബാലിസുഗ്രീവയുദ്ധത്തിൽ മരങ്ങൾക്കു പിന്നിൽ ഒളിച്ചിരുന്ന് അമ്പെയ്യുന്ന രാമനേയും ചക്രവ്യൂഹത്തിനകത്തു കുടുങ്ങിയ അഭിമന്യുവിനെയും കടന്നുവരുമ്പോൾ ഭീമസേനൻ ആനകളെ കൊന്നൊടുക്കുന്ന ഒരു ദൃശ്യം കാണാം. ആനകളും ആനക്കാരും ജഡമായി കുമിഞ്ഞുകൂടി മേഘങ്ങളെ സ്പർശിക്കുന്ന രംഗം.
അരയ്ക്കു മുകളിൽ വിച്ഛേപിക്കപ്പെട്ട നീളമേറിയ സമുദ്രമഥനരംഗമുണ്ട്. നിരാശ തോന്നും.
അതികായനായ ഗണേശൻ കേവലനായ മൂഷികന്റെ പുറത്ത് നൃത്തംചെയ്യുന്നു. വേദനകൊണ്ട് കണ്ണുതുറിച്ച് കാലു പതറുന്ന എലി. അതിനും താഴെ ഗണേശന്റെ ഭാരം കൊണ്ട് ഭൂമി താഴ്ന്നതായി കാണിച്ചിരിക്കുന്നതു കണ്ടപ്പോൾ... നൂറ്റാണ്ടുകൾക്കപ്പുറം മരിച്ചു മണ്ണടിഞ്ഞു പോയ ശില്പികളെ മനസ്സു കൊണ്ടു നമിച്ചു പോയി.
ടിവി മഹാഭാരതത്തിനും ഏഴുനൂറ്റാണ്ടു മുൻപേ ദൃശ്യവത്കരിച്ച അർജുന - കർണ യുദ്ധരംഗം. ഇരട്ടിച്ചിരട്ടിച്ചു വരുന്ന അമ്പുകൾ!
ഇതിനിടയിൽ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ആയുധങ്ങൾ, ഹെയർ സ്റ്റൈലുകൾ.. എല്ലാം എഴുതാൻ ഞാനശക്തയാണ്. പതിനയ്യായിരത്തിലധികം ശില്പികൾ ചേർന്നു കൊത്തിയെടുത്ത അഭൗമസൗന്ദര്യം. അപൂർണ്ണമായ അതൊന്നു കണ്ടു മുഴുമിപ്പിക്കാൻ പോലും ഞാനശക്തയാണ്. അറിയാത്ത കഥകൾ ഇനിയുമെത്രയോ. തലമുറകൾക്കിപ്പുറം ഞാനതെല്ലാം മറന്നതുപോലെ. എന്നിട്ടും മനസ്സിൽ തെളിയുന്നു ചില ജീവിതങ്ങൾ.
ആറു തലമുറകളോളം പണിഞ്ഞ പതിനയ്യായിരത്തോളം ശില്പികൾ. മറുനാടുകളിൽ നിന്നും പറ്റം പറ്റമായി കൊണ്ടുവരപ്പെട്ടവർ. അവർക്കുവേണ്ടി രാജാവ് ഗ്രാമങ്ങൾ നിറയെ വീടുകൾ പണിതിരിക്കാം. ഭക്ഷണശാലകളും കമ്പോളങ്ങളും ഒരുക്കിയിരിക്കാം. അവരുടെ കൂട്ടത്തിൽ അനേകം പെരുന്തച്ചന്മാരുണ്ടായിരുന്നിരിക്കാം. അതിശ്രേഷ്ഠരും അലസരുമുണ്ടായിരുന്നിരിക്കാം.അടുത്തുള്ള ഗ്രാമങ്ങളിൽനിന്ന് വധുവിനെ കണ്ടെത്തിയവരും ഉണ്ടാകാം. കൽപ്പൊടിയിൽ കളിച്ചുവളർന്ന്, അവിടെതന്നെ പണിഞ്ഞ്, തുടർന്നു പണിയാൻ മക്കളെ മാത്രം ബാക്കിവെച്ച് കടന്നുപോയ തലമുറകൾ.
മൃദുവായ സോപ്പുപാറകളിൽ കൊത്തിയെടുത്ത അതിസങ്കീർണ ശില്പജാലങ്ങൾ ഉറച്ച് ദൃഢമായി കല്പാന്തകാലങ്ങൾക്കു സാക്ഷിയാകാനായി വെയിലിനും മഴക്കും വിട്ടു കൊടുത്ത ജനകഹൃദയങ്ങൾ. ലോഹവും കല്ലും കൂട്ടിമുട്ടുന്ന താളനിബദ്ധമായ ശബ്ദം മുഖരിതമാക്കിയ ദൊരെസമുദ്ര തടാകതീരം. അവിടെ..
അച്ഛന് പൊതിച്ചോറുമായി വന്ന് യുവശില്പിയുടെ നോട്ടം ശിലാസുന്ദരിയിൽ നിന്നൊന്നുവഴുതി തന്റെ മേൽ വീണെങ്കിൽ എന്ന പ്രാർഥനയോടെ നിൽക്കുന്ന ഒരു പാവാടക്കാരി..
ഉച്ചവെയിലിന്റെ ആലസ്യത്തിലും കാന്തനോടിത്തിരി വിശേഷം പറഞ്ഞിരിക്കാൻ വരുന്ന ഒരു ഗർഭിണി..
ഏകാഗ്രമായി പണിയുന്ന വിഗ്രഹം വിട്ടുപോകാൻ രാവേറെയായിട്ടും മടിക്കുന്ന മധ്യവയസ്കനായ മകനെ കാത്തിരിക്കുന്ന ഏകാകിയായ ഒരു വൃദ്ധ..
കൽപൊടിപുരണ്ടു പരുക്കനായ വിരലുകൾകൊണ്ട് കല്ലിന്റെയും മാംസത്തിന്റെയും വ്യത്യാസങ്ങൾ അളന്ന പുരുഷ ഹസ്തങ്ങൾ..
അനുപാതങ്ങൾ അന്വേഷിച്ച കണ്ണുകൾ..
പണിഞ്ഞുതീരും മുൻപേ വരുത്തന്മാർ കൂടം കൊണ്ടടിച്ചു പൊട്ടിച്ച ശില്പങ്ങൾ..
അതുകണ്ട് ചങ്കുപൊട്ടി കരഞ്ഞ കലാകാരന്മാർ.. അവർ എതിർത്തു യുദ്ധം ചെയ്തിരിക്കുമോ!
കല്ലുവീണ് തലയുടഞ്ഞ ശിൽപികൾ..
അതിസാഹസത്തിന്റെ ആക്രാന്തത്തിൽ പരിക്കുപറ്റി ആജീവനാന്തം കിടപ്പിലായ വരുത്തൻമാരുമുണ്ടായിരുന്നിരിക്കാം. കുറ്റബോധത്താൽ നീറി ഗ്രാമീണരുടെ കരുണയിൽ ശിഷ്ടജീവിതം ഇഴഞ്ഞു തീർത്തവരും ഉണ്ടായിരുന്നിരിക്കാം.
ഈ മഹാപാതകത്തിന് സാക്ഷിയായി ആത്മബലം ചിതറി പടുവൃദ്ധരായിപ്പോയ യുവാക്കളുണ്ടായിരുന്നിരിക്കാം.
ഓടിപ്പോയ രാജാവ് എന്നെങ്കിലും തിരിച്ചുവന്ന് തങ്ങളെ രക്ഷിക്കുമെന്ന് വിശ്വസിച്ച് കാത്തിരുന്ന് പട്ടിണിമൂലം മരിച്ചവരുണ്ടാകാം.
മനുഷ്യന്റെയും ശില്പങ്ങളുടെയും കബന്ധങ്ങൾ ഉരുണ്ട മണ്ണിൽ ദിവസേന വന്നിരുന്നു പൊട്ടിച്ചിരിച്ച ഭ്രാന്തനുണ്ടായിരുന്നിരിക്കാം.
ഹളെബിഡു ഒരു ഓർമ്മപ്പെടുത്തലാണ്. സൃഷ്ടിയുടെയും വിനാശത്തിന്റെയും ധ്രുവങ്ങൾ കൂടിച്ചേരുന്നിടം. സൃഷ്ടിക്കൊരു വിനാശമുണ്ടെന്നാണെങ്കിൽ വിനാശത്തിൽ നിന്നൊരു സൃഷ്ടിയുണ്ടാകുമോ? ഉണ്ടെങ്കിൽ അത് തിരിച്ചറിവിന്റേതാകണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ