2018 ഫെബ്രുവരി 2, വെള്ളിയാഴ്‌ച

പ്രണയം.

"പ്രണയം പുരുഷനോ, സ്ത്രീയോ?"

" ആവോ! എന്തായാലും ക്രൂരമാണ്. "

"സുഖത്തിലേറെ ദു:ഖമേകിലും
വടിയോങ്ങുമമ്മക്കരികിൽ
' അമ്മേ' യെന്നു കേഴുന്ന കുഞ്ഞായി,
അരുതാത്ത കനലിനെ പുണരുന്ന കടലാസായ് മാറുമെൻ
ബാലിശമനസാകുന്നു പ്രണയം."

"ഓ, സൂര്യനെ സ്നേഹിച്ച മഞ്ഞുതുള്ളി ?"
" exactly"

"നീയാകെ മാറി. എത്ര കണിശക്കാരിയായിരുന്നു"
" ശരീരം കൊണ്ടു മാത്രമാണിപ്പോൾ ജോലി.മനസ്സെവിടെയോ പുൽമേട്ടിൽ പാറി നടക്കുന്നു."

"നീയിഷ്ടപ്പെടുന്നുണ്ടോ ഈ മാറ്റം?
" ഇല്ല."


"നീയറിയുന്നുണ്ടോ ഈ മാറ്റം ?"
"അറിയാനിഷ്ടമില്ല."


"ഒളിച്ചോട്ടമാണോ?"
"അല്ല. നഷ്ടപ്പെടലാണ്.
ജ്വാലയ്ക്കടിയിൽ ഉരുകിയ മെഴുകിൻ വിളുമ്പിൽ ഉയർന്നു കത്തി വായുവില ലിയാൻ വെമ്പി നിൽക്കവേ ...
തൂവിത്തെറിച്ച് നിലത്ത് ചിന്നി, വെളുത്തുണങ്ങി ഒരു കറയായിപ്പോയാലും..
ഈ നഷ്ടപ്പെടലിനൊരു സുഖം."


"അന്ധമാം പ്രേമം. അമരമാണോ?"
"അനശ്വരം. "


"ഒന്നു കാണുന്നിടം വരെ, മിണ്ടുന്നിടം വരെ. അതുമല്ലെങ്കിൽ കയ്യിൽ കിട്ടുന്നിടം വരെ."
"ഓടിന്നിടയിലൂടെ ഊർന്നിറങ്ങുന്ന വെയിൽ ച്ചീളിനെ പിടിയ്ക്കാനാകുമോ?"


"പിടിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ ഇല്ലാതാകുന്നതെന്തോ അതാണ് നിന്റെ പ്രണയം?"
" നുരഞ്ഞ് പതഞ്ഞ് ആർത്തിരമ്പുന്ന കടലിനെ ഒരു സൂചിക്കുഴയിലൂടെ നോക്കിയാലും കാണാം."


"ഒന്നും മനസ്സിലായില്ല.''
"ഒരിക്കലും മനസ്സിലാക്കാവുന്നതല്ല അനുഭവിക്കാൻ മാത്രമാകുന്നതാണെങ്കിലോ പ്രണയം?"


" മാറ്റമില്ലേ?"
"എന്റെ പ്രണയം നരയാണ്. എത്ര ചായം പൂശിയാലും, മുളയ്ക്കുന്ന, നീളുന്ന ഓരോരോ നാമ്പിലും വെള്ളി രേഖയായി ഉയിർത്തെഴുന്നേൽക്കുന്ന നര"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ