2019 മേയ് 26, ഞായറാഴ്‌ച

തിരിച്ചുവരവ്

എട്ടൊമ്പതു മണിക്കൂർ യാത്രയ്ക്കുശേഷം ഹാസനിൽ ബസ്സിറങ്ങി. ഹാ... എപ്പോ വന്നിറങ്ങിയാലും അതേ മോഹിപ്പിയ്ക്കുന്ന കാറ്റ് എന്നെ കെട്ടിപ്പിടിയ്ക്കാനോടിവരും. വിശാലസുന്ദരമായ ബസ്റ്റാന്റീന്ന് ആനയിച്ചുമ്മവെച്ച് എന്നെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകും. ഹാസനോടും എനിയ്ക്കു സ്നേഹാ. പെറ്റമ്മേടടുത്തു ചെല്ലുമ്പോൾ മറ്റമ്മേനെ കുറച്ചു കുറ്റംപറയും എന്നേയുള്ളൂ. നിയ്ക്കിഷ്ടാ ഇവിടേം. അക്കരെപ്പച്ച. അതന്നെ.

വാതിൽ തുറന്നു ലൈറ്റിട്ടപ്പോ- അയ്യോ! ഹാള് ചെറുതായിപ്പോയി. തിളങ്ങാത്ത നിലം! നോക്കൂ.. എഴുത്തു മേശമേൽ ചൂണ്ടുവിരൽ കൊണ്ട് വരച്ച വട്ടം കറുപ്പായും വിരൽത്തുമ്പ് കുറി തൊട്ടെടുത്തപോലെയുമിരുന്നു!

"നീ കുളിച്ചു വാ. ഞാൻ ദോശ ചുട്ടു തരാം." ഹായ്! രണ്ടുമാസം കൊണ്ട് ആതിഥേയഭാവം! സ്വന്തമായരച്ച ദോശമാവിന്റെ ഗാംഭീര്യമായിരിയ്ക്കും. ഇത്രനാളും അത്താഴം കഴിഞ്ഞ് സ്വന്തം കിണ്ണം മോറി വെച്ച്
"മ്മാ ഞാൻ പോണു"ന്ന് പറഞ്ഞാ ധാരാളായിരുന്നു. ഇനിയിപ്പോ പാത്രങ്ങളൊഴിച്ചു മോറി, സിങ്ക് കഴുകി, സ്ലാബ് തുടച്ച്..
ഇതു നല്ല കഥ! ന്റെ സ്റ്റൗ കണ്ടിട്ടൊരു പരിചയം തോന്നണില്ലല്ലോ. ഒന്നു കുരച്ചു വാലാട്ടിക്കൂടെ എന്റെ പുന്നാരസ്റ്റൗവ്വേ.
ഫ്രിഡ്ജൊന്നു തടിച്ചോ! അതോ; ഇനി അടുക്കള മെലിഞ്ഞതോണ്ട് തോന്ന്വായിരിയ്ക്യോ?

സദ്ഗുണസമ്പന്നൻ വിരിയും പൊതയും അലക്കിച്ചുരുട്ടി (മടക്കി!) വെച്ചിരിയ്ക്കുന്നു. നല്ല കറുമുറാന്നുണ്ട്. കഞ്ഞിപ്പശയല്ലാ. സോപ്പുംപശ.
ഇല്ലാ. ഞാൻ കുറ്റം പറയല്ല. കുറ്റം പറയ്യ പോയിട്ട് ചിന്തിയ്ക്ക പോലുമില്ല. അങ്ങനെ ചിന്തിയ്ക്കുന്നതിനെക്കുറിച്ച് പോലും ഞാനൊന്നും ചിന്തിച്ചിട്ടില്ല.
"ഗുഡ് ബോയ്"

"ആദിത്യണ്ണനേം തങ്കിമ്മേനേം കാണണംന്ന് തോന്ന്ണ് ണ്ട്.." എന്ന് ബസ്സിൽ നിന്നാവർത്തിച്ചിരുന്നത് ഒരു പൊട്ടിക്കരച്ചിലായി രൂപാന്തരം പ്രാപിച്ചത് പെട്ടെന്നായിരുന്നു. "നിയ്ക്ക് അമ്മമ്മ വേണം..." "നിയ്ക്ക് അമ്മമ്മേനെ കാണണം.." ഏങ്ങിക്കരയുന്നു. അമ്മമ്മേടെ, ആദിത്യണ്ണന്റെ, തങ്കിമ്മേടെ ജാനുക്കുട്ടി. കരച്ചിലടങ്ങിയപ്പോൾ ന്യായമായൊരു സംശയം അവൾ ചോദിച്ചു.
"അമ്മാ, അമ്മയ്ക്ക് കാണണംന്ന് തോന്ന്ണില്ലേ?"

"അതിപ്പോ.. രണ്ടുമാസായീലേ അച്ഛനെ കാണാതെ..''

അങ്ങനെ വേണ്ട.

''അവിടേം സങ്കടം, ഇവിടേം സങ്കടം എന്നതിനേക്കാൾ അവിടേം സന്തോഷം ഇവിടേം സന്തോഷം എന്നതാണ് അമ്മ ബുദ്ധിപൂർവ്വം തീരുമാനിയ്ക്കാ."

ആണുങ്ങളേ, പെണ്ണുങ്ങളേ, നിങ്ങൾക്കും ഇതൊക്കെ ഇങ്ങനെത്തന്നെയല്ലേ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ