ആർക്കിമിഡീസിന്റെ കുളിത്തൊട്ടിയിൽ വെള്ളം നിറച്ചിരുന്നത് ഞാനായിരുന്നു. വെള്ളം ഏറ്റിയേറ്റി കൊണ്ടുവന്ന് തൊട്ടിയുടെ വക്കോളം നിറച്ചു ഞാനെന്നും കാത്തിരുന്നു. ഒന്നു തോന്നിപ്പിക്കാൻ. തോന്നലുണ്ടായപ്പോഴോ, ഒരു നന്ദി പോലും പറയാതെ പിറന്ന പടി എണീറ്റോടിയില്ലേ.
നന്ദി ആരാ പറഞ്ഞിട്ടുളളത് ന്യൂട്ടനോ? മൂപ്പര് പണക്കാരനും, രാഷ്ട്രീയക്കാരനും ഒക്കെ ആയില്ലേ. അപ്പോൾ ആപ്പിൾ മരച്ചോട്ടിൽ കൃത്യമായി ബെഞ്ച് ഉണ്ടാക്കിക്കൊടുത്ത ആശാരിയെ ആരോർക്കാൻ?
എല്ലാവർക്കും ഇതൊക്കെ നിമിത്തവും നിയോഗവും ഒക്കെയാണ് . എനിക്കാണെങ്കിൽ ഇതൊക്കെ ജന്മ സാധനയും സാഫല്യവും.
വാട്സന്റെയും ക്രിക്കിന്റെയും ലാബിൽ ഉണ്ടായിരുന്നു ഞാൻ. ആയിരമായിരം തെറ്റുകളിലൂടെ നടന്ന് അജ്ഞതയുടെ_ കഥകൾ മണക്കുന്ന, വർണ്ണാഭമായ ഇതളുകൾ അടർത്തി മാറ്റി നോക്കുമ്പോഴാണ് ശാസ്ത്രജ്ഞന് ശരികൾ കാണാനാവുന്നത്. തലപുകച്ചും, വെട്ടിയും, തിരുത്തിയും വർഷങ്ങൾ തപസ്സുചെയ്യുന്ന അവർക്ക് നേരത്തിന് കാപ്പി അനത്താനും, മൈക്രോസ്കോപ്പിലെ പൊടി തുടക്കാനും ജനിക്കുന്ന എനിക്ക് നന്ദിയും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട. പക്ഷേ റോസാലിൻ്റിനെ ഓർക്കുമ്പോൾ പാവം തോന്നുന്നു. മൂപ്പത്ത്യാര് എക്സ്-റേയിൽ കളിച്ചുകളിച്ച് അവസാനം അണ്ഡാശയത്തിൽ അർബുദം വന്ന് മരിച്ചുപോയി പാവം. ശാസ്ത്രത്തെ മാത്രം പ്രേമിച്ച ജന്മമായിരുന്നു. ഡിഎൻഎ ഘടനയുടെ അപഗ്രഥനത്തിന് മൂപ്പത്ത്യാരുടെ കൂടെ പണിഞ്ഞ വിൽകിൻസ് നമ്മുടെ വാട്സന്റെയും, ക്രിക്കിന്റെയും കൂടെ ഞെളിഞ്ഞു നിന്ന് നോബൽ സമ്മാനം വാങ്ങിച്ചു. റോസാലിന്റെന്ന പേരുപോലും നിങ്ങളുടെ ടെക്സ്റ്റ് ബുക്കിൽ ഉണ്ടോ പിള്ളാരെ?
എന്റെയൊന്നും പേര് നിങ്ങളെവിടെയും കാണില്ല. പേരിനെക്കുറിച്ച് പറയുമ്പോൾ ഓർമ്മ വരുന്നു. മെന്റലും, മെൻ്റലീവും. രണ്ടും കിടിലൻമാർ. മെൻ്റലീവ് രസതന്ത്രത്തിന്റെ പിതാവും, മെൻ്റൽ ജനിതക ശാസ്ത്രത്തിൻറെ പിതാവും. രണ്ടുപേരും കുറെ കഷ്ടപ്പെട്ടതാ. എന്നാലും നമ്മക്ക് ഓർക്കുമ്പോൾ കഷ്ടം തോന്നണത് പാതിരിയോടാണ്. മഞ്ഞും, വെയിലും ഒരുപാട് കൊണ്ട് നട്ടുവളർത്തിയ പട്ടാണിച്ചെടികളിൽ നിന്നും ഒരു മണി ഊരിപ്പോകാതെ, പുഴുതിന്നാതെ, വിതച്ചും, നനച്ചും, കണക്കെടുത്തും, വീണ്ടും വിതച്ചും... അങ്ങനെയങ്ങനെ എഴുതിയുണ്ടാക്കിയ കണക്കിന്റെ ജീവശാസ്ത്രവും, ജീവന്റെ ഗണിത തന്ത്രവും ഒറ്റ മനുഷ്യന്മാരും തിരിഞ്ഞുനോക്കിയില്ല_ മൂപ്പര് പരലോകത്തെത്തും വരെ.
എന്തേര്ന്നു !! കണ്ടത്തിൽ വിതച്ച മണി ഉരുണ്ടിട്ടോ, ചളുങ്ങീട്ടൊ, അതിന്റെ ചെടി കുള്ളനോ, നീളനോ, തോട് ചപ്പീതോ , ചീർത്തതോ, തോടിന്റെ, മണിയുടെ, പൂവിന്റെ നിറം... കണക്കെടുത്ത് വിതച്ച്, ഓരോ പൂവിലും കൃത്രിമ പരാഗണം നടത്തി, അളന്ന്, കുറിച്ച് പിന്നേം വിതച്ച്.. ഇതൊക്കെ ഒറ്റയ്ക്ക് ഒരാളെക്കൊണ്ടു് പറ്റുമോ ഞാനുണ്ടായിരുന്നു കൂടെ. എണ്ണാനും, കിളക്കാനും, നനയ്ക്കാനും എല്ലാം. ഒരു മാന്ത്രികവിദ്യയിലെന്നപോലെ എടുത്ത കണക്കുകളൊന്നും പിഴച്ചില്ല. അനുമാനങ്ങളും അച്ചട്ട്. ചെവിക്കുമുകളിൽ ദൈവമിരുന്ന് മന്ത്രിച്ചു കൊടുത്തതുപോലെ കിറുകൃത്യം. പക്ഷേ, കുറേക്കാലം ആരും തിരിഞ്ഞുനോക്കിയില്ല ആ പഠനം.
ആ പേപ്പറൊക്കെ നമ്മുടെ ചാൾസ് ഡാർവിൻ വായിച്ചു നോക്കിയിരുന്നെങ്കിലോ? അപ്പോൾ തകിടംമറിഞ്ഞേനെ ഈ ലോകം.
എത്ര വയസ്സുണ്ടെന്നോ? എനിയ്ക്കോ? കൂർത്ത കല്ലുകൊണ്ട് കൊത്തിനുറുക്കി മര വേരും പച്ചയിറച്ചിയും തിന്നു നടന്നിരുന്ന കാലം മുതൽ ഞാനില്ലേ? അന്നത്തെ കഥകൾക്ക് ഇന്ന് ഒരുപകാരവും കാണില്ല. നിങ്ങൾക്ക് അറിവുളള കാര്യംതന്നെ പറയാം.
ആ സുശ്രുതൻ ഓപ്പറേഷൻ കണ്ടുപിടിച്ച കാലത്തു ഞാനൊന്നാന്തരം ഒരു മൂശാരിയായിരുന്നു. ഞാൻ രാകി എടുത്ത കത്തിയും കൂർപ്പിച്ചെടുത്ത സൂചിയും ഇല്ലെങ്കിൽ കാണാമായിരുന്നു.
ഇനിയിപ്പോ ഞാൻ എവിടെയാണുള്ളത് എന്നാണ് ചോദ്യമെങ്കിൽ നിങ്ങളിൽ ഓരോരുത്തരിലും എന്നാണ് മറുപടി. ആരൊക്കെയോ ചേർന്ന് ലോകം പതിയെപ്പതിയെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ചിലർ വളരെ കഷ്ടപ്പെട്ടും, മറ്റുചിലർ ഭാഗ്യം കൊണ്ടു അനായാസമായും തിരിക്കുന്ന ഈ കാലചക്രത്തിൽ എവിടെയോ ഏതോ കണ്ണിയായോ, ഒരിറ്റ് എണ്ണയായോ നിങ്ങളും ഞാനും ഉണ്ട്. അങ്ങനെയാവുമ്പോൾ ഓരോ വിജയവും നമുക്കും അവകാശപ്പെട്ടതല്ലേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ