അമ്പതുകൊല്ലം മുമ്പ്...
വെളുത്ത ഷെമ്മീസിട്ട് വരമ്പത്തൂടോടിപ്പോണ സുന്ദരിയ്ക്ക് വഴിമാറിക്കൊടുത്തു കൊണ്ട് ജാനക്യമ്മ ചോദിച്ചു,
"ണ്ണീ, എങ്ങ്ടാ ങ്ങനെ മണ്ടിപ്പാഞ്ഞ്?"
"വടയ്ക്കാളത്തിലേയ്ക്കാ ജാനക്യമ്മേയ്. രാധേടൂടെ കളിയ്ക്കാമ്പോവാണെയ്.."
പറഞ്ഞു തീരുമ്പോഴേയ്ക്കും വടക്കേക്കളത്തിലേയ്ക്കുള്ള ഒറ്റക്കൽ പാലം കടന്നിരുന്നു സുന്ദരി.
"ഈ കുട്ട്യോള്ക്ക് കളിയ്ക്കാ കളിയ്ക്കാന്നൊരു വിചാരേള്ളൂ ജാനക്യേയ്. ഓര്ക്ക് കഷ്ടപ്പാടൊന്ന്വറിയണ്ടാലോ."
ആലിൻ ചോട്ടിൽ നിന്നു തിരിഞ്ഞുനോക്കി വടയ്ക്കാളത്തിലെ ചെറ്യേമ്മ പറഞ്ഞു.
''തമ്പ്രാട്ടി തിര്മ്പാൻ പോവാൻ വൈകീലോ. പ്പോ നല്ല വെയിലാവും."
''പൊറം പൊള്ളും ജാനക്യേയ്. എന്താ ചെയ്ക! തിര്മ്പാനാണെങ്കി ശ്ശി ണ്ടേനും. രാധോട് വരാമ്പറഞ്ഞതാ. അവക്ക് സുന്നരീടൂടെ കളിയ്ക്കണത്രേയ്. ഞാമ്പിന്നെങ്ങ്ട് പോന്നു."
നീരുവന്ന മുട്ടുകാൽ കഴിവതും മടക്കാതെ ഇടത്തോട്ടും വലത്തോട്ടും മാറിമാറി ചെരിഞ്ഞു തന്റെ സ്വതസിദ്ധമായ ശൈലിയിൽ നടന്നു ചെറ്യേമ്മ കുളക്കടവിലേയ്ക്കും ജാനക്യമ്മ തോട്ടുവക്കത്തൂടെ പള്ളിയേൽക്കണ്ടത്തിലേക്കും സുന്ദരിക്കുട്ടി വടയ്ക്കാളത്തിലെ വല്യ കരിമ്പനച്ചോട്ടിൽ കാത്തുനിക്ക്ണ രാധേടേം രാമചന്ദ്രന്റേം സാവിത്രീടേം അടുത്തേയ്ക്കും പോയി.
പനങ്കുരു പൈസയാക്കി 'അമ്പലപ്പാറേലെ പട്ടര്ടെ കട' കളിയ്ക്കുകയായിരുന്നു കുട്ടികൾ. സവിത്രി നന്നേ ചെറിയവളായിരുന്നു. ഇടയ്ക്ക് വാശിപിടിച്ച് കടക്കാരൻ പട്ടരായെങ്കിലും തെറ്റാതെ പത്തുവരെ പനങ്കുരു എണ്ണിത്തിട്ടപ്പെടുത്താൻ അവൾക്കു കഴിയില്ലായിരുന്നു.
"അത് ചൊറിയും. ങ്ങട് താ." പനങ്കുരുവിട്ട തകര അളുക്ക് തട്ടിയെടുക്കാൻ രാമേന്ദ്രൻ ശ്രമിക്കുമ്പോഴാണ് അവരാ ശബ്ദം കേട്ടത്. ഒരു മുരൾച്ച പോലെ ദൂരെ നിന്നും കേട്ട ശബ്ദത്താൽ അമ്പരന്ന് അവർ മുഖത്തോടുമുഖം നോക്കി. മാനത്തൂന്നാണത് എന്നറിഞ്ഞ് സാവിത്രി ജ്വലിക്കുന്ന പാലക്കാടൻ സൂര്യനെ കൈവിടവിലൂടെ നോക്കി. ശബ്ദം ഏറിയേറി വരുന്നതും അടുത്തടുത്ത് വരുന്നതുമറിഞ്ഞ് അമ്പരന്നു പകച്ചു നോക്കുന്നതിനിടയിൽ രാധയാണ് ആദ്യം നിലവിളിച്ചുകൊണ്ടോടിയത്. കൈകൾകൊണ്ട് ചെവി രണ്ടും പൊത്തി കരഞ്ഞുകൊണ്ട് വീട്ടിനകത്തേയ്ക്ക് ഓടിക്കയറുന്ന അവളെ കണ്ട് സാവിത്രിയും ഉറക്കെ കരഞ്ഞു. ഭയന്നുവിറച്ച രാമേന്ദ്രനും സുന്ദരിയും ഓടാൻ തുടങ്ങിയെങ്കിലും സുന്ദരി തിരിച്ചുവന്ന് സാവിത്രിയേം എടുത്തൊക്കത്തിരുത്തി ഓടി വീടണഞ്ഞു. നാലാളും അകത്തു കയറിയ പാടെ രാമേന്ദ്രൻ ഉമ്മറവാതിൽ കൊട്ടിയടച്ചു.
മുരൾച്ച എട്ടുദിക്കും അലയടിയ്ക്കുമാറ് കൂടിക്കൂടിവന്നു. സുന്ദരിയ്ക്ക് വയറ്റിലൊരാന്തൽ തോന്നി. രാധേം രാമേന്ദ്രനും സാവിത്രീം 'അമ്മേ'ന്നും വിളിച്ച് അലറിക്കരഞ്ഞപ്പോൾ സുന്ദരിയ്ക്ക് പാടത്തിനങ്ങേക്കരയിലെ മഠത്തിലെ അടുക്കളയിൽ പണിയെടുക്കുന്ന പൂർണഗർഭിണിയായ തന്റെ അമ്മയെ ഓർമ്മ വന്നു. അമ്മയെ ഒറ്റയ്ക്കാക്കി താൻ വരാൻ പാടില്ലായിരുന്നു എന്നോർത്ത് അവളും ഉറക്കെ കരഞ്ഞു. തിമലക്കാവുന്ന് പൂജ കഴിഞ്ഞ് അച്ഛൻ എത്തീട്ടുണ്ടാവണേ എന്നവൾ പ്രാർത്ഥിച്ചു. കാതടപ്പിക്കുന്ന മുരൾച്ച വടയ്ക്കാളത്തെ മനേടെ ഉത്തരത്തിന് തൊട്ടു മോളിൽ നിന്നാണ് എന്ന് തോന്നിയ്ക്കുമാറ് അത്യുച്ചത്തിലായി. മലകളും പാറകളുമെല്ലാം ഉരുണ്ടു വരും വരുമ്പോലെ അതിഭയാനകമായ ശബ്ദം! അതിപ്പോൾ വന്ന് ആ മന തന്നെ വിഴുങ്ങുമെന്നവർക്കു തോന്നി. ഒരു നിമിഷത്തിനു ശേഷം ആ അലറുന്ന പ്രാണി അകന്നകന്നു പോണപോലെ കുട്ടികൾക്ക് തോന്നി. അതെ. ഇറുകെയടച്ച ഇമകൾ തുറന്ന് അവർ പരസ്പരം നോക്കി. അതെന്തോ ഭയങ്കരനായ രാക്ഷസൻ പക്ഷി പറന്നകലും പോലെ ആകാശത്തൂടെ തങ്ങളിൽനിന്ന് ആ അലർച്ച അകലുകയാണ്. കിഴക്ക് കുന്നു കടന്നുവന്ന അത് പടിഞ്ഞാറോട്ടാണ് പോണത് എന്ന് മനസ്സിലാക്കിയ രാമേന്ദ്രൻ ഭയം കൊണ്ട് മുറിഞ്ഞ ശബ്ദത്തോടെ കരഞ്ഞു.
"അമ്മ.. കൊളത്തിലൊറ്റയ്ക്കാ..."
അതുകേട്ട് മറ്റുള്ളവർ വീണ്ടും ഉച്ചത്തിൽ കരയാൻ തുടങ്ങി. സാവിത്രിയുടെ മെലിഞ്ഞ് വാരിയെല്ലുകൾ തെളിഞ്ഞ നെഞ്ചുംകൂട് അറ്റം മുറിഞ്ഞ വലിയ ഏങ്ങലുകളാൽ ഉയർന്നുതാണു. നിലവിളിയുടെ ഉച്ചസ്ഥായിയും കടന്ന് ശബ്ദം നഷ്ടപ്പെട്ട രാധ കതകിൽ ചാരിയിരുന്നു. കഥകളിലെ ആനറാഞ്ചിപ്പക്ഷിയുടെ ചിറകടിയൊച്ച പോലെ അലയടിച്ച മുഴക്കം അകലേയ്ക്കകലേക്ക് നീങ്ങി. എത്ര നിമിഷമങ്ങനെ കഴിഞ്ഞെന്നറിയില്ല. മുറ്റത്തുനിന്ന് ചെറ്യമ്മേടെ ഒച്ച കേട്ടു.
"രാധേയ്... സാവിത്ര്യേയ്... ദെവടെപ്പോയി എല്ലാരും? "
രാമേന്ദ്രൻ വന്യമായ ആവേശത്തോടെ ഓടാമ്പൽ നീക്കി വാതിൽ തുറന്നു. കുട്ടികൾ നാലും 'അമ്മേ'യെന്നു കരഞ്ഞു വിളിച്ച് ഈറനുടുത്ത് വരുന്ന അവരെ പൊതിഞ്ഞു. ഏങ്ങലടിച്ചു കരയുന്ന മക്കളെ കൂട്ടിപ്പിടിച്ച് അവർ പറഞ്ഞു.
"ദെന്താത്!! നെലോളി പൂരം. നിർത്തിൻ. ദാപ്പോ നല്ല കഥ! വിമാനം കണ്ട് പേടിച്ചോ നിങ്ങള്?!"
വിമാനം!!
വിമാനം??
"ദാ ത്ര അടുത്തുക്കൂട്യാ പോയത്. നേരെ ന്റെ തലേടെ മോള്ക്കൂടെ. കൊളത്തിന്റ കരേത്തെ തെങ്ങിന്റെ മണ്ടേല് മുട്ടും ന്ന് നിരീച്ചു ഞാനെയ്. അത്രേം താഴത്ത്..."
"വിമാനം!!"
നഷ്ടബോധത്തിന്റെ കാർമേഘം വന്ന് രാമേന്ദ്രനെ വിഴുങ്ങി. രാധേം സുന്ദരീം തികട്ടിവന്ന ഏങ്ങലിൽ കുലുങ്ങുന്നുണ്ടായിരുന്നെങ്കിലും മൗനമായി മിഴിച്ചുനോക്കി. സാവിത്രി മാത്രം ഒന്നുമറിയാതെ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു.
രാമേന്ദ്രൻ ഓടി പുറത്തേയ്ക്കിറങ്ങി പടിഞ്ഞാറൻ ചക്രവാളത്തിലേയ്ക്ക് നോക്കി.
"ഛെ!"
നഷ്ടബോധം അവനെ അരിശം പിടിപ്പിച്ചു. നാളെ സ്കൂളില് പോയി എന്തൊക്കെ പറയായിരുന്നു! ജീവിതത്തിൽ ആദ്യമായി വിമാനം കാണാനുള്ള അവസരമാണ് നഷ്ടപ്പെട്ടത്. കുന്നോറത്തെ രാമനും കുട്ടനും ഒക്കെ കണ്ടിട്ടുണ്ടാവും.
"ശ്ശേ! വിമാനായിരുന്നൂ അത്..."
രാമേന്ദ്രന്റെ പിറകിൽനിന്ന് ശൂന്യമായ ചക്രവാളത്തിലേയ്ക്ക് കണ്ണുപായിച്ചു സുന്ദരിയും പറഞ്ഞു.
പുന്നെല്ലിൻ മണമുള്ള വായു തുളച്ചു പായുന്നൊരു വെള്ളക്കൊറ്റിയെപ്പോലെ ആ ഷെമ്മിക്കാരി മഠത്തിലേയ്ക്കു പാഞ്ഞു; പരിഭ്രമത്താൽ പ്രസവവേദന തുടങ്ങിയ തന്റെ അമ്മയുടെ അരികിലേയ്ക്ക്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ