ബസിൽ കയറിയ ഉടനെ കുഞ്ഞിക്കിളി ചിലച്ചു.
"അമ്മാ കഥ കഥ, അച്ഛാ കഥ കഥ."
അച്ഛൻ ഉഴപ്പി. ഇന്നലെ ഞാൻ രണ്ടുകഥകൾ പറഞ്ഞില്ലേ ഇന്നമ്മ. "
''അമ്മാ ഇന്ന് അമ്മ തന്നെ പറയണം."
ഉഴപ്പി നോക്കി. രക്ഷയില്ല. സ്ഥിരം നമ്പറിടാം.
"ഒരു മുത്തശ്ശി കിണറ്റു വക്കത്തിരുന്ന് തുന്നുകയായിരുന്നു. സൂചി കിണറ്റിൽച്ചാടി. എന്ത് ചെയ്യും?"
" നൂലിൻമേൽ പിടിച്ചു വലിച്ചുവലിച്ചെടുക്കും."
ഭയങ്കര ഗൗരവത്തിലാണ് മറുപടി.
"അല്ലടേയ്. ഇന്ന് നൂല് ചെറുതായിരുന്നു. അതും കയ്യീന്നു പോയി. "
''ഊം. പറ." തീരെ രസിച്ച മട്ടില്ല. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഞാനും ഗൗരവത്തിൽ കാച്ചി.
''അതേയ്, ഒരു കാന്തം നൂലിൽ കെട്ടി കിണറിന്റെ അടിയിലേക്ക് താഴ്ത്തി. അപ്പോ, സൂചി അതിലൊട്ടി. പിന്നെ വലിച്ചു വലിച്ചു അങ്ങെടുത്തു. അത്രന്നെ."
"ഇതു കഥയല്ല. കഥ പറ."
".... "
" കഥ കഥ കഥ "
ഉണങ്ങിവരണ്ട വഴിയോരക്കാഴ്ചകൾ പോലെ മനസ്സും പൊടിപിടിച്ചു കിടക്കുന്നു. വെറുതെയൊരു വാചകത്തിൽ ശൂന്യതയിൽനിന്നങ്ങു തുടങ്ങി.
"ഉണ്ണിക്കുട്ടൻ അരിക്കൊണ്ടാട്ടം തിന്നുകയായിരുന്നു."
" എന്നിട്ട്?"
" ഒരു കഷണം വായിലേക്കിട്ടപ്പോൾ അങ്ങു താഴെ ചാടി."
" എന്നിട്ടെന്നിട്ട്?''
വിടൂല്ലല്ലെ മോളെ. എന്നാ താങ്ങിക്കോ. ഒരു കഥയങ്ങ് പോയ വഴിയെ തെളിക്കാം.
" അരിക്കൊണ്ടാട്ടം കട്ടിലിൻ ചുവട്ടിൽ ഒളിച്ചു. ഉണ്ണിക്കുട്ടന്റെ പല്ലിനെ പേടിയായിരുന്നു അതിന്. അങ്ങനെ ഇരുട്ടിൽ ഒളിച്ചു അത്. "
" ചെറിയ കഥ പറ്റില്ലമ്മേ ഇന്ന് വല്യ കഥ തന്നെ വേണം."
മോള് താക്കീത് ചെയ്തു.
"രാത്രിയായി. ഉണ്ണിക്കുട്ടന്റെ വീട്ടിലെല്ലാവരും ലൈറ്റോഫാക്കി ഉറങ്ങി. അപ്പോഴുണ്ട് വരുന്നു രണ്ടു കൂറകൾ. കോക്രോച്ചസ്. അതു പതിയെ അരിക്കൊണ്ടാട്ടം തിന്നാൻ തുടങ്ങി. ക്റും. ക്റും. അരിക്കൊണ്ടാട്ടത്തിന് ചെറുതായി നൊന്തു. ഉണ്ണിക്കുട്ടൻ ഒറ്റക്കടിക്കങ്ങ് തിന്നാ മതിയായിരുന്നു. ഇതിപ്പോ എത്രനേരാണ്ച്ച്ട്ടാ. കുറച്ചീശെ. ല്ലേ?"
" എന്നിട്ട്? പറയൂ."
'' രാവിലെയായപ്പോൾ ഉണ്ണിക്കുട്ടന്റെ അമ്മ അടിച്ചുവാരി കുപ്പ കൊണ്ടോയി തെങ്ങിൻ ചോട്ടിലിട്ടു. നമ്മുടെ അരിക്കൊണ്ടാട്ടം മാനംനോക്കി കുപ്പയിൽ കിടന്നു. കുറച്ചു കഴിഞ്ഞപ്പോ ഉറുമ്പുകൾ ചുറ്റുംകൂടി. അമ്മോ. അരിക്കൊണ്ടാട്ടത്തിന്റെ മേലെമ്പാടും ഉറുമ്പുകൾ കയറിയിരുന്ന് കടിക്കാൻ തുടങ്ങി. മൂളിക്കൊണ്ടൊരു ഈച്ചയും വന്നിരുന്നു. ഉണ്ണിക്കുട്ടൻ തിന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്ന് അരിക്കൊണ്ടാട്ടമോർത്തു."
"അമ്മാ, നിർത്തല്ലൂ. പറയൂന്ന്. ഈച്ചയും കടിച്ചോ? "
" ഈച്ച കടിച്ചല്ല തിന്നുക. അത് ആദ്യം അരിക്കൊണ്ടാട്ടത്തിൽ തുപ്പി. ''
'' എന്ത് തുപ്പി?"
"തുപ്പലേയ്. ഉമിനീര്. എന്നിട്ട്, അതിലലിഞ്ഞ ഭാഗം ഉറുഞ്ചിക്കുടിച്ചു കൊണ്ടിരുന്നു. ഈച്ചേടെ മേലുണ്ടായിരുന്ന ബാക്ടീരിയയൊക്കെ അരിക്കൊണ്ടാട്ടം കിട്ടിയ സന്തോഷത്തിൽ പെറ്റുപെരുകി തിന്നു തിമർത്തു."
'' ബാക്ടീരിയ?"
" ഈ ഈച്ച വൃത്തികേട്ലൊക്കെ പോയി വരികയല്ലേ. കയ്യും, കാലും കഴുകീട്ടാണോ തിന്നാൻ വരുന്നത്?"
" ശരി. എന്നിട്ട്?"
" എന്നിട്ടെന്താ, കുറച്ചുകഴിഞ്ഞപ്പോൾ ഒരു കാക്ക വന്നു കൊത്തി. അരി മുറുക്കിനു നൊന്തു. പക്ഷേ ഈച്ചയും എറുമ്പുമെല്ലാം ഓടിപ്പോയല്ലോ."
" മുറുക്കല്ലമ്മേ. കൊണ്ടാട്ടം.''
" ആ . അതുതന്നെ. കാക്കയതും കൊത്തിപ്പറന്നു. കൂട്ടിൽ മക്കൾ വിശന്നിരിക്കുന്നുണ്ടേയ്. കുളത്തിന് മേലേക്കൂടെ പറന്നപ്പോൾ കൊണ്ടാട്ടം കുളത്തിൽ വീണു. ഉടനെ തുടങ്ങിയില്ലേ മീനുകൾ കടിച്ചു പറിക്കാൻ. അവറ്റകൾ നീന്തിക്കുതിച്ചു വന്ന് കടിക്കുമ്പോൾ ഫുട്ബോൾ പോലായില്ലേ നമ്മുടെ കൊണ്ടാട്ടത്തിന്റെ അവസ്ഥ. അങ്ങോട്ടുമിങ്ങോട്ടും തെന്നിത്തെന്നി അത് വെള്ളത്തിൽ താഴാൻ തുടങ്ങി. ഉള്ളിലൊക്കെ വെള്ളം കയറി ചീർക്കാനും തുടങ്ങി. "
" ചീർക്കേ? ''
"ഊം. ചില സാധനങ്ങൾ വെള്ളത്തിൽ വീണാൽ വെള്ളം കുടിച്ചങ്ങു വലുതാകില്ലേ?"
" കോൺഫ്ലേക്സ് പോലെ. ചോക്കോസ്. "
"ആ. അതുതന്നെ. അപ്പോഴത്തേക്കും ഒരു വലിയ മീനങ്ങു വന്നു വിഴുങ്ങി നമ്മുടെ ആളെ. കഥ കഴിഞ്ഞൂട്ടൊ മോളെ. മിണ്ടാതിരുന്നോ ഇനി."
ഞാനെന്റെ മൊബൈൽ എടുത്തു. മകൾ സംതൃപ്തയായി അച്ഛന്റെ മടിയിൽ ഉറങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ