2018 ഡിസംബർ 14, വെള്ളിയാഴ്‌ച

Goruru dam

ജൂലൈ 15 ഒരു ഞായറാഴ്ചയായിരുന്നു. നന്നായി മഴ കിട്ടിയ ഒരാഴ്ചയാണ് കഴിഞ്ഞുപോയത്. രാത്രി ഒന്നര മണിയോടെ ഗോരൂരു ഡാം തുറന്നുവെന്ന് രാവിലെ ആകാശവാണിയിൽ കേട്ടു. പത്തുമണിയോടെ ഞങ്ങൾ വീട്ടിൽനിന്നിറങ്ങി. തെളിഞ്ഞ വെയിലും മഴയും തണുപ്പും മാറിമാറി വരുന്നത് കാരണം യാത്ര കരാരസാസയിലാക്കി (കർണാടക രാജ്യ രസ്തെ സാരിഗെ സംസ്തെ ksrtc)

ഹാസനിൽ നിന്ന് മടിക്കേരിയിലേയ്ക്ക് പോകുന്ന വഴിയിൽ 22 കിലോമീറ്റർ അകലത്തിലാണ് ഗോരൂരു. കള്ളിച്ചെടികൾ നിറഞ്ഞ പാറക്കുന്നുകളും യൂക്കാലി, തേക്ക് തോട്ടങ്ങളും കഴിഞ്ഞ് ഡാമിനടുത്തേക്ക് ബസ് കുതിച്ചു. ബസിൽനിന്നേ ഡാമിൽ നിറഞ്ഞ തിളങ്ങുന്ന വെള്ളം ഒരു ചില്ലുകഷ്ണം പോലെ മനസ്സിലേയ്ക്ക് ഇറങ്ങിച്ചെന്നു. പുഷ്ടിയുള്ള മണ്ണിൽ വെൽവെറ്റ് ഒട്ടിച്ചതു പോലെ ഹരിത മേലാട. ചോളവും നെല്ലുമുണ്ടായിരുന്നു. നയന മോഹനമായ ഡാമിന്റെ ദൂരക്കാഴ്ചയും ഒന്നുരണ്ട് തോടുകളും വകവെയ്ക്കാതെ കുശാൽനഗര ഭാഗത്തേയ്ക്ക് ഓടിപ്പാഞ്ഞു പോകുന്ന ബസ്സിലിരുന്ന് 'യാത്ര ബൈക്കിലാകാമായിരുന്നു' എന്ന് വ്യാമോഹിച്ചു. ഗോരൂരു ബസ്സ്റ്റാൻഡിൽ നിന്നേ ജനസമുദ്രം ഘോഷയാത്രയായി ഡാമിലേയ്ക്കൊഴുകുന്നത് കാണാമായിരുന്നു.

വലിയ കോൺക്രീറ്റ് ചുവരിലെ ഗേറ്റ് കടന്നാൽ ഒന്നൊന്നര കിലോമീറ്ററോളം ദൂരെയായി അണക്കെട്ട് കാണാം. അവിടെനിന്നും വീശിയ കാറ്റിൽ നിറഞ്ഞ വെള്ളത്തുള്ളികൾ മുഖവും വസ്ത്രവും നനച്ചു. ഭൂമിക്ക് സമാന്തരമായി പെയ്യുന്ന ഒരു മഴ പോലെ. ഏക്കറുകണക്കിന് സ്ഥലം കൃഷിയോ, കാടോ, പാർക്കോ അല്ലാതെ പുല്ലു നിറഞ്ഞു വെറുതെ കിടക്കുന്നു. അവിടവിടെ മരങ്ങളുണ്ട്.

ടാറിട്ട പാതയ്ക്കിരുവശവും നിന്ന് മാടിവിളിക്കുന്ന പൊരി,കടല, ചുർമുറി വില്പനക്കാർ. കണ്ണെത്തും ദൂരത്തോളം റോഡ് നിറഞ്ഞ് നടക്കുന്ന മനുഷ്യ ജാലം. രണ്ടു കനാലുകൾ കാണാം. അടുക്കുന്തോറും കുത്തിയൊഴുകുന്ന വെള്ളത്തിന്റെ ഇരമ്പവും വീശിയടിക്കുന്ന വെള്ളക്കാറ്റും ആളുകളുടെ ആർപ്പുവിളിയും ഉയർന്നുവന്നു. ജലപാതത്തോട് അടുത്തപ്പോൾ അതിന്റെ കോലാഹലത്തിൽ ലോകത്തിലെ മറ്റെല്ലാ ശബ്ദങ്ങളും മുങ്ങിപ്പോവുകയും ചീറിയടിക്കുന്ന വെള്ളത്തുള്ളികളുടെ പ്രഹരത്താൽ കണ്ണു തുറക്കാൻ പോലും ബുദ്ധിമുട്ടാവുകയും ചെയ്തു.

അത്ഭുതത്താലും ആനന്ദത്താലും ആർത്തുവിളിക്കുന്ന ആൾക്കൂട്ടം. സൂര്യൻ തെളിയുകയും വെയിൽ പരക്കുകയും ചെയ്യുമ്പോഴൊക്കെ അനേകം മഴവില്ലുകളുടെ ത്രിമാന കമാനങ്ങൾ അവിടവിടായി ഉയർന്നു. കുടയും റെയിൻകോട്ടുമെല്ലാം വ്യർത്ഥമാക്കി ഇടയ്ക്കിടെ ദിശ മാറ്റിക്കളിയ്ക്കുന്ന കാറ്റ്. മൊബൈലോ, ക്യാമറയോ ജീവനിൽ പേടിയുണ്ടെങ്കിൽ അടുക്കില്ല. വെയിൽ നാളങ്ങൾ വർണാഭമാക്കുന്ന ജലകണങ്ങളും അത്യന്തം വന്യതയോടെ ഗർജിയ്ക്കുന്ന മനുഷ്യർ മെരുക്കാനായി അണകെട്ടി കൂട്ടിലിട്ടിരിക്കുന്ന പ്രകൃതിപ്പെണ്ണിന്റെ ഗർജ്ജനവും... അതു വിവരിയ്ക്കാനാകുമോ!

ആറു ഷട്ടറുകളും ഏതാനും സെൻറീമീറ്ററുകൾ തുറന്നിരിയ്ക്കുന്നു. ഇരുമ്പു ഷട്ടറിന്റെ താഴേക്കൂടെയും ചുവരിനോട് ലേശം അകന്നുനിൽക്കുന്ന മുകൾഭാഗത്തു കൂടെയും ഹിംസാത്മകമായി ഒരു വന്യജീവിയെപ്പോലെ മുരണ്ടു കൊണ്ട് വെള്ളം.. നിരന്തരം താഴേക്ക് ഉരുസുന്ന ആ മഹാദൃശ്യത്തിൽ കണ്ണുറപ്പിയ്ക്കുക തന്നെ ഒരു കൗതുകം. ക്ഷണനേരംകൊണ്ട് ഊർന്നിറങ്ങി ചാടിത്തിമിർത്ത് ഒരു ഭീമൻ ജലമതിൽ തീർത്ത് പരവശമായി ആർത്തലച്ചൊഴുകുന്ന ആ പ്രതിഭാസത്തിനൊപ്പം സഞ്ചരിക്കാൻ ശ്രമിച്ച് തോറ്റമ്പുന്ന കണ്ണുകൾക്കും കൗതുകം.

ആവേശഭരിതരായ ജനക്കൂട്ടത്തെ ഡാമിന് മുകളിലേക്ക് കടക്കാനയയ്ക്കാതെ താഴെ പടികളിൽ പോലീസ് പ്രതിരോധം. ഡാമിനപ്പുറത്ത് കെട്ടിപ്പൂട്ടി വെച്ചിരിക്കുന്ന പ്രളയത്തെ ഒരുനോക്കു കണ്ടു ഞെട്ടാനും ഫോട്ടോയെടുക്കാനും കൊതിച്ച് കുറേപേർ കല്ലുപതിച്ച ചെരുവിലൂടെ വലിഞ്ഞു കയറുന്നു. സമഗ്രമായൊരു വീക്ഷണത്തിനും മൊബൈൽ ക്ലിക്കിനുമായി ഏതാനും പടികയറാൻ ഒരു പോലീസുകാരന്റെ അർദ്ധ മനസോടെയുള്ള മൗനാനുവാദം വാങ്ങി ഞാനും. അപ്പോഴേക്കും വെയിൽ മാഞ്ഞത് കാരണം മഴവില്ലുകൾ മരിച്ചിരുന്നു.

പിന്നെ മഴയത്ത് ഞങ്ങൾ തിരിച്ചു നടന്നു. കുറേയിപ്പുറം പതഞ്ഞൊഴുകുന്ന കനാലിനടുത്ത് ചെന്നപ്പോഴും അകലെ ഡാമിൽനിന്ന് കോപത്തോടെ മുഖത്തടിക്കുന്ന വെള്ളത്തുള്ളികൾ ഞങ്ങളെ തുരത്തുന്നതു പോലെ തോന്നി. മുകളിൽനിന്നും മഴയും വശത്തുനിന്ന് വെള്ളം തേവിക്കൊണ്ട് കാറ്റും.. ഞങ്ങൾ തണുത്തു വിറച്ചു മടങ്ങി.

58 അടി ഉയരവും 4,692 മീറ്റർ നീളവുമുള്ള ഗോരൂരു ഡാം 1979ലാണ് നിർമ്മിച്ചത്. ചിക്കമഗളൂർ ജില്ലയുടെ സഹ്യനിൽ നിന്നുത്ഭവിച്ച്, ഹാസനിലൂടെ ഒഴുകുമ്പോൾ ഞങ്ങളുടെ യാഗച്ചിപ്പുഴയുമായി ചേർന്ന്, മണ്ട്യയിലൂടെ ഒഴുകി, കൃഷ്ണരാജസാഗറിൽ വെച്ച് കാവേരിയുമായി ചേരുന്ന ഹേമാവതി നദിയ്ക്കു കുറുകെ ഗോരൂരു എന്ന ഗ്രാമത്തിലാണ് ഈ അണക്കെട്ടുള്ളത്. പ്രശസ്ത കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഗോരൂരു രാമസ്വാമി അയ്യങ്കാറുടെ നാടാണിത്.

വളക്കൂറുള്ള ഹാസന്റെ മണ്ണിൽ ഹേമാവതി നദിയുടെ ഈർപ്പത്തിൽ കണ്ണെത്താദൂരത്തോളം സർക്കാർ ഭൂമി വെറുതെ മാനംനോക്കി കിടക്കുന്നതിൽ നിരാശ തോന്നി. ഓരോ വർഷവും ലക്ഷക്കണക്കിനാളുകളാണ് ഇവിടെ വന്നുപോകുന്നത്. എൻട്രി ഫീസൊന്നുമില്ല. നല്ലൊരു പിക്നിക് സ്പോട്ടാക്കി വളർത്തിയെടുക്കാവുന്ന, അനന്തസാധ്യതകളുള്ള സ്ഥലമെന്ന് ചിതറിക്കിടക്കുന്ന ഇരുനൂറിലധികം ലഘുഭക്ഷണ വിൽപ്പനക്കാർ പറയാതെ പറഞ്ഞു. നിയന്ത്രണമില്ലാത്ത പ്ലാസ്റ്റിക് കവർ ഉപഭോഗവും അവിടെവിടെയും കാണാനില്ലാത്ത ചവറ്റുകുട്ടകളും ജില്ലാ നേതൃത്വത്തിന്റെ കെടുകാര്യസ്ഥത ഓർമിപ്പിച്ചു.

യുവത്വത്തിലെത്തുമ്പോഴേയ്ക്കും വിദ്യാഭ്യാസം നേടിയവരും അല്ലാത്തവരുമായവർ ബാംഗ്ലൂരിലേക്ക് അതിമോഹങ്ങളും കൊണ്ട് ഓടിപ്പോകുന്ന കാർഷിക ഗ്രാമങ്ങളും കൊച്ചു പട്ടണങ്ങളും. തിങ്ങിനിറഞ്ഞ ആ നഗരമാകട്ടെ, ഒരു യൂണിവേഴ്സൽ സോൾവെന്റായി എല്ലാവരെയും ഏറ്റെടുത്ത് സ്വയം സാച്ചുറേഷൻ പോയിന്റിൽ നിന്ന് തിളയ്ക്കുന്നു. 'ഇവിടെ ഒരു വാട്ടർ തീം പാർക്ക്.. വേണ്ട; വെറുമൊരു പാർക്ക്.. അതും വേണ്ട; കുറച്ചു കോൺക്രീറ്റ് ബെഞ്ചുകളും മാലിന്യക്കുട്ടകളും.. അതും വേണ്ടെങ്കിൽ തീറ്റപ്പുല്ലെങ്കിലും വളർത്തിക്കൂടെ ഉദ്യോഗസ്ഥരേ' എന്ന് ചോദിയ്ക്കാൻ തോന്നുന്നു. ഗവൺമെൻറ് മാറിമാറി വരും. അവരോട് ചോദിച്ചിട്ട് കാര്യമില്ല. തിന്നുകയുമില്ല തീറ്റിയ്ക്കുകയുമില്ല എന്ന രാഷ്ട്രീയം കളിച്ച് ജില്ലയുടെ വികസനം തന്നെ താറുമാറാക്കിയ മുൻ പ്രധാനമന്ത്രിയെയും മക്കളെയും ഏറ്റി നടക്കുന്ന നാടാണിത്. ദേവെ ഗൗഡയെപ്പറ്റി എന്തൊക്കെ പറഞ്ഞാലും ഇലക്ഷൻ വരുമ്പോൾ "വോട്ട് നമ്മ ഗൗഡരിഗെ.." എന്ന് ഉളുപ്പില്ലാതെ ചിരിക്കുന്ന സുഹൃത്തുക്കളോട് ഞാൻ ചോദിച്ചിട്ടുണ്ട് 'അയാൾ മരിച്ചുകഴിഞ്ഞാലും നിങ്ങൾ അയാൾക്കുതന്നെ വോട്ടുചെയ്യുമായിരിയ്ക്കുമല്ലേ' എന്ന്.

ആ പോട്ട്... പറഞ്ഞുവന്നത്, ചോദിയ്ക്കാനും പറയാനും ആളില്ലാത്തതെങ്കിലും നല്ലൊരു പിക്നിക് സ്പോട്ടാണ് ഈ സ്ഥലം. മഴ നല്ലോണം പെയ്താൽ, ഡാം തുറന്നാൽ, മനസുനിറയെ സന്തോഷം പതച്ചൊഴിച്ച് തരുന്ന സ്ഥലമാണ്. ഫോട്ടോകളും നോക്കൂ.

https://www.google.com/url?sa=t&source=web&rct=j&url=https://en.m.wikipedia.org/wiki/Gorur,_Hassan&ved=2ahUKEwjs7M7KiqHfAhWDfysKHafhALsQFjAdegQIARAB&usg=AOvVaw3DTL8LDCbZeyaWy3RRCx0A

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ