ദൊരെസമുദ്രത്തിന്റെ തീരത്തോട് വിട പറഞ്ഞ് ആഴ്ചകൾക്ക് ശേഷവും ഹളെബിഡു എന്നെ പിരിഞ്ഞില്ല. അതിന്റെ കാറ്റിൽ നിന്നാവാഹിച്ച ഒരു നൂറു ചിത്രങ്ങൾ എന്റെ മനസ്സിൽ തെളിയുമായിരുന്നു. അതും കൂടി പങ്കുവെച്ചാലേ എനിക്കു പറയാനുള്ളത് മുഴുവനാകൂ. മടുപ്പില്ലാത്തവർ വായിച്ചോളൂ.
ആറു തലമുറകളോളം പണിഞ്ഞ പതിനയ്യായിരത്തോളം ശില്പികൾ. മറുനാടുകളിൽ നിന്നും പറ്റം പറ്റമായി കൊണ്ടുവരപ്പെട്ടവർ. അവർക്കുവേണ്ടി രാജാവ് ഗ്രാമങ്ങൾ നിറയെ വീടുകൾ പണിതിരിക്കാം. ഭക്ഷണശാലകളും കമ്പോളങ്ങളും ഒരുക്കിയിരിക്കാം. അവരുടെ കൂട്ടത്തിൽ അനേകം പെരുന്തച്ചന്മാരുണ്ടായിരുന്നിരിക്കാം. അതിശ്രേഷ്ഠരും അലസരുമുണ്ടായിരുന്നിരിക്കാം.അടുത്തുള്ള ഗ്രാമങ്ങളിൽനിന്ന് വധുവിനെ കണ്ടെത്തിയവരും ഉണ്ടാകാം. കൽപ്പൊടിയിൽ കളിച്ചുവളർന്ന്, അവിടെതന്നെ പണിഞ്ഞ്, തുടർന്നു പണിയാൻ മക്കളെ മാത്രം ബാക്കിവെച്ച് കടന്നുപോയ തലമുറകൾ.
മൃദുവായ സോപ്പുപാറകളിൽ കൊത്തിയെടുത്ത അതിസങ്കീർണ ശില്പജാലങ്ങൾ ഉറച്ച് ദൃഢമായി കല്പാന്തകാലങ്ങൾക്കു സാക്ഷിയാകാനായി വെയിലും മഴയും പാകപ്പെടുത്തിയെടുത്തു. ലോഹവും കല്ലും കൂട്ടിമുട്ടുന്ന താളനിബദ്ധമായ ശബ്ദം മുഖരിതമാക്കിയ ദൊരെസമുദ്ര തടാകതീരം.
അച്ഛന് പൊതിച്ചോറുമായി വന്ന് യുവശില്പിയുടെ നോട്ടം ശിലാസുന്ദരിയിൽ നിന്നൊന്നുവഴുതി തന്റെ മേൽ വീണെങ്കിൽ എന്ന പ്രാർഥനയോടെ ഒരു പാവാടക്കാരി നിന്നിരിക്കാമവിടെ.
ഉച്ചവെയിലിന്റെ ആലസ്യത്തിലും കാന്തനോടിത്തിരി വിശേഷം പറഞ്ഞിരിക്കാൻ വന്ന ഒരു ഗർഭിണിയുണ്ടായിരുന്നിരിക്കാം.
ഏകാഗ്രമായി പണിയുന്ന വിഗ്രഹം വിട്ടുപോകാൻ രാവേറെയായിട്ടും മടിക്കുന്ന മധ്യവയസ്കനായ മകനെ കാത്തിരിക്കുന്ന ഏകാകിയായ ഒരു വൃദ്ധയുടെ നെടുവീർപ്പുയർന്നിരിക്കാം.
കൽപൊടിപുരണ്ടു പരുക്കനായ വിരലുകൾകൊണ്ട് കല്ലിന്റെയും മാംസത്തിന്റെയും വ്യത്യാസങ്ങൾ അളന്ന പുരുഷ ഹസ്തങ്ങളുണ്ടായിരുന്നിരിയ്ക്കാം.
അനുപാതങ്ങൾ അന്വേഷിച്ച കണ്ണുകൾ നിറഞ്ഞിടം.
പണിഞ്ഞുതീരും മുൻപേ വരുത്തന്മാർ കൂടം കൊണ്ടടിച്ചു പൊട്ടിച്ച ശില്പങ്ങൾ.
അതുകണ്ട് ചങ്കുപൊട്ടി കരഞ്ഞ കലാകാരന്മാർ.. അവർ എതിർത്തു യുദ്ധം ചെയ്തിരിക്കുമോ!
കല്ലുവീണ് തലയുടഞ്ഞ ശിൽപികൾ..
അതിസാഹസത്തിന്റെ ആക്രാന്തത്തിൽ പരിക്കുപറ്റി ആജീവനാന്തം കിടപ്പിലായ വരുത്തൻമാരുമുണ്ടായിരുന്നിരിക്കാം. കുറ്റബോധത്താൽ നീറി ഗ്രാമീണരുടെ കരുണയിൽ ശിഷ്ടജീവിതം ഇഴഞ്ഞു തീർത്തവരും ഉണ്ടായിരുന്നിരിക്കാം.
ഈ മഹാപാതകത്തിന് സാക്ഷിയായി ആത്മബലം ചിതറി പടുവൃദ്ധരായിപ്പോയ യുവാക്കൾ ഉണ്ടായിരുന്നിരിക്കാം.
ഓടിപ്പോയ രാജാവ് എന്നെങ്കിലും തിരിച്ചുവന്ന് തങ്ങളെ രക്ഷിക്കുമെന്ന് വിശ്വസിച്ച് കാത്തിരുന്ന് പട്ടിണിമൂലം മരിച്ചവരുണ്ടാകാം.
മനുഷ്യന്റെയും ശില്പങ്ങളുടെയും കബന്ധങ്ങൾ ഉരുണ്ട മണ്ണിൽ ദിവസേന വന്നിരുന്നു പൊട്ടിച്ചിരിച്ച ഭ്രാന്തനുണ്ടായിരുന്നിരിക്കാം.
ഇതെല്ലാം പറയാനിന്ന് കല്ലുകൾ മാത്രം ബാക്കി. ഒരിക്കൽ ഈ കാറ്റത്ത്, ഈ കല്ലിൽ വന്നിരിക്കൂ. എന്നിട്ടീ കാറ്റിന് പറയാനുള്ളത് നിങ്ങളും കേൾക്കൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ