"ജാഹ്നവിക്ക് എല്ലാ വിഷയത്തിനും നല്ല മാർക്കാണ്. കണക്കിന് മാത്രം നാലുമാർക്ക് കുറഞ്ഞു. എന്തുപറ്റി മാഡം ? കണക്കവൾക്ക് ബുദ്ധിമുട്ടാണോ?''
'ആ. എനിക്കറിയില്ല' എന്നുപറയാൻ ചങ്കൂറ്റമില്ലാതിരുന്ന കാരണം പ്രോഗ്രസ് റിപ്പോർട്ട് ഗാഢമായി വായിക്കുന്ന നാട്യത്തിൽ ഞാനിരുന്നു .
'''കണക്കിനു് മാർക്ക് കുറഞ്ഞില്ലായിരുന്നെങ്കിൽ ഇത്തവണ അവൾക്ക് ക്ലാസ്സിൽ ഫസ്റ്റ് കിട്ടുമായിരുന്നു."
"ഇപ്പോഴെത്രാം സ്ഥാനമാണു ടീച്ചർ? " ഇത്തവണ മറക്കാതെ ചോദിക്കാൻ പറ്റിയതിൽ അഭിമാനം തോന്നി. പലപ്പോഴും ചിരിച്ചു വർത്തമാനം പറഞ്ഞ് ഒപ്പിട്ടുവരുമ്പോൾ അവളുടെ ഏതെങ്കിലും ക്ലാസ്മേറ്റ്സിന്റെ പാരന്റ് ചോദിക്കും 'എത്രാം സ്ഥാനമാണ്, എത്രശതമാനം ' എന്നൊക്കെ അപ്പോൾ മറുപടി പറയണ്ടേ. വർഷത്തിൽ നാലഞ്ചു തവണ പ്രോഗ്രസ് റിപ്പോർട്ടിൽ ഒപ്പിടാൻ വരുന്ന അനുഭവസ്ഥയായ ഒരു പാരന്റിലേക്ക് രണ്ടാം ക്ലാസുകാരിയുടെ അമ്മ വളർന്നിരിക്കുന്നു.
കണക്കിലെ നാലു മാർക്ക് നഷ്ടത്തിൽ റാങ്കുസംഖ്യ രണ്ട് ഡിജിറ്റലിലേക്ക് കടന്നുവോ ആവോ. ടീച്ചർ കൃത്യമായ മറുപടി തന്നില്ല. മോളിനി കണ്ടപാടെ ചോദിക്കുമ്പോൾ എന്തു പറയാനാണ്. അരക്കും, കാലിനും, അരക്കാലിനും വരെ റാങ്ക് അടിച്ചോണ്ട് പോകുന്ന അത്യന്തം മത്സര തീക്ഷ്ണമായ രണ്ടാം ക്ലാസിലെ F. A .4 പരീക്ഷയാണ്.
ഹോ, നമ്മുടെ കാലത്തൊക്കെ എന്തു സുഖായ്രുന്നു ടീച്ചർമാർക്കും, കുട്ട്യോൾക്കും . ഒരു കാക്കൊല്ലപരീക്ഷ, ഒരു അരക്കൊല്ല പരീക്ഷ, ഒരു കൊല്ലപ്പരീക്ഷ. ഇപ്പോഴോ..
FA - 1, FA - 2, SA - 1, FA - 3, FA - 4, SA - 2, ഇതിന്റെയൊക്കെ ഇടയിൽ പുട്ടിന് തേങ്ങയിട്ട പോലെ യൂണിറ്റ് ടെസ്റ്റുകളും. അമ്പമ്പോ ! ഇതിനിടയിൽ പഠിപ്പിയ്ക്കാൻ സമയം കിട്ടുന്നുണ്ടോ ആവോ! പാവം പ്രൈവറ്റ് ടീച്ചർമാർ. അവരുടെ ഉറക്കം തൂങ്ങിയ കണ്ണിന്റെ വരണ്ട വരദാനങ്ങളാണ് ഈ ചോദ്യക്കടലാസുകളും, വർക്ക് ഷീറ്റുകളും, പിന്നെ, ഉത്തരക്കടലാസിലെ ചുവന്ന വരകളും.
'' മാഡം, കണക്കിൽ എന്താണവൾക്ക് പ്രശ്നം? എന്തേലും പരാതിയുണ്ടോ? ഫീഡ്ബാക്ക് ബുക്കിതാ. വീട്ടിൽ നിന്നൊന്നു ശ്രദ്ധിക്കണേ കണക്കിൽ."
" ശരി ടീച്ചർ. ശ്രദ്ധിക്കാം." (അതു നുണയാണ് ട്ടൊ. കല്ലുവെച്ച നുണ ) ഫീഡ്ബാക്ക് ബുക്കിൽ സ്കൂളിനോടുള്ള നന്ദി മാത്രം എഴുതിക്കൊടുത്തു.
" കണക്കിൽ എന്തു പറ്റിയെടാ?"
അച്ഛന്റെ ചോദ്യത്തിന് ആളുടെ ഉത്തരം "സില്ലി മിസ്റ്റേക്സ് " എന്നായിരുന്നു.
" രണ്ടാമതൊന്നു കൂട്ടി നോക്കിയില്ലേ?"
" ഇല്ലച്ഛാ. സമയം കിട്ടിയില്ല. കണക്കു പരീക്ഷക്ക് ഏറ്റവുമവസാനം പേപ്പർ കൊടുത്തത് ഞാനാണ്."
" അതെന്തു പറ്റി?"
ഞങ്ങൾ ആശ്ചര്യ ചകിതരായി.
"അതേയ്, എന്റടുത്തിരുന്ന സൂഫിയ ഭയങ്കര കോപ്പിയടി ആയിരുന്നു. ഇതാ ഇങ്ങനെ.. " കഴുത്തു നീട്ടി, കണ്ണുമിഴിച്ച് അഭിനയിച്ചു കാണിച്ചു തന്നു സൂഫിയയുടെ മിസ്ക്രീപൻസി.
" എന്നിട്ട് !! "
''എന്നിട്ടെന്താ, അവൾ പരീക്ഷ കഴിഞ്ഞ് പേപ്പർ കൊടുത്തതിനു ശേഷമാണ് ഞാൻ ഉത്തരമൊക്കെ എഴുതിയത്."
' ഞാനാരാ മോൾ, എന്നോടാ കളി ' എന്നൂറ്റം കൊള്ളുന്ന എന്റെ കുഞ്ഞു ബുദ്ദൂസെ നിനക്കെന്റെ നിറഞ്ഞ സ്നേഹം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ