2019 മേയ് 28, ചൊവ്വാഴ്ച

പാണ്ടിപ്പട

പണ്ടൊരൂസം.
സ്ക്കൂൾ. നിതാന്ത നിശബ്ദ ലൈബ്രറി.

"ഇന്നലെ 'ഒരു ചെറുപുഞ്ചിരി' ഉണ്ടായിരുന്നു ടീവീൽ. എന്തു രസാല്ലേ? എത്ര തവണ കണ്ടാലും മടുക്കില്ല."

"ഊം. എനിയ്ക്കുമിഷ്ടാണ് ആ പടം."

"എനിയ്ക്കേറ്റോം ഇഷ്ടപ്പെട്ട പടം അതാണ് ടീച്ചറെ.''

"ഓ. അത്രയ്ക്കൊന്നുമില്ല. തൂവാനത്തുമ്പികൾ കൊള്ളാം. പിന്നെ, ദേവാസുരം- കണ്ടാലും കണ്ടാലും ബോറടിയ്ക്കില്ല."

"ദൃശ്യമാണിഷ്ടം. കൊറച്ച് പഴേതിൽ വടക്കൻ വീരഗാഥ. ക്ലാസിക്കല്ലേ?"

"നിർമ്മാല്യം, വാസ്തുഹാര.. എനിയ്ക്കു കുറച്ചൂടെ പഴയ പടങ്ങളോടാണ്..."

ഒരക്ഷരം മിണ്ടാതിരിയ്ക്കായിരുന്നു ഞാൻ.

"അല്ലാ. പ്രസന്നാമാം ഒന്നും പറേന്നില്ലല്ലോ. ഏതു പടമാണിഷ്ടം?"

"പറയണോ?"

"പറയൂ. കേക്കട്ടെ.''

"നിർബന്ധാ?"

"വല്യ സാഹിത്യകാരി. ജാഡ കാണിക്കാതെ വേഗമിങ്ങു പറഞ്ഞേ ടീച്ചറേ."

"പിന്നെ വികാരജീവിയല്ലേ. അറിയാനൊരാകാംക്ഷ. ഏതാ ടീച്ചറേ?"

"...പാണ്ടിപ്പട..."

കെട്ടിടം പൊട്ടിച്ചിരികൾ കൊണ്ടു കുലുങ്ങിപ്പോയി. സത്യം പറയാലോ? ഏറ്റവുമധികം ചിരിച്ചത് ഞാൻ തന്ന്യായിരുന്നു. ഇവരീ പേരുകളൊക്കെ പറയുമ്പോഴേ ഞാനവരെ ആദരവോടെയും ലേശം അസൂയയോടെയും നോക്കിക്കൊണ്ടിരിയ്ക്കുകയായിരുന്നു. മഹദ് വ്യക്തികൾ. മഹത്തായ സിനിമകൾ.

"കളിയല്ല. കാര്യം പറഞ്ഞേ."

"കാര്യം. സെക്കൻഡ് ഇഷ്ടമുള്ളത് സി ഐ ഡി മൂസ."

അന്ന് ദിലീപ് കേസിലൊന്നും പെട്ടിട്ടില്ല. ഇപ്പോഴാണെങ്കിലും......  ഓരോ ചിരിയുടെയും കാരണക്കാരോട് എനിയ്ക്ക് നന്ദിയുണ്ട്. ഒരു ചെറുപുഞ്ചിരിയെങ്കിലും വിരിയിച്ച ഓരോരുത്തരോടും ഞാൻ ശ്വാസം കൊണ്ടുപോലും കടപ്പെട്ടിരിയ്ക്കുന്നു. ഇടഞ്ഞതും കണ്ണീർ പൊഴിഞ്ഞതുമെല്ലാം വിസ്മൃതിയിലാഴ്ന്നാലും ചിരിപ്പിച്ചവരെ മാത്രം മറക്കാതിരിക്കട്ടെ.

പക്ഷെ, ഈ ചോദ്യത്തിന് ഇനിയൊരിയ്ക്കൽ കൺഫ്യൂഷനായി മിണ്ടാതിരിയ്ക്കാനേ ആവൂ. ഉത്തരം പറയാതെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ