ഇരുട്ടിലെ മൊബൈൽ നോട്ടം നിർത്തി വളരെ താഴ്ന്ന ശബ്ദത്തിൽ ഇഷ്ടഗാനങ്ങളും കേട്ട് ഞാൻ കിടന്നു. അടുത്തുകിടക്കുന്ന അമ്മിണിയുടെ ചെവിയ്ക്കു പിന്നിലെ മുടിയിഴകളിൽ വിരലോടിച്ചതും അവൾ എന്നടുക്കലേയ്ക്ക് ഒട്ടിക്കിടന്നു. കരഞ്ഞുറങ്ങിയതാണ്. "ഒന്നിവിടെ കിടക്കമ്മാ" എന്ന ക്ഷണത്തിന് എന്റെ നിസ്സംഗമായ നിരാകരണം അവളെ വേദനിപ്പിച്ചു. ഒത്തിരി നേരം എങ്ങിക്കരഞ്ഞു. ക്ഷമ പറഞ്ഞാലും മറക്കാനാവാതെ.. അച്ഛനെയൊന്ന് കാണണമെന്നും തോന്നിയിരിയ്ക്കാമപ്പോൾ. അവധിക്കാലത്ത് അമ്മമ്മേടെ പുന്നാരക്കട്ടയെങ്കിലും..
മിറ്റത്തെ അണയാവിളക്കിന്റെ നേർത്ത വെളിച്ചം അരിച്ചെത്തുന്നുണ്ടീ ഹാളിൽ. തുറന്നിട്ട വലിയ വാതായനങ്ങൾക്കപ്പുറം പേരച്ചോട്ടിൽ കൃഷ്ണപാദങ്ങളുണ്ട്. പെറ്റമ്മയെപ്പോൽ എത്ര തെറ്റിനുശേഷവും ഓടിയണയാവുന്ന അഭയകേന്ദ്രമാണെനിയ്ക്കവ. മറ്റാരെല്ലാം അവകാശപ്പെട്ടാലും സ്വന്തംസ്വന്തമായിരിക്കുന്ന അമ്മമടി പോലെ. ചന്ദനത്തിലൊട്ടി പറ്റിച്ചേർന്നു കിടക്കുന്ന ഉണങ്ങിയ രണ്ടു നന്ത്യാർവട്ടപ്പൂക്കളും ഒന്നോ രണ്ടോ തുളസിയിലകളും.. പരുപരുത്ത കറുത്തു സുന്ദരമായ കൽപ്പാദങ്ങൾ. പദ്മിനിയമ്മേടെ തിരക്കിട്ടു പണിയെടുക്കുന്ന നീലഞരമ്പുകൾ തെളിഞ്ഞ കൈകൾ പോലെ.. ജാനമ്മുവിന്റെ പട്ടുമുടി വീണുകിടക്കുന്ന നെറ്റി പോലെ.. അത്രയുമത്രയും മമത തോന്നാറുള്ളത് മറ്റെന്തിനോടാണ്; എന്റെ കൃഷ്ണപാദങ്ങളോടല്ലാതെ!!
"സപ്നാ ദേഖേ മേരേ ഖോയേ ഖോയേ നേനാ..
മിത് വാ മേരെ ആംഖ് ഭി സീഖ് ലേ..
സപ്നെ ദേഖ്നാ.. " എനിയ്ക്കു മാത്രം കേൾക്കാൻ പാകത്തിൽ പതിഞ്ഞു പാടുന്ന ഗന്ധർവ്വൻ. അരണ്ട വെളിച്ചം. അടുത്ത് സ്നേഹിച്ചുറങ്ങുന്ന മകൾ. ചുവരിനപ്പുറത്തെ പേരച്ചോട്ടിൽ കൃഷ്ണൻ. ലോകത്താകെ നന്മനിറഞ്ഞിരിയ്ക്കുമ്പോൾ നന്ദി മാത്രമേ തോന്നേണ്ടതുള്ളൂ. കണ്ണടച്ചപ്പോൾ ഞാൻ പതിയെ ലംബമായ ചുവരിൽ അടിവെച്ചടിവെച്ചു കയറുന്നതുപോലെ! കണ്ണുതുറന്നപ്പോൾ വെളുത്ത മേൽക്കൂരയുടെ പശ്ചാത്തലത്തിൽ എന്റെ ഇരുണ്ട കൈകൾ നൃത്തമാരംഭിച്ചു. ഒരു നിഴൽക്കൂത്ത് പോലെ മനോഹരമായി ഞാനത് അവതരിപ്പിയ്ക്കുകയും വീക്ഷിയ്ക്കുകയും ആസ്വദിയ്ക്കുകയും ചെയ്തു. നന്ദി പറഞ്ഞുപറഞ്ഞു തളർന്ന് മെല്ലെ ഞാനുമുറങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ