"ഈ പ്രത്യേക സാഹചര്യത്തിൽ അതെങ്ങനെ ചെയ്യാമെന്നാണ്!!"
"കഴിയും. നിങ്ങളാദ്യം ഉള്ളിയരിയണം. കണ്ണിലൂറുന്ന വെള്ളം ഇടം തോളുയർത്തി തുടച്ചു കളഞ്ഞേയ്ക്കൂ. ഇനി പച്ചനിറമുള്ള മുളകെടുത്ത് അതിന്റെ എരിയുന്ന മസ്തിഷ്കത്തിലേക്ക് കത്തിയിറക്കൂ. നെടുകെയോ കുറുകെയോ കീറിയിടുക. കണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞാലും ആരും ചോദിക്കാൻ വരില്ല.''
"ഇത്രയും ചോന്ന ചെമ്പരത്തിയെന്നോട് ചിരിക്കുമ്പോൾ... "
"മടിയ്ക്കേണ്ടതില്ല. ജനിപുടവും കേസരക്കുഴലും നുള്ളിക്കളഞ്ഞു ഞെട്ടടർത്തി നീ കരുതിവെച്ച പൂക്കളിങ്ങെടുക്കൂ. വണ്ടും ശലഭവും അവകാശം പറഞ്ഞെത്തുംമുൻപ് അരിവാളെടുത്ത് അതിനെ ഛിന്നഭിന്നമാക്കിക്കളയൂ."
"വാളെടുത്തവൻ വാളാൽ... "
"ഹ ഹ ഹ ഏങ്ങിക്കരയുന്നതെന്തിന്! ചോറിന് നന്ദി കാണിയ്ക്കാനായി മാറ്റിവെച്ച ഉപ്പെടുത്തു തൂവൂ."
''ഹാവൂ. വെളുവെളുത്ത തൈര് മേലെ കമിഴ്ത്തിയപ്പോൾ എല്ലാം ശാന്തമായി."
"ശരി. എന്നാൽ ഞാൻ.."
''വേണ്ട. ഇതും കൂട്ടി ഉണ്ടിട്ടിറങ്ങിയാൽ മതി."
"വിളമ്പൂ. 'ശുഭസ്യ ശീഘ്രം' എന്നല്ലേ? ഇരുന്നാൽ താളിപോലെയാകും. പറഞ്ഞേയ്ക്കാം."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ