2018 ഫെബ്രുവരി 7, ബുധനാഴ്‌ച

ഒറ്റക്കുട്ടി.

"ജാനൂട്ടാ.. അമ്മ ലേറ്റായെടാ. സോറി. വേഗം വന്നേ. ഇന്നു ഡാൻസ് ക്ലാസുള്ളതല്ലേ?"

സഞ്ചീം, പത്രാസുമൊക്കെ വാതിൽക്കൽ വെച്ച് റോട്ടിലെ പൊടിമണ്ണിൽ നായക്കുട്ടിയോട് കിന്നാരം പറഞ്ഞിരിക്കുന്ന മകളെ വിളിച്ച് ധൃതിയിൽ ഞാൻ പടി കയറി. വാതിൽ തുറന്ന് ബാഗ്, വാച്ച്, കുട,മൊബൈൽ എന്നിങ്ങനെ ഓരോ ആടയാഭരണങ്ങൾ അഴിച്ചു വയ്ക്കുമ്പോഴും ഞാനവളെ വിളിച്ചുകൊണ്ടിരുന്നു. കാലും മുഖവും കഴുകി പുറത്തു വന്ന് നീട്ടി വിളിച്ചു. "ജാനൂ, ജാനൂ... ജാഹ്നവീ''

അതാ കേറി വരുന്നുണ്ട്, അവസാനം.

"ഇന്നും ഡാൻസ് ക്ലാസിന് ലേറ്റാവണോ അമ്മിണീ? വേഗം മേൽക്കഴുകി വാ. അമ്മ ദോശ പാർന്നു തരാം."

കറി തിളപ്പിച്ച് ഒരു ദോശ പാർന്ന് ഹാളിലേക്ക് എത്തി നോക്കുമ്പോഴുണ്ട് യൂണിഫോമും, സോക്സും പോലുമൂരാതെ അച്ഛന്റെ പുതിയ യോഗാച്ചരടിൽ കൈയും, കാലും കോർത്ത് കിടന്ന് എക്സർസൈസുണൂ നമ്മടെ ജാനൂട്ടി.
എന്റെ ക്രൂര വിമർശനത്തിരയാവുന്ന തന്റെ മൃദു മധ്യം മെരുക്കാൻ ജനണ്ണൻ മുന്നൂറ്റമ്പതുർപ്യ കൊടുത്തു മേടിച്ച നൈലോൺ വയർ. വയർ കുറയ്ക്കുന്ന വയർ! അതിലാണ് ജാനൂട്ടീടെ കസർത്ത്.

"എന്താന്റമ്മിണ്യേയ്. ദോശയൊക്കെ അമ്മ തിന്നും ട്ടൊ. നീ ചോറുണ്ടാൽ മതി. അമ്പടീ. നിക്കും വെശക്ക്ണ് ണ്ടേയ്. ആറു പിരീഡ് ക്ലാസും, കറക്ഷനും, റെമെഡിയലും ഒക്കെ കഴിഞ്ഞിട്ടാ അമ്മ വര്ണത്. "

'ദോശക്കു പകരം ചോറ് ' എന്ന് കേട്ട മാത്രയിൽ ആളുഷാറായി  മേൽക്കഴുകാൻ പോയി.
കിണ്ണം കയ്യിലെടുക്കുമ്പോൾ അവൾ  ചോദിച്ചു.
"അമ്മാ പ്ലീസ്, ടി.വി.കാണട്ടെ?"

രണ്ടാം ക്ലാസ് പഠിച്ചു തീരാറായിട്ടും സമയത്തെപ്പറ്റി വലിയ ധാരണയില്ല എന്റെ മോൾക്ക്. അതൊരു മോശം കാര്യമാണെന്നതിൽ അവൾക്ക് സംശയവുമില്ല. ഞങ്ങൾ പറയുന്ന ആധികാരിക സമയം കണ്ണടച്ചു വിശ്വസിക്കുന്ന പഞ്ചപാവം.

ടി.വി.കാണിയ്ക്കാതെ ദോശയൂട്ടി.
'ഓടരുത്.റോട്ടിൽ കാണുന്ന അപരിചിതരോട് മിണ്ടരുത്. കളിച്ചു നിൽക്കരുത്. ആരേലും അക്രമിക്കാൻ വരുന്നെന്ന് തോന്നിയാൽ ഉറക്കെ ബഹളം വയ്ക്കണം' തുടങ്ങിയ പതിവ് ഉപദേശങ്ങളോടെ ഡാൻസ് ക്ലാസിനയച്ചു.

ക്ലാസ് കഴിഞ്ഞ് വന്ന് ഹോം വർക്ക് ചെയ്യാനിരുന്നപ്പോൾ ഏഴേകാൽ. രണ്ടു മുതൽ പതിമ്മൂന്നു വരെ ഗുണനപ്പട്ടിക രണ്ടു പ്രാവശ്യം എഴുതണം. പിന്നെ ഇംഗ്ലീഷ്, ഹിന്ദി റീഡിംങ്ങ്. ജി.കെ. രണ്ടു പുറം. ഇത്രയുമാണിന്നത്തെ ഹോം വർക്ക്.

"അമ്മാ, അടുത്തു വന്നിരിയ്ക്കാമോ?"
കൊഞ്ചലോടെയുള്ള അവളുടെ അപേക്ഷയ്ക്ക് മിക്സി ഓഫാക്കി മാവു പുരണ്ട കയ്യിന്റെ പുറം കൊണ്ട് ഒന്നു തലോടി രണ്ടുമ്മയും കൊടുത്ത് തിരിച്ചയച്ചൂ ഞാൻ.
" അമ്മയ്ക്ക് ഇച്ചിരി പണീണ്ടല്ലോ."

"എന്നാ അമ്മ പത്തുവരെ എണ്ണണം''
അവൾ ഗുണനപ്പട്ടികയെഴുതുമ്പോൾ ( എന്തെഴുതുമ്പോഴും) അച്ഛനോ, അമ്മയോ ഒന്നു മുതൽ പത്തു വരെ പലയാവർത്തി എണ്ണണം. നിറുത്തി, നിറുത്തി.മറന്ന്, ഓർമ്മിച്ച് , അങ്ങനെ. ചെറിയ ചെറിയ ടാർഗെറ്റു കഷണങ്ങളെ കൂട്ടിവെച്ച് വലിയ, മടുപ്പിക്കുന്ന ഹോം വർക്കുകളെ എന്റെ മകൾ മുഴുമിപ്പിയ്ക്കുന്ന വിദ്യ.

ഉറക്കച്ചടവോടെ ജി.കെ.തീർത്ത് ഉണർവോടെ 'മാജിക് പോട്ട് ' മറിച്ചു നോക്കി, പിന്നെ, 'നൂറ്റൊന്ന് പഞ്ചതന്ത്ര കഥകളി'ൽ നിന്നും ഇന്നത്തെ ബെഡ് ടൈം സ്റ്റോറി തെരഞ്ഞെടുത്ത് അവൾ റെഡിയായി. ഇതിനിടെ അച്ഛന്റെ കിണ്ണത്തിൽ നിന്ന് നാലുരുള ചോറും ഒരു പഴവും കഴിച്ച് ഡിന്നറും തീർത്തു.
ന്യൂസു കാണുന്ന അച്ഛനോട് റിമോട്ടിനായി പടപ്പുറപ്പാട് തുടങ്ങും മുൻപേ ഞാൻ പറഞ്ഞു.
" കുഞ്ഞിമണീ, പല്ലു തേച്ചു വാ."
"അമ്മാ, കഥ കഴിഞ്ഞാൽ ഇന്നൊപ്പം കെടക്കൂല്ലേ?"
"പിന്നേ. അമ്മ വരാം. കഥേം പറയാം. "

ഓടിപ്പോയി പല്ലു തേച്ചു വന്നു തലവഴി മൂടിപ്പുതച്ചു കിടപ്പായി അവൾ ഞാനെത്തുമ്പോഴേക്കും . നിലത്തു വീണു കിടന്ന പിങ്ക് നിറമുള്ള അവളുടെ ഓമന ടെഡ്ഡി ബിയറിനെ പതിയെ പുതപ്പിനുള്ളിലേയ്ക്കിട്ടു ഞാൻ.
പെട്ടെന്നു പുതപ്പു മാറ്റി മുഖമുയർത്തി അവൾ ചോദിച്ചു -
"അമ്മയാണോ ടെഡ്ഡിമോളെ ഉള്ളിലേയ്ക്കിട്ടത് ?!!''
എന്തൊരു നിസ്സാര ചോദ്യമെന്ന് ചിന്തിച്ച്

"ഞാനല്ലാതെ പിന്നാരാണിവിടെ?" എന്നെന്റെ മറു ചോദ്യം.
" ടെഡ്ഡിമോൾ ".
അവളുടെ ഉത്തരം കേട്ട ഞാൻ സ്തബ്ധയായി.

മിനിട്ടുകളുടെ കണക്ക് പറഞ്ഞ് ഉണരും  മുതൽ ഉറക്കം വരെ ഞാൻ മെരുക്കിയെടുക്കുന്ന എന്റെ കുഞ്ഞ്. ഇച്ചിരി സ്നേഹവും, കൊഞ്ചലും കൊടുത്താൽ ഒത്തിരി വിഷമമുണ്ടാക്കുന്ന കാര്യം പോലും അനുസരിക്കുന്ന എന്റെ ഓമനപ്പൈതൽ. ഏഴു വയസ്സുകാരിയുടെ ലോകം എത്ര ലളിതം. മുതിർന്ന അച്ഛനമ്മമാർക്കിടയിൽ, അവർ മുഷ്ക്കരമാക്കുന്ന ശരിതെറ്റുകൾക്കിടയിൽ കൂട്ടില്ലാതെ വളരുന്ന ഒറ്റക്കുട്ടികൾ എത്ര പാവങ്ങൾ!

അവരുടെ ഭാഷ പറയാൻ, അറിയാൻ, പുതപ്പിനടിയിൽ, വാതിൽമൂലയ്ക്ക്, കോണിച്ചുവട്ടിൽ കുശുകുശുക്കാനും, ജീവിതം പങ്കിടാനും പാവക്കുട്ടികൾ മാത്രമുള്ള ഒറ്റക്കുട്ടികൾ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ