2019 മേയ് 20, തിങ്കളാഴ്‌ച

Magnetic field

എന്നിൽ സ്വയം പ്രപഞ്ചത്തെയും പ്രപഞ്ചത്തിലെന്നെയും സഫലീകരിയ്ക്കാത്തിടത്തോളം കണ്ണുകൾ കാർമുകിലുകൾക്കിടയിലും കരിയിലയിലും കാട്ടിലും കടവത്തും നിന്നെ തേടുകതന്നെ ചെയ്യും.

കാന്തികമണ്ഡലം സാക്ഷ്യപ്പെടുത്തുന്ന ശാസ്ത്രപരീക്ഷണം ചെയ്തു നോക്കിയിട്ടുണ്ടോ?

ലക്ഷലക്ഷം ലോഹത്തരികൾ കാന്തികധ്രുവങ്ങൾക്കു ചുറ്റും വലയം ചെയ്തത്..
കടലാസിനു താഴെ കാന്തം ചലിയ്ക്കുന്നതിനനുസരിച്ച് ലോഹത്തരികൾ വിചിത്ര രൂപഭാവങ്ങളിൽ ചാഞ്ഞും ചെരിഞ്ഞും കളിയ്ക്കുന്നതും നാഥനോടു ചേരാനുഴറുന്ന പ്രണയിനിയെപ്പോലെ വ്യഗ്രമാകുന്നതും..
അവസാനം, രാസലീലയിലെ ഗോപികാവൃന്ദത്തെപ്പോലെ.. ഏതോ നൃത്തശില്പത്തിലെ സ്തബ്ധദൃശ്യം പോലെ..
കാന്തത്തിനു ചുറ്റും ചലനമറ്റിരിയ്ക്കുന്നതും.

ആ ദൃശ്യത്തെ വരച്ചെടുക്കുമ്പോൾ അനേകമനേകം സൂചികാഗ്രരേഖകൾ കടലാസിൽ വരയ്ക്കപ്പെടും. എല്ലാ സൂചികകളും കാന്തത്തിലേയ്ക്ക് ധ്രുവീകരിച്ചിരിയ്ക്കും.

സമസ്തചിന്തകളും അറിവുകളും വാഞ്ഛകളും നിനക്കു ചുറ്റും സമഗ്രമാകുന്ന തപസ്സായിരുന്നെങ്കിൽ എന്റെ ജീവിതം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ