ബുധനാഴ്ച ആറുപിരീഡ് ക്ലാസ്സുകൾക്ക് ശേഷം വൈകിട്ടത്തെ ഒന്നര മണിക്കൂർ റെമെഡിയൽ ക്ലാസ് ശരിക്കും ചോരയൂറ്റുന്ന പണി തന്നെയാണ്. നീരടിഞ്ഞു കനംവെച്ച തുടങ്ങിയ മുട്ടുകാലും വേദന തുടങ്ങിയ ഉപ്പൂറ്റിയും കാറിക്കാറി കീറാൻ തുടങ്ങിയ സ്വനതന്തുക്കളും ആമാശയം തിന്നാനൊരുങ്ങുന്ന വിശപ്പും കൊണ്ടാണ് ക്ലാസ് തുടങ്ങുകയെങ്കിലും തികച്ചും ഉന്മേഷവതിയായി, സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് ഒന്നര മണിക്കൂറിനു ശേഷം ക്ലാസിൽ നിന്നിറങ്ങുക.
ആറാംക്ലാസിലെത്തിയെങ്കിലും മൂന്നാംക്ലാസിന്റെ ബുദ്ധിയുള്ളവരും ഉള്ള ബുദ്ധി മുഴുവൻ അലസതക്കും വികൃതിക്കും തീറെഴുതിക്കൊടുത്തവരും കൂടി ഒരു പത്തിരുപത്തഞ്ചു പേർ.
അവർക്കെന്നോട് സ്നേഹമാണ്. ബഹുമാനവുമുണ്ട്. എനിക്ക് തിരിച്ചും.
ഏതു പാഠഭാഗമാണ് പഠിയ്ക്കേണ്ടതെന്ന് തീരുമാനിക്കുന്നതവരാണ്. ഭൂരിപക്ഷത്തിന്റെ ആവശ്യാനുസരണം ഇന്നെടുത്ത പാഠം 'ജലം'.
ജലത്തിന്റെ ചിപ്പിക്കൂടിനുള്ളിൽ വിരിഞ്ഞ ജീവന്റെ മുത്തായ ഭൂമിയിൽ തുടങ്ങിയ പാഠം മക്കളുടെ മാതൃഭാഷയായ കന്നടയിൽ കഥ മെനഞ്ഞും താക്കോൽ വാക്കുകളായ ശാസ്ത്രപദങ്ങളെ ആംഗലേയത്തിൽ ആവർത്തിച്ചുറപ്പിച്ചും അവരറിയാതെ, എന്റെ കൈത്തണ്ടയിലെ വാച്ചറിയാതെ മുന്നോട്ടു പോയി.
മറ്റു വസ്തുക്കളിൽ നിന്നും, കൂട്ടുകാരിൽ നിന്നും ഊർജ്ജം തട്ടിപ്പറിച്ച് ആകാശത്തിലെ സ്വാതന്ത്ര്യത്തിലേക്കു പറക്കുന്ന സ്വാർത്ഥമതികളായ നീർക്കുഞ്ഞന്മാർ തണുത്ത കാറ്റേറ്റ് ഊർജ്ജം നഷ്ടപ്പെടുമ്പോൾ ഒരുമയുടെ ഭാഷ പഠിക്കുമെന്നും അവസാനം ഭാരമേറി, നിലയറ്റ് നിലത്തോട്ടു പതിക്കുമെന്നും കളിച്ച്, ചിരിച്ച്, ഒച്ചയിട്ട് പഠിച്ചപ്പോൾ അവരുടെ കണ്ണുകളിൽ വിരിഞ്ഞത് എനിക്കുള്ള പ്രതിഫലമായിരുന്നു.
തിരക്കൊഴിഞ്ഞ് ശാന്തമായ സ്കൂൾ മൈതാനത്ത് എന്റെ മക്കളുടെ ശബ്ദം മാറ്റൊലി കൊണ്ടു. ഒരു പകലിന്റെ ആട്ടം കഴിഞ്ഞ് തളർച്ചയോടെ ഒറ്റയ്ക്കും തെറ്റയ്ക്കും വീടുകളിലേക്ക് പുറപ്പെട്ട ടീച്ചർമാർ മൈതാനത്തിനു നടുവിൽ നിന്നു പകച്ചു ചുറ്റും നോക്കി. 'എവിടുന്നാണ് ഈ ഹർഷഘോഷം!'
ശിശിരത്തിൽ ഒരു പുതപ്പിനടിയിൽ കെട്ടിപ്പിടിച്ച് കിടക്കുന്നതും ഉഷ്ണത്തിൽ പരസ്പരം വേർപെട്ട് അകന്നു പോകുന്നതുമായ സഹോദരങ്ങളായി ജലകണങ്ങളുടെ കണ്ടൻസേഷനും ഇവാപറേഷനും ഞാനൊരു ഏകാംഗ നാടകത്തിൽ അഭിനയിച്ചു തീർത്തു.
ചിതറിയോടുന്ന ആനക്കൂട്ടത്തെ ഓർമിപ്പിക്കുന്ന കൈയക്ഷരമുള്ള പ്രേരിത ചോദ്യങ്ങൾക്കെല്ലാം ചാടിയെണീറ്റ് ഉത്തരം പറഞ്ഞു. എട്ടാം ക്ലാസിന്റെ ഉയരവും അഞ്ചാം ക്ലാസിന്റെ വിവരവുമുള്ള രക്ഷിത പോലും ഉത്തരങ്ങൾ പറഞ്ഞു. സഹനയും ഹേമന്തും എല്ലാം മനസ്സിലായപോലെ തലയാട്ടി.
എപ്പോഴും നിഗൂഢമായ മനോവൃത്തികളിൽ ലയിച്ചിരുന്ന് ചിരിക്കുന്ന ഹേംശങ്കർ പിരിഞ്ഞുപോകുന്നേരം വീണ്ടുമൊരു ഗുഡാഫ്ററർ നൂണും ഗുഡീവനിംഗും ഫ്രീയായി തന്നു.
'ഇതെല്ലാം ഇന്നുതന്നെ ഒന്നുകൂടി വായിക്കണം' എന്നാവർത്തിച്ചാവർത്തിച്ചു പറയുമ്പോഴും എനിക്കറിയാം ഉത്തരക്കടലാസിൽ ഏറെയൊന്നും പ്രതീക്ഷിയ്ക്കേണ്ടെന്ന്.
എന്നാലും.. എന്നെങ്കിലും വളർന്ന് ഒരച്ഛനോ അമ്മയോ ആയി അവരുടെ മക്കളെ പഠിപ്പിയ്ക്കുമ്പോളെങ്കിലും ഇതവർക്ക് ഉപകാരപ്പെടുമെന്ന് എനിക്ക് വെറുതേ സന്തോഷം തോന്നി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ