"ഇതു കഴിച്ചിട്ടില്ലെങ്കി; മൻഷ്യമ്മാരേ ങ്ങള് ജീവിച്ചത് തന്നെ വേസ്റ്റായി"ന്നൊക്കെ പറയാൻ തോന്ന്ണ ചില വിഭവങ്ങളില്ലേ? സമൃദ്ധമായ രുചി തലച്ചോറിൽ സെറോട്ടോണിൻ ഫാക്ടറി തുറന്നു നമ്മളെ ആനന്ദത്തിലാറാടിച്ചുകൊണ്ടിരിയ്ക്കുമ്പോൾ അത് തിന്നാൻ കിട്ടാത്ത 753 കോടി ജനങ്ങളെയോർത്ത് പാവം തോന്നീട്ടുണ്ടോ? സ്വർഗ്ഗത്തിലേയ്ക്ക് ഒരു ജാലകവ്യൂ തരുന്ന അത്തരമൊരു വിഭവത്തെക്കുറിച്ച് എനിയ്ക്കിപ്പോപ്പറയണം.
പഴുത്ത മാങ്ങാ ഉപ്പേരി (ഞങ്ങടവടെ ഉപ്പേരി= മെഴുക്കുപുരട്ടി )
...............................................
ആകാശത്തേയ്ക്കുയർന്നുപോയ നാട്ടുമാവിന്റെ ശിരോമണ്ഡലത്തിൽനിന്നുതിർന്നു ചപ്പിലക്കൂട്ടത്തിൽ മറഞ്ഞും തെളിഞ്ഞും കിടക്കുന്ന അമ്പഴങ്ങവലിപ്പമുള്ള, പുളിയും മധുരവും മണവുമുള്ള 'ചുണ'ക്കുട്ടികളെ പെറുക്കിക്കൊണ്ടുവരണം. കൊതിയുടെയും ആക്രാന്തത്തിന്റെയും ആൾബലത്തിനനുസരിച്ച് പത്തിരുപതു മാങ്ങയെങ്കിലും വേണേ.
ആ കുഞ്ഞൻ മാങ്ങയെ 'മാങ്ങ'യെന്നു വിളിയ്ക്കുമ്പോൾ പോലും വാത്സല്യം വരും. ല്ലേ? പെരുപെരുത്ത തടിയ്ക്കുമേൽ തലപ്പാവുയർത്തിക്കെട്ടി അണ്ണാനും പക്ഷികൾക്കും കുരങ്ങനും പയ്യിനുമെല്ലാം കൊതിയാറോളം തിന്നാൻ ഓരോ ചെല്ലക്കാറ്റിലും മഴയിലും ഫലങ്ങളുതിർത്തുനിൽക്കുന്ന മുതുമുത്തശ്ശി മരങ്ങളെയൊക്കെ കാണാൻ ഭാഗ്യമുള്ളവർ അടുത്ത തലമുറകളിലുണ്ടായിരിയ്ക്കുമോ! കവുങ്ങിൻപാള വളച്ച് ഈർക്കിലി കുത്തിയോ വാഴനാരുകൊണ്ട് കെട്ടിയോ ഉണ്ടാക്കിയ വട്ടി നിറയെ മാമ്പഴം രാവിലെയും വൈകിട്ടും പെറുക്കിക്കൊണ്ടുവരാം. എന്നിട്ട് വയറുനിറയെ പലപല വിഭവങ്ങളുണ്ടാക്കിത്തിന്നാം. ഓരോ നേരവും കിണ്ണത്തിനോരത്ത് കടിച്ചീമ്പി വെടിപ്പാക്കിയ എട്ടും പത്തും കുഞ്ഞുകുഞ്ഞണ്ടികൾ കാണും. യ്യോ! മാങ്ങ വിശേഷം പറഞ്ഞാൽ തീരുമോ!
കഴുകി വൃത്തിയാക്കിയ പഴുത്ത മാങ്ങ ഞെട്ടി മാത്രം ചെത്തിക്കളഞ്ഞ് ഉള്ളിൽ അഭയാർത്ഥികളോ അധിനിവേശക്കാരോ ഒട്ടകങ്ങളോ അറബികളോ ഇല്ലെന്നു നോക്കാലും വാക്കാലുമുറപ്പിയ്ക്കുക. തോലു കളയേണ്ടതില്ല. വശങ്ങൾ ചെത്തിയിടുക. അപ്പോൾ ഒരു മാങ്ങ മൊത്തം മൂന്നു കഷ്ണമാവും. രണ്ടു വശങ്ങളും നടുക്കണ്ടത്തിൽ അണ്ടിയും ചുറ്റമ്പലവും. ഇനിയതിൽ ഒന്നൊന്നര ഗ്ലാസ് വെള്ളമൊഴിച്ചു വേവിയ്ക്കാൻ വെയ്ക്കണം. ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, ശർക്കര ഒക്കെ വരിവരിയായി പോരട്ടെ. പത്തു മാങ്ങയ്ക്ക് ഒരച്ച് ശർക്കര വേണ്ടിവരും. അടച്ചുവെച്ച് ഇടത്തരം തീയിൽ 20- 30 മിനിറ്റ് വേവുണ്ട്. കുക്കറിലിട്ട് വേവിയ്ക്കുന്നെങ്കിൽ വെള്ളമിത്തിരി കുറച്ചോളൂ. മാങ്ങയും ശർക്കരയും... അവർക്ക് തീയിനോട് സ്നേഹാ. അടീപ്പിടിച്ചങ്ങ്
സ്നേഹിയ്ക്കും. അവര് കരിയും. നമ്മള് കരയും. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കണേ. ഇന്റാലിയം ചീനച്ചട്ടി പോലെ അടി കനമുള്ള പാത്രം മതി.
വെന്തു വറ്റിവരുമ്പോൾ ചിരകിയ നാളികേരമിട്ട് ഇളക്കിക്കോളൂ. പ്ദുപുദു പരുവം മാറി വരുമ്പോൾ തീയണച്ച് നല്ലൊരു വറവിട്ടോളൂ. വെളിച്ചെണ്ണ, കടുക്, കറിവേപ്പില, നാല് അരിമണി. ഇത്രേം മതി വറവിൽ. ചോറിനു ചേർത്തു കഴിയ്ക്കാം. പക്ഷെ എല്ലാരുടെയും കിണ്ണത്തിൽ അണ്ടികൾ ഓരം പറ്റുന്നത് ചോറുണ്ട് കഴിഞ്ഞ്, വാചകമടിച്ച്, നക്കിനക്കി, മറ്റവന്റെ കിണ്ണത്തിലൊളിനോട്ടമെയ്ത് എണ്ണം പിടിച്ച് പിന്നേം ചട്ടീന്ന് വിളമ്പിയെടുത്ത്... അങ്ങന്യൊക്കെയാണ്. കുഞ്ഞുവാവകള് കുളിച്ചുവരുമ്പോ തലേലെ നാലു നനുത്ത പൂട ചീകി വെച്ച പോലെ അരുമയായി നിക്കില്ലേ? അതുപോലെ മുടി കോതി അരുമയായൊതുക്കി താലോലിച്ച് നക്കിയീമ്പിയിട്ടാണ് ഓരോ അണ്ടിയും തുണപോകാനാളെക്കാത്ത് ഒരുങ്ങിയിരിയ്ക്കുക.
ഉപ്പാെക്കെ ഒരു പാകത്തിട്ടാൽ ഉപ്പേരി അങ്ങനെതന്നെ തിന്നു തീരും. എന്നാലും അത്താഴത്തിനു വീണ്ടും ചോദിച്ചുപോകും, "അമ്മാ, ബാക്കീണ്ടെങ്കിൽ എനിയ്ക്ക് ട്ടോ"ന്ന്.
ഒരു ധൃതനോട്ടം
...........................
പഴുത്ത നാട്ടുമാങ്ങ
ഉപ്പ്
മുളകുപൊടി
മഞ്ഞൾപൊടി
ശർക്കര
വെള്ളം
-വെന്തു വറ്റുമ്പോൾ ചിരകിയ നാളികേരമിട്ടിളക്കി വറവിട്ട് തീയണയ്ക്കാം.
പഴമാങ്ങയില്ലെങ്കിൽ പുളിയുള്ള പഴുത്തമാങ്ങ ഏതുമാകാം.
എന്നാലും; സഹോദരങ്ങളോടും സുഹൃത്തുക്കളോടും തോന്നുന്നപോലൊരു ആത്മബന്ധം മാങ്ങയോട് തോന്നുന്നതെന്തായിരിയ്ക്കും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ