വിരൽത്തുമ്പിലെ ഒരു മൃദു സ്പന്ദനത്തിനപ്പുറം നീയും...
അതേ സ്പന്ദനത്തിനിപ്പുറം ഞാനും ലൈവായി നിൽക്കുമ്പോൾ
ഓർമ്മകളുടെ കയ്പ്പു വന്നെന്റെ വിരലിൽ പിടിച്ചുവലിക്കുന്നു.
മുകളിലേക്ക് ഓടി മറയുന്ന ചിത്രങ്ങളെ വലിച്ചുവലിച്ച് അങ്ങു മൊബൈൽ സ്ക്രീനിന്റെ ചക്രവാളത്തിലേക്കെറിഞ്ഞുകൊടുത്ത് ദിനമറിയാത്ത ഏതോ പഴയ താളുകളിൽ പോയി മുങ്ങി കിതപ്പാറ്റുന്നു എന്റെ വിരൽത്തുമ്പ്.
ഒരു നിമിഷം മതി മിണ്ടാൻ .
എല്ലാം മറക്കാൻ.
പിന്നെ, എല്ലാമോർമ്മിക്കാൻ.
ഉമ്മറത്തിണ്ണയിൽ അഭിമുഖമായിരുന്നു പാദത്തോടു പാദം ചേർത്ത് ദ്വാരപാലകരായി വീടുകാത്തതും, അത്താഴത്തിനു മുന്നേ പത്തായത്തിൻമേൽ കിടന്നു ഉറക്കം നടിച്ച് ഉറങ്ങിപ്പോയതും, പിന്നെ അമ്മയെ ണീപ്പിക്കുമ്പോൾ പാതിയുറക്കത്തിൽ പല്ലുതേക്കാനുള്ള മടി കാരണം മുഴുത്ത ഉറക്കം അഭിനയിച്ചതും നമ്മളൊന്നിച്ചായിരുന്നു.
വിതിനപ്പുറത്തെ ഉരുണ്ട ഭരണിയിൽ നിന്ന് പറിച്ചെടുക്കുന്ന പഴമയുടെ കൊതിപ്പിക്കുന്ന മണമുള്ള കറുത്തിരുണ്ട പുളിയുണ്ട പൊടിയുപ്പിൽ മുക്കി ഞരടി കോണിക്കൂട്ടിൽ കയറിയൊളിക്കുമ്പോൾ പങ്കിനായി കൈ നീട്ടിയിരുന്നവൾ.
വെള്ളിയാഴ്ച രാത്രികളിലെ പ്രേതസിനിമകൾ കാണാൻ ഒരേ പുതപ്പിന്റെ ധൈര്യപ്പാടക്കുള്ളിൽ എന്നോട് ചേർന്ന് കുന്തിച്ചിരുന്നവൾ.
നക്ഷത്രങ്ങൾക്കും, സുഗന്ധം വീശി വിരിഞ്ഞ പവിഴമല്ലി പൂക്കൾക്കും താഴെ നിലാവും നിഴലും ചിത്രം വരച്ച തിണ്ണയിലിരുന്ന് നൂറായിരം യുഗ്മഗാനങ്ങൾ പാടിയത് അവളോടൊത്തായിരുന്നു.
ഇന്ന്, പവിഴമല്ലിച്ചോട്ടിലെ മണ്ണിന് നീ അപരിചിതയായി.
പണ്ട്, കള്ളനും പോലീസും കളിച്ച ഇരുണ്ട ഇടനാഴികളും, വാതിൽ മറവുകളും നിന്നെ കൊതിപ്പിക്കുന്നില്ലേ?
കെടാവിളക്കിന്റെ നിറവെളിച്ചത്തിൽ, പച്ച ഡപ്പയിലെ വിഭൂതിയുടെ വശ്യമാം അലകൾക്കിടയിൽ ഏറെനേരം നോക്കി കിനാക്കൊള്ളുമായിരുന്ന മൂക്കു മുറിഞ്ഞ നീലകൃഷ്ണൻ ഇന്നും നിന്റെ മനസ്സിന്റെ മൂലപ്പടിയിൽ ചിരിച്ചു നിൽക്കുന്നില്ലേ?
വിരൽത്തുമ്പിന്റെ ഒരു സ്പന്ദനത്തിനകലെ നിന്റെ ഹൃദയം തേങ്ങുന്നത് എനിക്ക് കാണാം.
ഞാൻ ഉരുകുന്നത് നിനക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ