"ഈ വീട്ടിൽ ഏറ്റോം അവഗണനയനുഭവിയ്ക്കുന്ന സാധനമേതാന്നറിയാമോ?" ചങ്കുപിടയ്ക്കുന്ന വേദനയോടെ, സഹതാപത്തോടെയാണ് ചിന്നുവത് ചോദിച്ചത്.
"എന്താ?"
"ആരാ?''
"സാധനമോ; ആളോ!"
"അതോ വല്ല ജീവിയുമോ?" ആകാംക്ഷയോടെ പലതരം അഭ്യൂഹങ്ങൾ അടുക്കളയിൽ നിറഞ്ഞു. 'ഫ്രിഡ്ജ്' മുതൽ 'അച്ഛൻ' വരെ ഉത്തരങ്ങളായി ചിതറിവീണു.
"അതൊന്ന്വല്ല."
"പിന്നെന്താ?"
"ഹൊന്നീടെ ഫോൺ." (ഹൊന്നി എന്നാൽ കറാഡി ഭാഷയിൽ ഏട്ടത്തിയമ്മ; അവൾടെ അച്ഛന്റെ ഏട്ടത്തിയമ്മ, അവൾടെ വല്യമ്മ; എന്റമ്മ.)
മിക്സിയ്ക്കടുത്ത് തളംകെട്ടിക്കിടന്ന വെള്ളത്തിൽ അസ്തപ്രജ്ഞയായി കിടക്കുന്ന ആ പാവം Nokia ഫോണിന്റെ തണുത്തു തുടങ്ങിയ കുഞ്ഞുശരീരം ചൂണ്ടി തൊണ്ടയിടറിക്കൊണ്ടവൾ പറഞ്ഞു.
"ഓ! ഞാൻ മറന്നതാ." പകപ്പോടെ അമ്മ.
കഴിഞ്ഞ ഒരാഴ്ചയായി പത്തായത്തിൽ പഴയ ചെമ്പുകിണ്ടിയ്ക്കകത്ത് കിടന്ന അതിനെ കണ്ടെടുത്ത് ഷോക്കടിപ്പിച്ച് ഹൃദയസ്പന്ദനം വീണ്ടെടുത്തിട്ട് ഇരുപത്തിനാലു മണിക്കൂറുകളായിട്ടില്ല. തട്ടുമ്പുറത്തും കിണറ്റുവക്കത്തും വാഷിംഗ് മെഷീനിനകത്തുവരെ തെരഞ്ഞിട്ട് കിട്ടാത്ത ഫോൺ പത്തായത്തിനകത്തെ കിണ്ടിയ്ക്കകത്തേയ്ക്കിഴഞ്ഞു കയറിയതെങ്ങനെയാണാവോ! പലപല പാമ്പാട്ടികൾ സ്വന്തം ഫോണിൽനിന്നു കുഴലൂത്തു നടത്തിയപ്പോളൊക്കെ പാവം പത്തായത്തിലെ ശ്വാസംമുട്ടിയ്‌ക്കുന്ന ഇരുട്ടിൽ കിണ്ടിയ്ക്കകത്തു കിടന്നു വിളി കേട്ടിരിയ്ക്കാം. ചെമ്പുകുടത്തിനകത്തും അട്ടിവെച്ച ആവണപ്പലകകളിലും ഇരുട്ടിൽ കിടക്കുന്ന നിലവിളക്കിലും മാറാലകെട്ടിയ കിണ്ടിയിലും മുഴങ്ങിമുഴങ്ങി ആ കമ്പനം പതിയെ നിലച്ചിരിയ്ക്കാം. കരണ്ടു തീരുന്നതിനനുസരിച്ച് ഒരിറ്റു ചാർജിനായി വന്ന അവസാന ഓർമ്മപ്പെടുത്തലുകൾ, തേങ്ങലുകൾ.. അവയും നിലച്ച് ചത്തുകിടന്ന, പാവമൊരെലിയുടെ വലിപ്പമുള്ള, കറുത്ത കുഞ്ഞുഫോണിനെ അമ്മ തന്നെ തെരഞ്ഞു കണ്ടെത്തുകയായിരുന്നു.
അതാണിപ്പോൾ ആറാട്ടുകടവിൽ അരയ്ക്കൊപ്പം വെള്ളത്തിൽ അരമണി പോലെ നാണംമറന്നു കിടക്കുന്നത്! ടെക്നോളജിയ്ക്കൊന്നും അമ്മേടെടുത്ത് ഒരു വിലേമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ