2018 ഫെബ്രുവരി 9, വെള്ളിയാഴ്‌ച

ആകുലം.


താഴെപ്പറയുന്ന ഓരോ ആൾക്കും വ്യക്തമായ മുഖവും, ഹൃദയവും, തലച്ചോറു മുണ്ടെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. എന്റെ കഥ ഒരു കഥയല്ലാത്തതുകൊണ്ടും കമ്പോളവത്കരിച്ചെന്ന് ഒരിക്കലും മനസ്താപം തോന്നാതിരിക്കാനും ഞാൻ കുട്ടികളുടെ പേരുകൾ മാറ്റുന്നു.

ഉച്ചകഴിഞ്ഞ് രണ്ടാമത്തെ പിരിയഡ് എട്ടാം ക്ലാസിൽ സയൻസു പഠിപ്പിക്കാൻ ചെന്നു."Stars and the solar system" എന്ന പാഠം. മിക്കവാറും എല്ലാം അവർ സോഷ്യലിൽ പഠിച്ച വിഷയങ്ങളായതുകൊണ്ട് കുട്ടികളെക്കൊണ്ട് സെമിനാറെടുപ്പിക്കുകയാണ്.

ബോർഡിനടുത്ത് നിന്ന് അമ്മുക്കുട്ടി ക്ലാസെടുക്കുന്നു. അവൾ revolutin ഉം, rotation ഉം വിശദീകരിച്ചു കൊണ്ടിരിക്കുമ്പോൾ ഇടത്തെ നിരയിൽ നിന്ന് ആരോ'' Sweater അഴിച്ചു കെട്ട് " എന്നു മന്ത്രിച്ചതു പോലെ തോന്നി. ടീച്ചറല്ലേ ,കൂടാതെ ഒരു പെണ്ണ്, അമ്മയും. പെട്ടെന്നെന്റെ ബുദ്ധിയിൽ തെളിഞ്ഞ  മിന്നലിലൊരു മിന്നായം -

നടുവിലെ നിരയിൽ നാലാം ബെഞ്ചിലിരുന്ന് വിരലറ്റത്ത് പുസ്തകം തിരിച്ച് "rotation " മനസ്സിലാക്കിക്കൊണ്ടിരുന്ന അപ്പുക്കുട്ടനെ പിടിച്ചു വലിച്ച് ക്ലാസിനു മുന്നിൽ നിറുത്തിക്കറക്കി, വലംവെപ്പിച്ച് ഞാൻ മക്കൾക്ക് rotation_revolution വ്യാത്യാസം കാണിച്ചു കൊടുത്തു.

ആ ബഹളത്തിനിടയിൽ അമ്മുക്കുട്ടി അവളുടെ സ്വെറ്റർ അഴിച്ച് അരയിൽ കെട്ടിയിരുന്നു. ഒട്ടും പതറാതെ രണ്ടു മൂന്നു വാചകങ്ങളോടെ അമ്മുക്കുട്ടി അവളുടെ സെമിനാർ അവസാനിപ്പിച്ച് സീറ്റിൽ പോയിരുന്നു.

അപ്പുക്കട്ടനാകെ പകച്ചിരിക്കുകയാണ് എന്റെ പിടിവലി കാരണം. ഇടത്തെ നിരയിൽ നിന്ന് നാലു കണ്ണുകൾ എന്നെ ബഹുമാനത്തോടെ നോക്കി.

അപ്പോഴേക്കും അടുത്ത സെമിനാറുകാരി പാത്തുമ്മക്കുട്ടി രംഗ മേറ്റെടുത്തിരുന്നു.തിളയ്ക്കുന്ന സൂര്യന്റെ മിഴിവാർന്ന വർണ ചിത്രം ഇടത്തെക്കയ്യിലുയർത്തി അവൾ സൂര്യന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നു.

പെട്ടെന്ന് ഫസ്റ്റ് ബെഞ്ചിലിരുന്ന അമ്മുക്കുട്ടി പിന്നിലേക്കു തിരിഞ്ഞ് എന്നോടു വാഷ് റൂമിൽ പോകാൻ അനുവാദം ചോദിച്ചു.

അരയിൽ മുറുക്കിയ സ്വെറ്ററുമായി അവൾ വാഷ് റൂമിലേക്കു പോകമ്പോൾ ഇടത്തേ നിരയിൽ ഏറ്റവും പിന്നിലിരുന്ന കുട്ടനും, ഉണ്ണിയും പരസ്പരം ചിരിച്ച് കണ്ണിറുക്കി വെളിപാടു പങ്കുവയ്ക്കുന്നു. ഒരുപാടു ചിരിയോടെ അവർ സംഭാഷണം തുടരുന്നതു കണ്ടപ്പോൾ പിന്നിൽ ചെന്ന് കുനിഞ്ഞ് ഞാൻ രണ്ടാളുടെയും ചെവിയിൽ മന്ത്രിച്ചു. "living a girls life is not an easy task. Don't laugh as it is a joke."

അവരെ രണ്ടു പേരെയും കൃതാർത്ഥരാക്കി ഞാൻ പാത്തുമ്മ കുട്ടിയെ ശ്രദ്ധിച്ചു. പല വഴിക്ക് ചിന്തിച്ച് ചികയുന്ന ക്ലാസിനു മുന്നിൽ പരുങ്ങിപ്പരുങ്ങിയാണവൾ പറയുന്നത് .ഇവൾക്ക് അമ്മുക്കുട്ടിയുടെ അത്ര ധൈര്യം പോര. എന്നാലും പിടിച്ചു നിൽക്കുന്നു.

അമ്മുക്കുട്ടിയൊരു സുന്ദരി തന്നെ. കറുപ്പു നിറവും, ചുരുണ്ട മുടിയും, ഉറച്ചപേശികളും മാത്രമല്ല അവളുടെ സൗന്ദര്യം -തെളിഞ്ഞ ബുദ്ധിയും, ധൈര്യവും, വിവേകവും കൂടിയാണ്.

പെട്ടെന്ന് ക്ലാസിലേക്കു കടന്നു വന്ന ഒരു പെൺകുട്ടി അമ്മുക്കുട്ടിയുടെ തടിച്ച ഫയൽ മേടിച്ചു കൊണ്ടുപോയി.

നിശബ്ദമായിപ്പോയ എട്ടാം ക്ലാസിന്റെ പിൻനിരയിൽ നിന്ന എന്റെ മനസ്സിനു നന്നെ നൊന്തു .ആ നോവ് അമ്മുക്കുട്ടി പെണ്ണായിപ്പോയതിലോ, അവളുടെ പാവാടയിൽ ചുവപ്പു പടർന്നതിലോ ആയിരുന്നില്ല.

അത് അപമാനത്തിന്റെ നോവായിരുന്നു. ഞാനും നീയും ഭാഗമായ ഈ ലോകത്തിന്റെ കാപട്യത്തിനാൽ നനഞ്ഞ എന്റെ അഭിമാനബോധത്തിന്റെ ...
ഇവിടെ, മനുഷ്യ പ്രത്യുത്പാദനത്തിന്റെ പ്രാഥമിക പാഠങ്ങൾ ഞാൻ പഠിപ്പിച്ചു കൊടുത്ത എന്റെ കുഞ്ഞുങ്ങൾ.. അവരും ഈ ലോകത്തിന്റെ ഭാഗം തന്നെ.

ആർത്തവം ലോകത്തിന്റെ കണ്ണിൽ നിന്നൊളിച്ചു പിടിക്കേണ്ട ഒന്നല്ലേ പെൺകുട്ടിക്ക്? ഒരു തെറ്റുപോലെ.മലമൂത്രങ്ങൾ പോലെ കുറച്ചു നേരത്തേക്കെങ്കിലും അതു പിടിച്ചു നിർത്താനായെങ്കിൽ ..

ചെകുത്താൻ ആണായിരുന്നിട്ടും ഹവ്വയെ മാത്രം എന്തിനു ശപിച്ചൂ ദൈവം?

ഒരു പൂച്ചയെപ്പോലെ, പട്ടിയെപ്പോലെ, കുരങ്ങനെപ്പോലെ സ്വാഭാവികമായി പെരുമാറാൻ മനുഷ്യനിനിയും ഒരുപാടു വളരേണ്ടിയിരിക്കുന്നു - RETROGRESSIVE EVOLUTION .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ