" കാർകൂന്തൽ കെട്ടിനെന്തിനു വാസനത്തൈലം .. നിന്റെ വാർനെറ്റിത്തടത്തിനെന്തിനു സിന്ദൂരത്തിലകം?
പെങ്കുട്ട്യോള് മുടി നീട്ടി വളർത്തണമെന്നു പറഞ്ഞ പൗരാണിക കാർന്നോമ്മാര് തല പൊട്ടിത്തെറിച്ചു ചത്തുപോട്ടെ - ഒരിക്കൽക്കൂടി.
ജാനൂട്ടിക്കാണെങ്കിലോ മുടി നീട്ടി വളർത്താൻ മോഹം.
ജാനൂട്ടീടെ മുടിയാണെങ്കിലോ പട്ടു പോലെ മിനുത്ത് മിനുത്ത് .. പിന്നുമ്പോൾ കെട്ടിൽ നിന്നൂർന്ന് .. വകയുമ്പോൾ പടർന്ന് ..
"നിക്ക് നേരായി. രാവിലെ ണീറ്റ് മുടിയൊന്നു വേറെടുത്തൂടെ ടീ"
നിന്റെ മുടിയുടെ വേര് ഞാനെടുക്കം എന്ന മട്ടിലാണെന്റെ ചീകൽ. സമയം 7.47. കന്നട പ്രാദേശിക വാർത്തകൾ കഴിഞ്ഞ് ചലച്ചിത്ര ഗാനങ്ങൾ തുടങ്ങി. ദൈവമേ... പത്തുർപികയ്ക്ക് അഞ്ചാളെ കയറ്റിക്കൊണ്ടു പോകുന്ന രണ്ട് ഓട്ടോകൾ നിറഞ്ഞൊഴിഞ്ഞാലേ ഞാൻ സ്ക്കൂളിന്റെ പടിയ്ക്കലെത്തൂ.
" ഏഴാം ക്ലാസിലെ ഹംസശ്രീ മുടി പിന്നെയും പറ്റെ വെട്ടി. എന്തു ഭംഗ്യാ കാണാൻ. ബോയ് കട്ടാടീ.ബോയ് കട്ട്. അമ്മ ജോലിക്കാരായാൽ അങ്ങനെയാ കുട്ട്യോള് ."
"ഇങ്ങട് തിരിഞ്ഞ് നിക്ക്. കണ്ണാടില് അമ്മേടെ കുട്ടി പിന്നെ നോക്ക്. പൊട്ടമുടി.''
" എന്നും പുലർച്ചെ നമ്മടെ മോൾടെ കുഞ്ഞി മുടിക്ക് നിന്റെ ശാപം.'' ജനണ്ണന്റെ സെന്റി .
ആ കെടക്കണൂ. ഞാൻ നനഞ്ഞ പഞ്ഞി.
സോറി ജാനൂട്ടാ. ഇന്ന് രണ്ടുമ്മ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ