ദുരന്തനിവാരണമെന്നും പ്രളയമെന്നും ഇടയ്ക്ക് കേൾക്കാനുണ്ട്. സഭയാണ്. ചോദ്യോത്തരവേളയാണ്. ബഹളമയം. മുദ്രാവാക്യത്തിന്റെ വന്യമായ ഈണവും ആക്രോശങ്ങളുമുണ്ട്. എന്നത്തേയും പോലെ തുലാസിലെ രണ്ടു തട്ടുകളും വെള്ളയുടുത്തവരെക്കൊണ്ടു നിറഞ്ഞു. അവർ തുലാസിലെ ഒറ്റയാൾ ആയ സൂചിയ്ക്കു നേരെ കൈ ചൂണ്ടി അലറുകയും പ്ലക്കാർഡ് ഉയർത്തുകയും ചെയ്യുന്നു. താഴ്ന്ന തട്ടിലേക്ക് ചരിഞ്ഞു പോകുന്ന സൂചി...
ഇതൊക്കെയൊരു റിച്വലല്ലേ? വെറും കാട്ടിക്കൂട്ടൽ. ഏതു തത്ത്വശാസ്ത്രവും ഏതു വിപ്ലവാത്മകമുന്നേറ്റവും അത് ജനാധിപത്യമായാൽ പോലും കാലം ചെല്ലുമ്പോൾ പഴകിദ്രവിച്ച വെറുമൊരു ആചാരമാകുന്നു. മതവും രാഷ്ട്രീയവും പോലെ. മനുഷ്യന്റെ ഒരു സഹജസ്വഭാവമാണ് ഈ ആചാരവത്കരണം.
പ്രതിജ്ഞ ചൊല്ലൽ മുതൽ സ്വാതന്ത്ര്യദിനം വരെ എല്ലാമെല്ലാം ആചാരം. ഗാന്ധിജയന്തിയ്ക്ക് രാഷ്ട്രപിതാവിന്റെ പടത്തിനു മുന്നിൽ വിളക്ക് കത്തിച്ച്, പുഷ്പഹാരം ചാർത്തി, ചന്ദനത്തിരി കത്തിച്ചുഴിഞ്ഞ്, പൂവിട്ടു പൂജിയ്ക്കുന്നതു കണ്ട് അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നിട്ടുണ്ട് ഈ ജനാധിപത്യ മതേതര റിപ്പബ്ലിക്കിൽ. അത് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി. ഉദ്ബോധനമില്ല, അദ്ദേഹത്തിന്റെ വീക്ഷണങ്ങളുടെ പഠനമോ, പ്രസംഗമോ, ഓർമ്മപ്പെടുത്തലോ ഇല്ല. സേവനവാരം ഒട്ടുമില്ല.
വിദ്യാഭ്യാസം കൊണ്ടും ചോദ്യംചെയ്യാനുള്ള ചേതന ബാക്കിയുള്ളതുകൊണ്ടും കേരളത്തിലിതൊന്നും പറ്റില്ല എന്ന് കരുതിയിരുന്നു. ആ ചിന്തയൊക്കെ മാറാൻ നമ്മുടെ നിയമസഭയുടെ ചോദ്യോത്തരവേള എന്ന ആചാരം മാത്രം കണ്ടാൽ മതി. ഒരു പ്രതീക്ഷയും വേണ്ട. നാടിന്റെ വികസനത്തിനുവേണ്ടി ആശയവിനിമയം നടത്താനുള്ള ഒരു കെട്ടിടമാണ്, ഒരു വേദിയാണ് അതെന്നത് വെറും ഒരു സങ്കല്പമാണ്. ഉദ്യോഗസ്ഥവൃന്ദങ്ങളുടെ കർമ്മ പഥങ്ങളിലൂടെ ഇഴഞ്ഞ്, എങ്ങിനെയോ തട്ടിയും മുട്ടിയും മുടന്തിയും മുന്നോട്ടുപോകുന്നു ജനാധിപത്യം.
അമ്പലത്തിൽ അകത്തു പൂജയും ദീപാരാധനയും നടക്കുമ്പോൾ പുറത്തുള്ളവർ മണിയടിയ്ക്കും. (എന്തിനെന്ന് അറിവുള്ളവർ ദയവായി പറഞ്ഞു തരണം) ഗംഭീരമായ മണിയടി ശബ്ദത്തിൽ മന്ത്രങ്ങൾ ഒരു തരിമ്പുപോലും ഗ്രഹിയ്ക്കാനാകാത്തവിധം മുങ്ങിപ്പോകും. ഇന്നു കർണാടകയിലെ ക്ഷേത്രങ്ങളിൽ മണിയടിയ്ക്കാനും യന്ത്രം! സംഗീതമോ പോസിറ്റീവ്നെസ്സോ തൊട്ടുതീണ്ടിയിട്ടില്ലാത്ത അതിന്റെ നിഷ്ഠുരപ്രകമ്പനത്തിൽ കർണം മാത്രമല്ല ഹൃദയ താളവും വിജ്രംഭിച്ചു പോകും. മന്ത്രോച്ചാരണം പോലെ എന്തോ ഒന്ന് ശ്രീകോവിലിൽ നടക്കുന്നുണ്ടെന്നും അവിടേയ്ക്കാണ് നമ്മൾ മനസ്സിനെ കൊണ്ടെത്തിയ്ക്കേണ്ടത് എന്നുമുള്ള ഓർമ്മയിൽ നമ്മൾ കാത്തുനിൽക്കും; ഈ യന്ത്രമൊന്നു നിറുത്തി നിശബ്ദമായ, ശാന്തമായ ഒരു മുഹൂർത്തത്തിനായി.
ചോദ്യോത്തരവേളയുടെ തത്സമയ സംപ്രേഷണം കണ്ടപ്പോൾ ഇതാണ് ഓർമ വന്നത്. ജീവിതത്തിന്നാധാരമാകേണ്ട തത്ത്വചിന്ത സംസ്കൃതശ്ലോക രൂപത്തിലാകുന്നു. തലമുറകളിലേക്ക് പകരുക എന്നതാണ് ഉദ്ദേശം. പിന്നീടത് അഗ്നി, പൂക്കൾ, നീര്, ധാന്യം, കുങ്കുമം, ചന്ദനം തുടങ്ങിയവയുടെ അകമ്പടിയോടെയാകുന്നു. പിന്നീട് പൂജാവേള എല്ലാവരെയും അറിയിയ്ക്കാനും ശ്രദ്ധയുണർത്താനും മണിയടിയോടെയാകുന്നു. പിന്നീട് പലതരം ശബ്ദങ്ങൾ ഒരുമിച്ച് ഉച്ചത്തിൽ പുറപ്പെടുവിയ്ക്കുന്ന ഒരു വൃത്തികെട്ട യന്ത്രത്തിന്റെ സാന്നിധ്യത്തിൽ തത്ത്വചിന്ത പറയുന്ന സംസ്കൃത മന്ത്രങ്ങൾ വെറും അധര ചലനങ്ങളായി മുങ്ങിപ്പോകുന്നു. ഇത്രേയുള്ളൂ നിയമസഭയിലെ ചോദ്യോത്തര വേള. ജനാധിപത്യത്തിന്റെ കയ്യും കാലും തലച്ചോറുമാകേണ്ട കർമ്മം വെറും ആചാരമായി അധഃപതിച്ചു പോയിരിയ്ക്കുന്നു. അനേകം മസ്തിഷ്കങ്ങളുടെ, നൂറ്റാണ്ടുകളുടെ ജീവിതദർശനം കടഞ്ഞു കിട്ടിയ വെണ്ണയാണ് ജനാധിപത്യം. അതും അഴുകുമ്പോൾ ഇനി പുതിയതായി മനുഷ്യനിൽ ഏതു സ്വാതന്ത്ര്യസമരമാണ് കടന്നുവരേണ്ടത്! യന്തിരനും ട്രാൻസ്ഫോർമേഴ്സുമൊക്കെ വരേണ്ടിവരുമായിരിയ്ക്കും നമ്മുടെ ആസനത്തിലെ വേരുകൾ പിഴുതെടുത്ത് നമ്മെ ചലനാത്മകമാക്കാൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ