പോവുകയാണ് പ്രിയപ്പെട്ടവളെ. പടികടന്നു കർണാടകത്തിലേയ്ക്ക് ചേക്കേറി പതിനെട്ടുകൊല്ലം കഴിഞ്ഞു. 2010ൽ പ്രസവം കഴിഞ്ഞെണീറ്റ് പോയതിൽ പിന്നെ രണ്ടുനാലു നാളിലേറെ നിന്റെ മടിത്തട്ടിൽ ഇതാദ്യമല്ലേ? അവധിക്കാലം മുഴുവൻ സ്നേഹവാത്സല്യങ്ങളോടെ, കരുണയോടെ എന്നെ കാത്തില്ലേ? പാടത്തും തൊടിയിലും കറങ്ങി അയലത്തെ തേൻവരിയ്ക്കയുടെ മണവുമേറ്റി വരുന്ന ആ കൈകളൊന്നു നീട്ടൂ. ഞാനൊന്നുമ്മ വെയ്ക്കട്ടെ. എന്റെ കൈരളിപ്പെണ്ണേ, കളവാണീ.
മാഞ്ചുണ വീണു കല വന്ന പൈതലിന്റെ മുഖം എന്നെ ആനന്ദിപ്പിച്ചു. തണുതണെയുള്ള ഉപ്പുചുവയ്ക്കാത്ത വെള്ളത്തിലാറാടി അവളുടെ പട്ടുമുടി പിന്നേയുമിരുണ്ടു. കാരോലപ്പവും കണ്ണിമാങ്ങയും മാത്രമല്ല കഞ്ഞിയും കപ്പയും പുട്ടും പുളിശ്ശേരിയും.. നീ നീട്ടിയതെല്ലാം രുചിയറിഞ്ഞു കഴിച്ച് മിനുങ്ങുന്ന കവിളുകളിൽ മാർദ്ദവമേറിയല്ലോ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ