2018 ഫെബ്രുവരി 9, വെള്ളിയാഴ്‌ച

ചിത്രം.

"ദൈവത്തിന്റെ മുറ്റം" എന്നു പേരിട്ട ചിത്രത്തിന്റെ discussion സമയത്ത് പ്രീതി പറഞ്ഞു. " അക്കക്കു വരച്ചൂടെ അക്കാ. നല്ല ഭാവനയുണ്ട്. കൈ വഴക്കവും."

ഊം. ചിത്രകാരിയാവാൻ ഇനിയും സമയമുണ്ട്. ചെറുപ്പത്തിലെ പല പല ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു അത്.

ചിത്രകാരിയായാൽ എന്തു വരക്കണം !!?
നിറയെ സാനിറ്ററി പാഡുകൾ വലിച്ചെറിയപ്പെട്ട പബ്ലിക് ടോയ് ലറ്റിലെ ഒരു വേസ്റ്റ് ബിന്നിന്റെ നരക ചിത്രം പെട്ടെന്ന് ഓർമ്മയിൽ വന്നു.(ചില വൃത്തികെട്ട കാഴ്ചകൾ എന്റെ മനസിൽ നിന്നും എത്ര വർഷം കഴിഞ്ഞാലും മറയില്ല. മറക്കാൻ മന:പൂർവം ശ്രമിക്കുമ്പോൾ പിന്നെയും പിന്നെയും ഓർമ്മ വരും.)
മനുഷ്യ രക്തം കുടിച്ചു മദോന്മത്തരായി ജീർണ്ണതയിലേക്കു കൂപ്പുകുത്തുന്ന സാനിറ്ററി പാഡുകൾ.. ഹാ ഹാ.. അതു തന്നെയാകട്ടെ എന്റെ പെയ്ന്റിംങ് '

ആർത്തവങ്ങൾ ഈ ലോകത്തിനൊരാശ്വാസമാണ്. മ. മക്കൾ ഉണ്ടാകുന്നില്ലായെന്നൊരാശ്വാസം . ഗർഭമില്ലെന്നും, ഭൂമിയിലെ ജീവന്റെ കടക്കൽ കടിച്ചീമ്പാൻ വാക്സിനും, ആന്റിബയോട്ടിക്കും കഴിച്ച് ദീർഘായുസ്സോ അമരത്വമോ വന്ന ഒരു കൃമി അടുത്ത പത്തു മാസത്തിനുള്ളിൽ ജനിക്കില്ലെന്നുമുള്ള ഒരു തത്കാല വാഗ്ദാനം.

മുപ്ത്തൊമ്പതാം വയസിൽ കേരളാപ്പീയെസ്സീന്നൊരു ഹോബി തെരഞ്ഞെടുത്ത ദിവസം ( ചെറുപ്പത്തിലെ പല പല ലക്ഷ്യങ്ങളിൽ മറ്റൊന്ന്) ഞാൻ ഫോളോ ചെയ്യാൻ തുടങ്ങിയ ''P Sc ആവർത്തന ചോദ്യങ്ങൾ " എന്ന ഗ്രൂപ്പിനെ ഒരു മാസത്തേക്കു ഞാൻ സ്നൂസ് ചെയ്തു. ഓരോ പ്രാവശ്യവും ചോദ്യം വായിക്കുന്നതിനും മുൻപ് ഞാൻ വായിക്കുന്ന ഹെഡ്ഡിംങ് " PSc ആർത്തവ ചോദ്യങ്ങൾ " എന്നായിരുന്നു.മടുത്തു. എന്തൊരു ഓർമ്മപ്പെടുത്തൽ.

എല്ലാ സ്ത്രീകളും "വയസ്സാവരുതേ" എന്നു പ്രാർത്ഥിക്കാറാണത്രേ. സ്ത്രീകളെക്കുറിച്ച് എല്ലാം പഠിച്ചു കഴിഞ്ഞ ഒരു ബന്ധു പറഞ്ഞ വചനമാണിത്. ഞാനാണെങ്കിൽ പതിന്നാലുവയസ്സു മുതൽ പല പ്രാവശ്യം അമ്പതിൽ നിന്ന് എന്റെ വയസ്സു കിഴിച്ച് പന്ത്രണ്ടു കൊണ്ട് ഗുണിച്ചു നോക്കിയിട്ടുള്ള ആളാണ്.
ഇപ്പോഴാണെങ്കിൽ സന്തോഷത്തോടെ മുപ്പതിന്റെ മുക്കാലുകളെ നാല്പതിലേക്ക് റൗണ്ട് ചെയ്ത് അമ്പതിൽ നിന്നു കിഴിക്കുന്നു.
ഹൊ !!പത്തിനെ പന്ത്രണ്ടു കൊണ്ട് ഗുണിച്ച്, വീണ്ടും അഞ്ചു കൊണ്ട് ഗുണിച്ച് പിന്നെ മൂന്നു കൊണ്ടെങ്കിലും ഗുണിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ