2019 മേയ് 18, ശനിയാഴ്‌ച

താഴ്

ഫാനിൽ നിന്നു പെയ്തിറങ്ങുന്ന തണുത്ത കാറ്റ്..
നേർത്ത ശബ്ദത്തിൽ പ്രണയഗീതങ്ങൾ..
കറുത്ത നിലത്ത് കമിഴ്ന്നു കിടന്ന് വായന.
അടുക്കളയിൽ അമ്മയുണ്ട്.
കുട്ടികൾ കളിലോകത്താണ്.
വായിച്ചു കൊണ്ടിരിയ്ക്കേ
പെട്ടെന്നൊരുമാത്ര: ഞാനെന്നെ കണ്ടു.

കണ്ണുകളിൽ നിറയെ പ്രണയമായിരുന്നു!
പുല്ലിനുമേൽ തത്തിക്കളിയ്ക്കണ മഞ്ഞപ്പാപ്പാത്തികളെപ്പോലെ ആനന്ദത്തോടെയായിരുന്നു എന്റെ കണ്ണുകൾ വാക്കുകൾ നുകർന്നു കൊണ്ടിരുന്നത്.

അപ്പോളവൻ എന്നെക്കണ്ടിരുന്നെങ്കിൽ സന്തോഷപൂർവ്വം താടിയിൽ തൊട്ട് എന്റെ മുഖമവനിലേയ്ക്കുയർത്തിയേനെ.
പ്രേമം പൊഴിയുന്ന നോട്ടത്തോടെ ആശീർവദിച്ചേനെ.
കടലിരമ്പുന്ന മിഴികളിൽ നീന്തിക്കളിയ്ക്കാനൊരു മൗനക്ഷണനമവൻ സ്വീകരിച്ചേനെ.

അവനടച്ചു ഭദ്രമാക്കിയ കോട്ടകൾക്കു പുറത്തു നിന്ന് ആരാധനയോടെ അവനെ നോക്കാനും നെടുവീർപ്പിടാനും കഴിയുന്നതിൽ ഞാനെത്ര ഭാഗ്യവതിയെന്ന് അവനോട് അടക്കം പറഞ്ഞേനെ.
ആ താഴുകളിൽ നന്ദിയോടെ ചുംബിച്ച് നീലനൂലിനാൽ തുന്നിച്ചേർത്ത എന്റെ ഹൃദയചിത്രമുള്ള തൂവെള്ള കൈലേസിനാൽ പൊതിഞ്ഞ് തിളച്ച അരക്കുവീഴ്ത്തി ചുകപ്പിച്ചേനെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ