2018 മേയ് 9, ബുധനാഴ്‌ച

ബിസ്ക്കറ്റ് സാൻഡ്വിച്ച്

'അമ്മാ അയാം ഗോയിംഗ് ടു ട്രൈ എ ന്യൂ റെസിപി'. നാലു മണിയായപ്പോൾ മകൾക്കു തീറ്റക്കാര്യം ഓർമ്മവന്നു. കേട്ടിട്ട് ഒരുപാട് ടെൻഷനായെങ്കിലും ചോദ്യചിഹ്നത്തിന്റെ കൊക്ക് നിവർത്തി ആശ്ചര്യചിഹ്നമാക്കാൻ പണിപ്പെട്ടു കൊണ്ട് ഞാൻ ചോദിച്ചു ,
' ഏതു് റെസിപി!'
' ബിസ്കറ്റ് കൊണ്ടാണ്. എനിക്ക് പൈസ തരൂ, ബിസ്കറ്റ് വാങ്ങാൻ.'
'ഇന്നാള് മുട്ടായി കൊണ്ട് ജ്യൂസ് ഉണ്ടാക്കിയ മാതിരിയാണോ?'
'അല്ലല്ല. ഇത് സാൻഡ്വിച്ചാ. ഉള്ളിയും തക്കാളിയുമിട്ട് ബിസ്കറ്റ് സാൻഡ്‌വിച്ച്.'
കുറച്ചെതിർത്തു നോക്കിയെങ്കിലും വഴങ്ങുന്ന മട്ടില്ല. ഒടുവിൽ ഞാൻ കരുതി ഇതൊക്കെ അരിഞ്ഞെടുക്കുമ്പോഴെയ്ക്കും കുറെ നേരം പോയി കിട്ടുമല്ലോ, കത്തിയുമായി ഒരു പരിചയവുമാകും. ആയിക്കോട്ടെ.
'ഇന്നാ പിടിച്ചോ പത്തുർപ്യ. ശ്രദ്ധിച്ചു പോണം.'
'എന്റെ പോക്കറ്റിൽ വിലപ്പെട്ടതൊന്നുമില്ല' എന്ന് വിളിച്ചു പറയുന്ന ഭാവത്തിൽ പോക്കറ്റിൽ ഇറുകെ പിടിച്ചുകൊണ്ട് കഷ്ടപ്പെട്ട് 'കൂളായി ' റോഡിലൂടെ നീങ്ങുന്ന മകളെ ഞാൻ നെടുവീർപ്പോടെ നോക്കിനിന്നു.മിനിഞ്ഞാന്ന് അടുക്കളയിൽ കയറി പണിഞ്ഞ് ഐസും ജ്യൂസും ഉണ്ടാക്കിയ കുക്കറി ഷോവിലെ നായിക.

ഡെയറി മിൽക്ക് കുത്തിപ്പൊടിച്ച് കുറച്ചു വെള്ളവുമൊഴിച്ച് കുൽഫി കപ്പിലൊഴിച്ച് പ്ലാസ്റ്റിക് സ്പൂൺ കുത്തിവച്ച് ഐസ് കാൻഡി ഉണ്ടാക്കിയിരിക്കുന്നു. പഞ്ചസാരയുടെ കാര്യം അറിവില്ല. പാൽ മണക്കുന്ന പച്ചവെള്ളം. മൂന്നെണ്ണം ഉണ്ടാക്കിയിരുന്നു. കുറേ നിർബന്ധിച്ചെങ്കിലും  ഞാൻ തിന്നാൻ കൂട്ടാക്കിയില്ല. അവസാനം ആത്മാഭിമാനം വ്രണപ്പെട്ട് കരച്ചിലായി. മഴപെയ്യുമ്പോൾ രാവിലെ തന്നെ ഐസൊന്നും തിന്നാനാവില്ല എന്നായി ഞാൻ. കരച്ചിൽ കണ്ട് പരുങ്ങി അച്ഛന്റെ പങ്ക് മൂപ്പര് മേടിച്ചു തിന്നു. എന്റെ പങ്ക് അവിടിരുന്നു. കുറച്ചുകഴിഞ്ഞ് ഐസ് ഉരുകിയപ്പോൾ പഞ്ചസാരയിട്ട് കുലുക്കി കൊണ്ടത്തന്നു. നിവൃത്തിയില്ല. ഒരിത്തിരി വായിലൊഴിച്ചു ഞാൻ അഭിനയിച്ചു. ആഹാ ഇപ്പൊ നന്നായി. കുടിച്ചുനോക്കൂ. കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്നല്ലേ ബാക്കി മുഴുവൻ അവൾ തന്നെ കുടിച്ചു. ഓഫീസിലേക്ക് ഇറങ്ങാൻ നേരം ചെടിച്ചട്ടി ചൂണ്ടിക്കാണിച്ച് കണ്ണിറുക്കിക്കൊണ്ട് കണവൻ പറയുന്നു, മുളകുചെടി നല്ലോണം തണുത്തു കാണുമെന്ന്. ഹമ്പടാ മായക്കാരാ.

ചിന്തിച്ചു തീരും മുൻപേ മോളെത്തി. ധൃതിയിൽ അടുക്കളയിൽ കയറി ഉള്ളിയും തക്കാളിയും അരിഞ്ഞു. തുന്നുകയായിരുന്ന ഞാൻ സൂക്ഷിക്കണമെന്ന് ഓർഡർ കൊടുത്തു. കുറച്ചുകഴിഞ്ഞ് കശപിശ ശബ്ദം കേട്ട് ഞാൻ വേവലാതിയോടെ ചോദിച്ചു,
'എന്താണ്ടാ കരയ്ണത്? കൈ മുറിഞ്ഞോ?'

'ഇല്ലമ്മാ. ഉള്ളീടെ നീറ്റൽ. '

ആൾ ഫ്രിഡ്ജിൽ കയറി വാതിലടച്ചു. എല്ലാറ്റിനും ഒരു ഫ്രിഡ്ജുണ്ട്. 'ഫ്രിഡ്ജല്ലെടീ ഞാനാണ് നിന്റെ പെറ്റതള്ള' എന്ന് സ്നേഹത്തോടെ പറഞ്ഞു പോകും. ഐസെടുത്തു കണ്ണിൽ വച്ചു കൊണ്ട് എന്റെ അടുത്ത് വന്നിരുന്നു രണ്ടു നിമിഷം. വീണ്ടുമൊരഞ്ചു മിനിറ്റ് അടുക്കളയിൽ പണിഞ്ഞപ്പോൾ സാധനം റെഡി.

ചോക്കലേറ്റ് ചിപ്സ് കുക്കീസിൽ പാമ്പും കോണിയും കളിക്ക്ണ ഡൈസിന്റെ വലുപ്പത്തിൽ ഉള്ളിയും തക്കാളിയും അരിഞ്ഞടുക്കിയ സാൻഡ്വിച്ച്. ചോക്ളേറ്റിന്റെ മധുരത്തിൽ ഉള്ളി. അവളൊന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ എന്തെങ്കിലും മായത്തരം എനിക്കും കാണിക്കാമായിരുന്നു. ഇരുന്ന് തീറ്റിച്ചു എന്നെ. ഹെന്തൊരു ടേസ്റ്റ് സെൻസ്!!

അതെങ്ങനെ? നാരങ്ങ നമ്മുടെ സ്വന്തം ആളല്ലേ എന്നുള്ള അഹങ്കാരത്തിൽ പണ്ട് നാരങ്ങാ കുരുവിനു നല്ല സ്വാദാണെന്ന് നമ്മളോട് ബെറ്റ് വച്ച അപ്പന്റെ സന്തതിയല്ലേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ