എനിക്കും വേണമൊരു കണ്ണട.
അരങ്ങിലാടുന്ന പ്രകടനങ്ങൾ ചില്ലിനിപ്പുറമിരുന്നു കാണാൻ.
കട്ടിച്ചില്ലിലൂടെ പായുന്ന എന്റെ നോട്ടങ്ങൾ നിന്നെ കീറിമുറിക്കും.
നീയറിയാതെ.
ചെറുപ്പത്തിന്റെ പൂത്തിരി കത്തിച്ച് നീയെന്നെ നോക്കുമ്പോൾ
എന്റെ മുഖത്തെ കണ്ണടയിൽ നിന്റെ പൂത്തിരി പ്രതിബിംബിക്കും.
ആ വെളിച്ചത്തിരക്കു പിന്നിൽ
ആഴത്തിന്റെ ഇരുട്ടിൽ എന്റെ കോർണിയ്ക്കുള്ളിൽ ഞാൻ നിന്നെ നഗ്നനായി കാണും.
പച്ചില ചിരിക്കുമ്പോൾ പഴുത്തിലയും ചിരിക്കും. ഒരുനാൾ നീയും പഴുക്കുമെന്ന സന്തോഷത്താൽ അകം മറന്ന് ചിരിക്കും.
മൂത്രമൊഴിക്കാൻ പോകുമ്പോൾ നീ മേശപ്പുറത്തു വച്ച മൊബൈലിൽ പരിഭ്രമിച്ചു പരതുന്ന എന്നിൽ നിന്ന് വേദനിപ്പിക്കാതെചിരിക്കുന്ന ഭാവത്തിൽ നീ മൊബൈൽ തിരികെ വാങ്ങുമ്പോൾ, നാണക്കേടിന്റെ പുളിപ്പിലും കണ്ണിമ പിടയ്ക്കാതെ തുറിച്ചു നോക്കാൻ എനിക്കൊരു കട്ടിക്കണ്ണട വേണം.
മഴപെയ്തു കുളിരുമ്പോൾ തട്ടിട്ട മുറിയുടെ ഈർപ്പമുള്ള ഇരുട്ടിൽ ചുമരലമാരയിലെ കൊട്ടൻചുക്കാദി പിണ്ഡതൈലം സമം എന്ന കുപ്പി തപ്പിയെടുക്കാനും ഒരു കണ്ണട വേണം.
പത്രം വായിക്കുമ്പോൾ കണ്ണിൽ വരൾച്ചയുടെ വേനൽ.
ടിവി കാണുമ്പോൾ കണ്ണീർ ധാരയായി ഒഴുകുന്ന വർഷം ഋതു കണ്ണിൽ.
ഉച്ചമയക്കത്തിലാണ്ട നാട്ടുവഴിയിൽ കണ്ണുംനട്ട് വളരുന്ന നിഴലിലിരിക്കുമ്പോൾ കണ്ണിലാകെ നിഴൽ മാത്രം.
കണ്ണട കൊണ്ട് തളക്കണമീ എന്റെ കണ്ണിലെ സൂര്യനെ.
കണ്ണട കൊണ്ട് തളക്കണമീ എന്റെ കണ്ണിലെ സൂര്യനെ.
വെയിലാറാതെ,
അന്തിയാകാതെ,
നിഴൽ കനക്കാതിരിക്കാൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ