മഴ പെയ്തൊഴിഞ്ഞ രാവിൽ പതിവുപോലെ അമ്പിളിമാമനെ വരുന്നെങ്കിൽ വായോ എന്നു വിളിച്ച് ജനൽ തുറന്നിട്ട് കിടന്നു. പ്രിയവിശേഷങ്ങളൊന്നും പങ്കുവെയ്ക്കാനില്ലാത്ത മൊബൈലിൽ രമിച്ച് സ്വല്പനേരം. ജനൽ കട്ടിളയുടെ ദീർഘചതുര മാനക്കഷ്ണത്തിൽ മുറിഞ്ഞു കിടന്ന മാമനെ നോക്കി വരില്ലല്ലോ എന്നോർത്തു ഫോൺ തലയിണയ്ക്കടിയിലേയ്ക്കു നീക്കി ദീർഘനിശ്വാസത്തോടെ മലർന്നു കിടന്നു. കയ്യിലും കഴുത്തിലുമരിച്ചു നടന്ന ഈയാംപാറ്റകൾ വീണു പിടയ്ക്കാൻ മൊബൈൽ നാളങ്ങൾ തേടി.
അതൊരു സ്വപ്നമാണെന്നും കനവിലും കനിയാറില്ലാത്ത മാമൻ അരികത്തിരുന്നു തലോടുകയാണെന്നും കരുതാനവളിഷ്ടപ്പെട്ടു.
സ്വയം പുണർന്നൊന്നു സ്നേഹിയ്ക്കാനാഞ്ഞപ്പോഴേയ്ക്കും കൈ മടക്കിനകത്ത് ഞെരിഞ്ഞ പാറ്റയുടെ നീരമർന്നു. അപ്പോൾ ജനൽ വക്കത്തുനിന്നൊരു മിന്നാമിന്നി പുറത്തേയ്ക്കു പറന്നകലുന്നത് അവൾ വിഷാദത്തോടെ കണ്ടു.
2019 മേയ് 22, ബുധനാഴ്‌ച
ഈയാംപാറ്റ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ