2018 ഫെബ്രുവരി 3, ശനിയാഴ്‌ച

കാമുകൻ

ഇന്നവന്റെ രാത്രിയാണ്. ആ കള്ളക്കാമുകന്റെ . മിക്കപെൺകുട്ടികളുടെയും കന്നി പ്രണയം.യുഗയുഗാന്തരങ്ങളായി ഹൃദയങ്ങളെല്ലാം കവർന്നു കൈവശം വെച്ചിരിക്കുന്ന നക്തഞ്ചരൻ.

ഇടവരാത്രികളിൽ തൊടിയിൽ പെയ്തു വീണ മധുര മാമ്പഴങ്ങൾ മോഷ്ടിക്കാനിറങ്ങിയ കള്ളക്കൂട്ടത്തെവിളക്കത്ത് നയിച്ച് മാമ്പഴമെല്ലാം വാരിക്കൂട്ടി പിൻതിരിയാൻ നേരം വിളക്കണച്ച് ഇരുട്ടിലാക്കി മുങ്ങുന്ന വിരുതൻ. രാവിന്റെയും, പകലിന്റെയും നടുവിലെ ഇരുട്ടിൽ മടിശ്ശീലയിൽ നിന്നു ചിതറിയ മാമ്പഴം പാൽപ്പാത്രവും തൂക്കി തല കുമ്പിട്ട് തനിച്ചു നടക്കുന്നൊരേകാന്ത ബാല്യത്തിന് കാത്തു വയ്ക്കാനായാകും അവൻ കടന്നു കളയുന്നത്.

പുഴയോരത്ത്, കുന്നിൻ ചെരിവിൽ, വയലിന തിരിട്ടു നിൽക്കുന്ന കരിമ്പനക്കൊമ്പന്റെ മസ്തകത്തിൽ, കുളത്തിലെ വെള്ളത്തിൽ ഇതൾഞൊറികളഴിച്ച് വെച്ച് വിരിയാനൊരുങ്ങിയ ആമ്പൽപ്പെണ്ണിനരികത്ത്, സർക്കസ് മൈതാനത്തെ അഴികൾക്കുള്ളിൽ അസംതൃപ്തമായുഴലുന്ന വന്യമൃഗത്തിന്റെ കണ്ണുകൾക്കുള്ളിൽ പോലും അവനെക്കാണാം. ഒരേ സമയം പലയിടത്ത്, പല ഭാവങ്ങളിൽ. അമ്പട കുമ്പിടീ.

അമ്മമ്മയുടെ പതുപതുത്ത, മിനുമിനുത്തവയറിനോട് എത്ര ഒട്ടിക്കിടന്നാലും മാറാത്ത എന്റെ രാപ്പേടി മറന്ന്, ചില്ലോടിലൂടെ വെള്ളിമുടി ഞാത്തിയിട്ട് വിളിച്ച് കൊതിപ്പിക്കുന്ന നിന്നെയൊരു നോക്കു കാണാൻ ഞാൻ ഇരുട്ടിലിഴഞ്ഞ് വന്നിരുന്നതോർമ്മയില്ലേ നിനക്ക്?

എത്ര കറുത്ത നിഴൽ മൂടിയാലും, എത്ര മുഷിഞ്ഞു ചുവന്നാലും നിന്നെക്കാണാനിന്നു വരും ലക്ഷം ലക്ഷം കണ്ണുകൾ. നിനക്കെന്നെ ത്തിരിച്ചറിയാം.എനിക്കു നിന്നെയും. നമ്മുടെ രഹസ്യങ്ങൾ നമുക്കു മാത്രമല്ലേ അറിയൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ