2019 മേയ് 24, വെള്ളിയാഴ്‌ച

യാത്രാമൊഴി

പോവുകയാണ് പ്രിയപ്പെട്ടവളെ. പടികടന്നു കർണാടകത്തിലേയ്ക്ക് ചേക്കേറി പതിനെട്ടുകൊല്ലം കഴിഞ്ഞു. 2010ൽ പ്രസവം കഴിഞ്ഞെണീറ്റ് പോയതിൽ പിന്നെ രണ്ടുനാലുനാളിലേറെ നിന്റെ മടിത്തട്ടിൽ ഇതാദ്യമായല്ലേ? അവധിക്കാലം മുഴുവൻ സ്നേഹവാത്സല്യങ്ങളോടെ, കരുണയോടെ ഞങ്ങളെ കാത്തില്ലേ? പാടത്തും തൊടിയിലും കറങ്ങി അയലത്തെ തേൻവരിയ്ക്കയുടെ മണവുമേറ്റി വരുന്ന ആ കൈകളൊന്നു നീട്ടൂ. ഞാനൊന്നുമ്മ വെയ്ക്കട്ടെ. എന്റെ കൈരളിപ്പെണ്ണേ, കളവാണീ.

മാഞ്ചുണ പറ്റി കല വീണ പൈതലിന്റെ മുഖം എന്നെ ആനന്ദിപ്പിച്ചു. തണുതണെയുള്ള ഉപ്പുചുവയ്ക്കാത്ത വെള്ളത്തിലാറാടി അവളുടെ പട്ടുമുടി പിന്നേയുമിരുണ്ടു. കാരോലപ്പവും കണ്ണിമാങ്ങയും മാത്രമല്ല കഞ്ഞിയും കപ്പയും പുട്ടും പുളിശ്ശേരിയും.. നീ നീട്ടിയതെല്ലാം രുചിയറിഞ്ഞു കഴിച്ച് മിനുങ്ങുന്ന കവിളുകളിൽ മാർദ്ദവമേറിയല്ലോ!

അമ്മമ്മ, അമ്മായി, മാമൻ, ചെറ്യേമ്മ.. ചവച്ചാലും ചവച്ചാലും കിനിയുന്ന മമതയുടെ അതിമധുരം വാക്കിലും നോക്കിലും. അറിഞ്ഞാലുമറിഞ്ഞാലും തീരാത്ത കൗതുകത്തോടെ; പറഞ്ഞാലും പറഞ്ഞാലും തീരാ വിശേഷങ്ങൾ പങ്കിട്ട് ഒറ്റക്കുട്ടിയ്ക്ക് സഹോദരങ്ങളായ കുട്ടിക്കുറുമ്പുകൾ. ചെല്ലക്കുട്ടിയുടെ ചിന്തയിലും ഭാഷയിലും നിറയെ ഇമ്പമാർന്ന് മലയാളമുത്തി.

ഞാനോ! റബർ തോട്ടത്തിനു നടുവിലെ നിഴലുതിർന്ന വഴിയിൽ, വേലിയ്ക്കലെ ചെമ്പരത്തിച്ചിരികളിൽ, നിലാവു പൂക്കുന്ന മുല്ലവള്ളികളിൽ, മിറ്റത്തു വീഴുന്ന ദിനപ്പത്രത്തിന്റെ തലക്കെട്ടുകളിൽ, പൊള്ളച്ചു പ്രസാദിയ്ക്കുന്ന പപ്പടമർമ്മരത്തിൽ പോലും ബാല്യവും കൗമാരവും കണ്ടു സന്തോഷിച്ചു. ഭാഷാമൃതം കുടിച്ചും അതിൽ തുടിച്ചും രണ്ടു നിമിഷം പോലെ ഹ്രസ്വമായിപ്പോയ വേനലവധി.

എന്റെ പൊന്നമ്മേ, നിനക്കു മാത്രം നൽകാൻ കഴിയുന്ന എന്തെന്തെല്ലാം മുന്താണിയിൽ നിറച്ചു തന്നിട്ടാണെന്നെ യാത്രയയയ്ക്കാൻ വരുന്നത്! വിതുമ്പിക്കൊണ്ട് കെട്ടിപ്പിടിയ്ക്കേണ്ട. ആദ്യമായി അമ്മയെ പിരിഞ്ഞുറങ്ങാൻ പോകുന്ന കുഞ്ഞിപ്പെണ്ണല്ലല്ലോ ഞാൻ. വെറുതെയെന്നേം കരയിയ്ക്കേണ്ട.

ഇനി, നാടുകാണിച്ചുരം കയറി ചാലിയാറിന്റെ ഊഷ്മളമായ ഈർപ്പം വറ്റി, വരണ്ടു ശുഷ്കമായ പീഠഭൂമിയിലേയ്ക്കു പോകുമ്പോൾ...
പിന്നിലേയ്ക്കോടുന്ന മുളങ്കൂട്ടങ്ങളും മദ്ധ്യവേനലിനിയും തീർന്നിട്ടില്ലെന്നു വ്യാമോഹിപ്പിയ്ക്കാൻ കാലംതെറ്റിപ്പൂത്ത കണിക്കൊന്നകളും വഴിയരികിൽ കണ്ണിറുക്കും. വശീകരിയ്ക്കുന്ന ഗന്ധർവ്വനെപ്പോലെ അനുവദിയ്ക്കപ്പെട്ടിട്ടില്ലാത്ത സ്വർഗ്ഗങ്ങളിലേയ്ക്കു മടങ്ങിച്ചെല്ലാൻ നിർബന്ധിയ്ക്കും. അപ്പോൾ ഞാൻ കണ്ണടച്ചിരുന്നു ധ്യാനിയ്ക്കും. എന്റെ ചിരിയാൽ തളിർക്കുന്ന, എന്റെ വിഷാദത്താൽ മങ്ങുന്ന, എന്റെ നിദ്രയിൽ മയങ്ങുന്ന ഒരു കൊച്ചു വാടകവീടിനേയും കാത്തു കാത്തിരിയ്ക്കുന്നൊരു കൂട്ടുകാരനെയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ