1995 ൽ പ്രവർത്തനമാരംഭിച്ച നിലമ്പൂർ തേക്ക് മ്യൂസിയം 2000ലായിരുന്നു അവസാനമായി പോയി കണ്ടത്. അന്ന് ശൈശവദശയിലായിരുന്ന മ്യൂസിയത്തിന് പുറത്ത് ചുറ്റുമുള്ള കാട്ടിലേക്ക് കല്ലുപാകിയ നടപ്പാത നിർമാണം തുടങ്ങിയിരുന്നു. 'walk way'എന്നു പറഞ്ഞപ്പോഴും വലിയ ഗുമ്മു തോന്നിയില്ല.
ഇന്നു രാവിലെ ബട്ടർഫ്ലൈ പാർക്കിലേയ്ക്കാണു പോകുന്നതെന്ന് മക്കൾ ചാടിക്കളിച്ചപ്പോഴും വലിയ പ്രതീക്ഷയില്ലായിരുന്നു. കെട്ടിടത്തിനകം 2000ത്തിൽ കണ്ടതുപോലെത്തന്നെ.(നല്ല മേൽനോട്ടമുണ്ട് എന്നതാണല്ലോ അതിനർത്ഥം) മ്യൂസിയത്തിന് പിന്നിലൂടെ 'കാട്ടി'ലേയ്ക്ക് നടന്നപ്പോൾ ഒട്ടും പ്രതീക്ഷിച്ചില്ലാത്തൊരു വിസ്മയലോകം കണ്ടു! ശലഭോദ്യാനവും പന്നൽ തോട്ടവും പനന്തോപ്പും ജലസസ്യോദ്യാനവും കണ്ടു വീർത്ത ഹൃദയം ടാക്സോണമിക് ഗാർഡൻകൂടി കണ്ടപ്പോൾ സന്തോഷംകൊണ്ട് പൊങ്ങിപ്പറന്നു പോയി.
ചുങ്കത്തറയിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ദിവസേന ബസ്സിൽ മ്യൂസിയത്തിന് മുന്നിലൂടെ പോകണമായിരുന്നു. തിരക്കുള്ള ബസ്സിൽനിന്ന് എത്ര കഷ്ടപ്പെട്ടാണെങ്കിലും ചാരനിറമുള്ള ഉള്ള ആ മതിലെഴുത്തും മുളങ്കൂട്ടങ്ങളുടെ കൊതിപ്പിയ്ക്കുന്ന ഹരിതാഭയും ഒരു നോക്കു കാണാതെ കടന്നുപോകാനിഷ്ടമുണ്ടായിരുന്നില്ല.
മഞ്ചേരിയിൽ ബോട്ടണി ഡിഗ്രിക്ക് പഠിയ്ക്കുമ്പോഴും ഗുരുവായൂര് എംഎസ്സിക്ക് പഠിക്കുമ്പോഴുമെല്ലാം ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലും തിരുവനന്തപുരം TBGRIയിലുമൊക്കെയേ സസ്യങ്ങളെ കണ്ടറിഞ്ഞു പഠിയ്ക്കാൻ സൗകര്യമൊത്തുള്ളൂ. യാത്രാക്ഷീണത്തോടൊപ്പം ചുരുക്കം ചില മണിക്കൂറുകൾ..
ഈ വേനലൊടുക്കത്തിലും മികച്ച രീതിയിൽ പരിപാലിയ്ക്കപ്പെട്ടു കിടക്കുന്ന നിലമ്പൂരിലെ ഈ സസ്യോദ്യാനം ഇന്നത്തെ വിദ്യാർഥികൾക്കു കിട്ടിയ അനുഗ്രഹമാണ്. ശാസ്ത്രനാമങ്ങളെഴുതിയ ഫലകങ്ങളോടെ അനേകയിനം സസ്യജാലങ്ങൾ. മൊബൈലില്ലാത്ത, ഇൻറർനെറ്റ് ശുഷ്കമായിരുന്ന ഞങ്ങളുടെ പഠനകാലത്ത് വായിൽകൊള്ളാത്ത ടാക്സോണമിക്കൽ ക്ലാസ്സിഫിക്കേഷനുകളും നാവിനു വഴങ്ങാത്ത സസ്യകുടുംബനാമങ്ങളും പലപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ പോലും സഹായമില്ലാതെ ഓർത്തു വെക്കേണ്ടതായിരുന്നു. പഠിപ്പിച്ചിരുന്ന അദ്ധ്യാപകർക്കു പോലും പലതും പരിചയമോ കണ്ടറിവോ ഉണ്ടായിരുന്നിരിയ്ക്കില്ല.
ടാക്സോണമിയിൽ മാത്രമല്ല ബിരുദാനന്തരബിരുദത്തിന് സസ്യശാസ്ത്രത്തിൽ പഠിച്ച മറ്റ് 22 വിഷയങ്ങളിലും ധാരാളം സസ്യനാമങ്ങളും കുടുംബനാമങ്ങളും ഉദാഹരണങ്ങളായി പഠിയ്ക്കേണ്ടതുണ്ടായിരുന്നു. മിക്കവയും അർത്ഥമറിയാത്ത അക്ഷരക്കൂട്ടങ്ങളായി കാണാപ്പാഠം ഓർത്തുവെയ്ക്കേണ്ടവ മാത്രമായിരുന്നു. അവയൊക്കെ ഇലയും വേരും പൂവും കായും മണവുമുള്ള ഉള്ള ജീവനുകളാണെന്നു മനസ്സിലാക്കാൻ പലതവണ സന്ദർശിയ്ക്കാവുന്ന വിധം പോയിവരാവുന്ന ദൂരത്തിൽ ഇത്തരമൊരു ഒരു ഉദ്യാനമുണ്ടായിരിയ്ക്കുന്നത് എത്ര ഭാഗ്യകരമാണ്! ചുങ്കത്തറയും മമ്പാടും മഞ്ചേരിയും പെരിന്തൽമണ്ണയും കോഴിക്കോടുമൊക്കെ ഇപ്പോൾ ബോട്ടണി പഠിയ്ക്കുന്നവർ ഭാഗ്യവതികൾ തന്നെ. അദ്ധ്യാപകരും.
തേക്ക്- Tectona grandis എന്ന ഏക സ്പീഷീസിനു വേണ്ടി ഒരു മ്യൂസിയം! ഒന്നോർത്തു നോക്കൂ. ലോകത്ത് മറ്റെവിടെയും ഇല്ലാത്തതാണ്. എന്നിട്ടുമവിടെ ശലഭങ്ങൾക്കായൊരു വിരുന്നുശാലയും മറ്റനേകം സസ്യവർഗ്ഗങ്ങളും.. പുല്ലുണ്ടെങ്കിൽ പുൽച്ചാടിയും തവളയും പാമ്പും പക്ഷിയുമൊക്കെ വരുമെന്നറിയാമല്ലോ. സുന്ദരമായൊരു സ്വർഗഭൂമിയാക്കിയിരിയ്ക്കുന്നു അവിടം. അതിനകത്തെ മുഖ്യ ക്യുറേറ്റർ മുതൽ തോട്ടക്കാർവരെ; പുറത്ത് ഇക്കാലയളവിൽ വനംവകുപ്പിൽ മാറിമാറിവന്ന ഉദ്യോഗസ്ഥർ.. എല്ലാവർക്കും അഭിനന്ദനങ്ങൾ. നന്ദി.
കോഴിക്കോട്- ഊട്ടി പാതയിൽ നിലമ്പൂരങ്ങാടി കഴിഞ്ഞ് നാലു കിലോമീറ്റർ ദൂരെയാണ് തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ഈ വേനലറുതിയിൽ ഇത്ര സമ്പുഷ്ടമെങ്കിൽ ഓണക്കാലത്തൊക്കെ എത്ര രസകരമായിരിക്കും!! കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിയ്ക്കാം.
https://en.m.wikipedia.org/wiki/Special:MobileLanguages/Teak_Museum
സഹ്യന്റെ മടിത്തട്ടിലെ പൂങ്കാവനത്തിൽ നിന്നുള്ള ചില ക്ലിക്കുകൾ താഴെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ