2018 ഡിസംബർ 13, വ്യാഴാഴ്‌ച

മരണം

ജീവിതത്തിന്റെ നിരർത്ഥകത അറിഞ്ഞുകഴിഞ്ഞാൽ മരണത്തെ സ്നേഹിക്കുക എന്നു മാത്രമേ തോന്നുകയുള്ളൂ. മരണം അഭിലഷണീയമായ ഒരു അവസ്ഥാന്തരമായിരിയ്ക്കും. ഇനി, അതൊരു അവസാനമാണെങ്കിൽ അതും വളരെ വളരെ നല്ലത്.

പഞ്ചഭൂതങ്ങൾ പഞ്ചഭൂതങ്ങളിലേയ്ക്കു ചേക്കേറുക, മനസ്സും ബുദ്ധിയും ചിന്തയുമാകുന്ന അയോണിക- രാസഭേദങ്ങൾ അർത്ഥം വിവക്ഷിയ്ക്കപ്പെടാനില്ലാത്ത ഒരു രാസഘടനയിലേയ്ക്കു മാറുക, ബന്ധങ്ങൾ വിഛേദിയ്ക്കപ്പെട്ട മൂലകങ്ങളും സംയുക്തങ്ങളും അവയുടെ ചാക്രിക ഗമനങ്ങളിലേയ്ക്ക് ഉദ്ദേശമേതുമില്ലാതെ അലസമായി തിരിയുക... അത്രയേ ഉള്ളൂ മരണം. അതെന്നു വരും!!

മരിച്ചുകഴിഞ്ഞാൽ എന്നെ (!! ) അത് ചെയ്യണം, ഇത് ചെയ്യരുത് എന്നൊന്നുമില്ല. അസെറ്റൈൽകോളേയിനുകൾ രാസഭേദം നടത്താത്ത, ആക്സോണുകൾ ചാർജ് കൈമാറ്റം ചെയ്യാത്ത ശരീരത്തിൽനിന്ന് ആത്മാവെന്നതൊന്നുണ്ടെങ്കിൽ (?) അത് സ്ഥലം വിട്ടിരിയ്ക്കും. ശരീരത്തിനെ ചുറ്റുമുള്ളവർ എന്തുചെയ്താലും തരക്കേടില്ല. ഇനി വല്ല അവയവവും ആർക്കെങ്കിലും മുറിച്ചു കൊടുക്കണോ? അങ്ങനെയാട്ടെ. ആത്മഹത്യാ പ്രവണത നല്ലോണം ഉള്ള ഒരിടത്തുനിന്നും വന്നതുകൊണ്ട് നോക്കീം കണ്ടും ഒക്കെ ഓർഗൻ ട്രാൻസ്ഫർ നടത്തിക്കോളൂ. പണി നിർത്തിപ്പോയാൽ കിട്ടിയ ആൾക്ക് ഇരട്ടിപ്പണിയാകും.

എന്തു വേണമെങ്കിലും ചെയ്തോളൂ എന്നു പറഞ്ഞാലും ചുറ്റുമുള്ളവർ അതിനെ  ബഹുമാനിയ്ക്കുകയും സംസ്കരിയ്ക്കുകയും ചെയ്യുമെന്നറിയാം. അതെനിക്ക് പ്രത്യേകിച്ച് താല്പര്യമുള്ള വിഷയമല്ല. മനുഷ്യർ അവനവനു കൊടുക്കാനുദ്ദേശിയ്ക്കുന്നതാണ് ഒരു ശവ ശരീരത്തോട് ചെയ്യുന്നത്. അവനവന്റെ കാര്യത്തിൽ നാം നിസ്സഹായരാണ് എന്നത് ഓരോരുത്തർക്കും നല്ല ബോധ്യമുണ്ട്. simply അതാണ് കാര്യം.

കുളിപ്പിയ്ക്കരുത്, അപകർഷതയോടെ ഞാൻ ഒളിപ്പിച്ചു വെച്ച എന്റെ ഉണക്കത്തൊലിയിൽ പൊതിഞ്ഞ ശരീരം അനാവൃതമാക്കി എണ്ണതേച്ച് സ്നിഗ്ധത വരുത്തേണ്ട ആവശ്യമില്ല എന്നൊക്കെപ്പറയാൻ പണ്ട് കരുതിവച്ചിരുന്നെങ്കിലും അന്നൊന്നും മരിയ്ക്കാത്തതോണ്ട് ആ ചിന്തയൊക്കെ വേസ്റ്റായി. ഇപ്പോൾ പറയുന്നു: നിങ്ങളുടെ സമാധാനം എന്താച്ചാൽ അങ്ങനെയൊക്കെ ചെയ്തോളൂ. കർമ്മങ്ങളൊക്കെ വേണമെങ്കിൽ ചെയ്തോളൂ. വേണ്ടെങ്കിൽ ചെയ്യണ്ട. ജീവിച്ചിരിക്കുന്ന ആളുകളിൽ എന്നെ പലകാലങ്ങളിലായി ദ്രോഹിച്ചവരും വേദനിപ്പിച്ചവരും കാണും. അവർക്കൊക്കെ പ്രേതങ്ങളിൽ ചെലപ്പോ വിശ്വാസവും കാണും. വെറ്തെ എന്തിനാ അവരുടെ ഉറക്കം കെടുത്ത്ണത്! ഞാൻ എല്ലാരോടും ക്ഷമിച്ചു കൊണ്ടിരിയ്ക്കുന്നു. അവരൊക്കെക്കൂടിയാണ് എന്നെ ഞാനാക്കിയത്. കൃഷ്ണനെ രാധയെന്നപോൽ ഞാനെന്റെ മരണത്തെ ഇത്രമേൽ സ്നേഹിക്കുന്നത് പോലും അവരുടെയെല്ലാം സ്വാധീനം കൊണ്ടായിരിയ്ക്കണം..

എന്നു വരും നീ.. എന്നു വരും നീ..

ആറക്കശമ്പളമുള്ള ഉറ്റസുഹൃത്ത് കഴിഞ്ഞദിവസം "നീ സത്യത്തിൽ എന്താണിപ്പോൾ ചെയ്യുന്നത്?" ഇന്ന് ചോദിച്ചതാണോ എന്നെ ആത്മഹത്യ ചിന്തയിൽ കൊണ്ടെത്തിച്ചത്! എന്നൊക്കെ അന്യലോകങ്ങളിൽ നിന്നും അത്തരം ചോദ്യങ്ങൾ കേട്ടിട്ടുണ്ടോ അന്നൊക്കെയും പണവും പ്രശസ്തിയും ഭരിയ്ക്കുന്ന അവരുടെ ലോകങ്ങളിലേയ്ക്ക് വീണുപോയിട്ടുണ്ട് ഞാൻ. മഴക്കാലത്ത് വഴിതെറ്റി വാതിൽക്കലേയ്ക്ക് വരുന്ന തവളയെപ്പോലെ തഴയപ്പെട്ടവളാണ് അവിടെ ഞാനെങ്കിലും നീന്താൻ വെള്ളമില്ലാത്ത, തിന്നാൽ പ്രാണികളെക്കിട്ടാത്ത, ഒളിയ്ക്കാൻ ചെടികളില്ലാത്ത, നടക്കുമ്പോൾ പിടുത്തം കിട്ടാത്ത മിനുസമുള്ള അകത്തളങ്ങൾ നിസ്സാരമായ ആ ജീവിയെ ബുദ്ധിശൂന്യമായി മോഹിപ്പിയ്ക്കുന്നത് പോലെ ജോലി, സ്വന്തം വീട്, കാറ്, പണം, സമൂഹത്തിലെ സ്ഥാനം എന്നിങ്ങനെ അപരിചിതമായതൊക്കെ എന്നെ മോഹിപ്പിയ്ക്കുന്നതെന്ത്!

എന്റെയീ മരണ പോസ്റ്റ് കണ്ട് സന്തോഷിക്കുന്ന ഒരാളുണ്ട്.. രാവിലെ യാത്ര പറയുമ്പോഴും കടുത്ത നിരാശയോടെ മ്ലാനവദനയായിരുന്ന ഞാൻ എന്തോ എഴുതി ഉച്ചയോടെ പോസ്റ്റ് ചെയ്തെന്നും ദിവസത്തിലെ ബാക്കിസമയം ആത്മഹത്യയെപ്പറ്റി ചിന്തിയ്ക്കാതെ പോസ്റ്റിനു വരുന്ന ലൈക്കുകളെണ്ണി ഇരുന്നോളുമെന്നും സമാധാനിയ്ക്കുന്ന, എന്നെ സഹിയ്ക്കാൻ വിധിയ്ക്കപ്പെട്ട ഒരു പാവം കന്നഡക്കാരൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ