2019 മേയ് 19, ഞായറാഴ്‌ച

കൊണ്ടാട്ടമ്മൊളക് ചമ്മന്തി ( സീക്രട്ട് ഇൻഗ്രീഡിയന്റ്ള്ളത്)

അതിഭീകര എരുവ്ള്ള കൊണ്ടാട്ടമ്മൊളക് (മോരുമുളക്) വറുത്തത് അണ്ഡകടാഹം പുകഞ്ഞ അനുഭവസാക്ഷ്യം പറഞ്ഞ് ആരും തിന്നാതായി കുഴഞ്ഞുപോയത്--- മൂന്നാലെണ്ണം.

ചീരുള്ളി--- നാലഞ്ചെണ്ണം തോല് കളഞ്ഞത്.

നോട്ട് നിരോധനത്തിന്റെ കദനകഥ പറയാൻമാത്രം പ്രായാധിക്യമുള്ള കറ്കറുത്ത വാളൻപുളി--- ഒരു നെല്ലിക്കയോളം. (ഹൈബ്രിഡല്ല നല്ല നാടന്നെല്ലിക്ക ട്ടോ. കാട്ട്ന്ന് പറച്ച നല്ല മൂത്തതാണ് ബെസ്റ്റ്. ചോപ്പു നിറള്ളത് വേണ്ട. ചവർപ്പാവും)

ഉപ്പ്--- നാലുകല്ല് (അയൊഡേയ്സ്ഡ്‌ അല്ലേ ഇപ്പ കിട്ടാനുള്ളൂ. പക്ഷേ മറ്റേതിന്റെ രുചിയൊന്ന് വേറെയാണ് ന്റെ സാറേ..)

കുഞ്ഞി മിക്സിയിൽ ( തത്കാലം ജാറിൽ മതി) ഈ മൂന്ന് ഐറ്റംസിട്ട് സീക്രട്ട് ഇൻഗ്രീഡിയന്റായ രണ്ട് ഈന്തപ്പഴം കുരുകളഞ്ഞ് ആരും കാണാതെ ഇടുക. (കുരുകളഞ്ഞില്ലെങ്കിലും കുഴപ്പമില്ല👍👍👍)

ഝഗഝഗാന്ന് അരച്ച് തവിടുപൊടിയാക്കി ഡവറയിലേയ്ക്കിട്ട് ലേശം പച്ചവെളിച്ചെണ്ണ തുളിച്ചിട്ട് കശകശാന്ന് ഇളക്കി യോജിപ്പിയ്ക്കുക.(ശ്ശൊ. ലേശങ്കൂടെ. പിശുക്കണ്ട. വെളിച്ചെണ്ണയൊക്കെ ധാരാളം ചേർത്താലല്ലേ നല്ലൂ.)

ന്ന് ജനിച്ച ഈ ചോരക്കുഞ്ഞിനെ ഞാൻ ഉണ്ടിയമ്മയ്ക്കു (കൊയ്ക്കട്ട) സമർപ്പിയ്ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ