2018 ഡിസംബർ 21, വെള്ളിയാഴ്‌ച

ദൈവം - പിശാച്

ഹാസനിലെ കൂട്ടുകാരിയുടെ ഒരു കുഗ്രാമത്തിലുള്ള തറവാട് വീട്. തറവാടെന്നൊക്കെ പറയുമ്പോൾ നമ്മൾ മലയാളികളുടെ മനസ്സിൽ പൊങ്ങിവരുന്ന പെയിൻറ് പരസ്യത്തിലെ വീട് ഇടിച്ചു പൊളിച്ചു കളഞ്ഞിട്ട് ഒരു കൂര പണിഞ്ഞ് കുമ്മായം തേയ്ക്കുക. നിന്നു തിരിയാൻ സ്ഥലമില്ലാത്ത ഉമ്മറത്തു നിന്ന് കല്ലോ സ്ലാബോ ഇട്ടിട്ടുണ്ടാകും- അഴുക്കു ചാലിനു കുറുകെ. ഗേറ്റും തൊടിയുമൊന്നുമില്ല.

വീതി കുറഞ്ഞ റോഡിനിരുവശത്തും മാർജിൻ വരയ്ക്കുന്ന ചാലിനപ്പുറം തൊട്ടുരുമ്മിയും ഒട്ടിച്ചേർന്നും നിൽക്കുന്ന അനേകം കൂരകൾ. വളർത്തുമൃഗങ്ങളായ കോഴി, ആട്, ചെമ്മരിയാട്, എരുമ, പശു, ഇവരുടെ ഭർത്താക്കന്മാർ.. ഒക്കെ വീടിനോട് ചേർന്നാണ് താമസം.  ചാലിനോട് ചേർന്ന് രാപകലില്ലാതെ ഇരുന്നു സൊള്ളാനും അവരെ കാളു (ഒരുതരം പയർ) തൊലി കളയാനും റാഗി ചേറാനും ബീഡിവലിച്ച് മാനം നോക്കാനുമൊക്കെയായി സിമന്റോ കാവിയോ തേച്ച തിണ്ണയുണ്ടാകും. തൊട്ടടുത്ത് ചാലാണെന്നതൊഴിച്ചാൽ ഗ്രാമീണതയുടെ വലിച്ചാകർഷിയ്ക്കുന്ന എന്തോ 'ഒരിത്' ഉണ്ട് ആ തിണ്ണയ്ക്ക്.

അവിടെ അന്നൊരു സീമന്തത്തിനു പോയതാണ്. വീട്ടിനകത്ത് ശ്വാസം വിടാൻ പോലും സ്ഥലമില്ല. ഞാൻ അകത്തോട്ടോ പുറത്തോട്ടോ എന്നു ശങ്കിച്ച് ഉമ്മറത്ത് നിൽക്കുകയാണ്. ആരൊക്കെയോ വരുന്നു, ഇടിച്ചുകയറി അകത്തെ മായയിൽ അപ്രത്യക്ഷരാകുന്നു. മിന്നിത്തിളങ്ങുന്ന കടും നിറങ്ങളിലുള്ള കുത്തുന്ന, മാന്തിപ്പറിയ്ക്കുന്ന, ആക്രമിക്കുന്ന ബീഡ് വർക്കുകളുള്ള സാരിയുടുത്ത സ്ത്രീകൾ.. ബ്ലൗസ് ഇറക്കി വെട്ടി, ഇറക്കി വെട്ടി പുറത്താണ് സൗന്ദര്യം മുഴുവനും (അകത്തല്ല) എന്നുപറയുന്ന പുറങ്ങൾ..  ഫേറാൻലൗലിയും റോസ് പൗഡറുമിട്ടു വെളുപ്പിച്ച മുഖങ്ങൾ.. കിലുങ്ങുന്ന കുപ്പിവളകൾ.. രണ്ടിഞ്ച് കനമുള്ള പാദസരങ്ങൾ.. ആ വീടിനോ അതിരിയ്ക്കുന്ന പശ്ചാത്തലത്തിനോ ഒട്ടും ചേരാത്ത ഉടയാടകൾ. എന്തിനു പറയണം! അതുടുത്തിരിയ്ക്കുന്ന കർഷകഛായയുള്ള മെലിഞ്ഞ മുഖങ്ങൾക്കും ചടച്ച ശരീരത്തിനും പോലും ചേരാത്ത വില പിടിച്ച കസവുടുപ്പുകൾ. പുതുതലമുറയ്ക്ക് ഇത് നിർബന്ധമാണ്. മറ്റു ദിവസങ്ങളിലെല്ലാം മുള്ളങ്കി, ഇഞ്ചി, ചോളം തുടങ്ങിയവയ്ക്കൊപ്പം വയലിൽ വെയിൽ കായുന്ന അച്ഛനമ്മമാരെയും അവർ സ്നേഹത്തോടെ കോലം കെട്ടിയ്ക്കും. പ്രായമായവർക്കും അതിൽ സന്തോഷമാണ്. ഒരു പത്തു കൊല്ലത്തിനിപ്പുറം മണ്ണിലെ ജീവനൂറ്റിയെടുത്ത ഇഞ്ചികൃഷി ഇവിടുത്തെ കർഷകരെ പുതുപ്പണക്കാരാക്കിയിട്ടുണ്ട് എന്നതാണ് സത്യം.

ടാങ്കർലോറിയെത്തി. റോട്ടിൽ നിരത്തിവച്ച വീപ്പകളിലെല്ലാം വെള്ളം നിറയ്ക്കുകയാണ്. ആണുങ്ങളും കുട്ടികളും അതിനുചുറ്റുമാണ്. മുകളിൽ വെള്ളടാങ്കുള്ള ഒരു വീടുപോലും ആ ചേരിയിലില്ല.( നമുക്ക് ചേരിയെന്നു തോന്നും. 'ഊരു'  'ഹള്ളി' എന്ന അവരുടെ നൊസ്റ്റാൾജിയ ഇതാണ്) കക്കൂസും കുളിമുറിയുമൊക്കെ സ്വച്ഛഭാരത് വന്നതിനു ശേഷം വന്ന ആഡംബരങ്ങളാണ് മിക്കവർക്കും.

എന്നോടൊപ്പം ഉമ്മറത്തു വിങ്ങിനിന്ന കൂട്ടുകാരിയുടെ ബന്ധുക്കളെ ഞാനറിയും. മതംമാറി പത്തിരുപത് വർഷങ്ങൾ മാത്രമായ രക്തബന്ധങ്ങളാണ്. അവർക്ക് ഉള്ളിൽ കയറാനും ആചാരങ്ങളിൽ പങ്കെടുക്കാനും ഇഷ്ടമില്ലന്നു തോന്നി. കൂട്ടുകാരിയുടെ ഗ്രാമീണരായ ബന്ധുക്കളോട് ഞാനധികം സംസാരിയ്ക്കാൻ പോകാറില്ല. അവർ പറയുന്ന കന്നട മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടാണ്. പഠിയ്ക്കാൻ ഏറെയുള്ള ഇടങ്ങളിൽ നിശബ്ദയായ കാണിയായിരിയ്ക്കുകയാണ് രസവും.
"അവരു കേരളദവരു, കന്നട ബറല്ല" എന്ന് ആദ്യമേ ആരെങ്കിലും എന്നെപ്പിടിച്ച് ലേബലൊട്ടിയ്ക്കുന്നതിനാൽ അദ്ധ്വാനമേതുമില്ലാതെ അവിടെങ്ങാനും ഇരുന്നാൽ മതി. വിളമ്പിയ ഭക്ഷണം കഴിയ്ക്കാൻ ഭാഷ വേണ്ടല്ലോ. കൂട്ടുകാരിയാണെങ്കിൽ അകത്തെ തിരക്കിനകത്താണ്‌.

"ഹോഗ്ബാരദു ആചെ" അകത്തേയ്ക്കു കയറിപ്പോയ മധുരപലഹാരങ്ങൾ നിറച്ച താലത്തിന് പിന്നാലെ പോകാനൊരുമ്പെട്ട കൊച്ചുകുട്ടിയെ തടഞ്ഞുകൊണ്ട് അക്കൂട്ടത്തിലെ മുത്തശ്ശി പറഞ്ഞു. കുതറാൻ ശ്രമിയ്ക്കുന്ന അവന്റെ കൈ ഞെരിച്ചുകൊണ്ട്  താക്കീതിന്റെ സ്വരത്തിൽ കുട്ടിയുടെ അമ്മ പറഞ്ഞു, "ഹോഗ് കൂടദു." ആഗ്രഹവും അഭിമാനക്ഷതവും കാരണം അവന്റെ കണ്ണുനിറഞ്ഞു.

അടുത്ത വർഷമോ അതിനടുത്ത വർഷമോ മാത്രം പാകമായേയ്ക്കാവുന്ന മിന്നുന്ന വലിയ കുപ്പായമിട്ട ഒരു കുഞ്ഞേടത്തിയുണ്ടവന്. അവളവന്റെ കൈപിടിച്ച് സാന്ത്വനിപ്പിക്കാനെന്നവണ്ണം നോക്കി. അനിയൻ ദുഃഖം മറക്കട്ടെ എന്നുകരുതിയാവണം; അവളവന് ചുമരിലെ പടം കാണിച്ചു കൊടുത്തു. ഏതു ബാല്യത്തെയും മോഹിപ്പിയ്ക്കുമാറ് വർണ്ണാഭമായ ആ പടത്തിനു കീഴെ അവരിരുവരും കണ്ണു മിഴിച്ചു നിന്നു. അതു തൊടാനായി അവൻ കയ്യേന്തിച്ചപ്പോൾ അവനെക്കാൾ ഒന്നോരണ്ടോ വയസ്സുമാത്രം മൂത്ത അവൾ ഒരമ്മയുടെ വാത്സല്യത്തോടെ അവനെ എടുത്തു പൊക്കി. അവന്റെ നീട്ടിയ കൈ ആ പടത്തിലെത്തും മുൻപ് അവനെ വലിച്ചു താഴെയിടുകയും സ്നേഹസാന്ത്വനം ചൊരിഞ്ഞ ആ കുഞ്ഞുസ്ത്രീയെ നുള്ളി വേദനിപ്പിക്കുകയും ചെയ്തു അവരുടെ അമ്മ.

"സെയ്ത്താനാണത്. ഇവര് സാത്താന്റെ പടംവെച്ച് പൂജിക്കണോരാ. അതു തൊട്ടാൽ നീ നരകത്തിൽ പോകും" എന്ന് അടക്കം പറഞ്ഞ് കുട്ടികളുടെ മുത്തശ്ശി അവരെയും വലിച്ചുകൊണ്ട് റോഡിലേക്കിറങ്ങി. ടാർപോളിനു താഴെ ചുവന്ന പ്ലാസ്റ്റിക് കസേരകളിലൊന്നിൽ അവർ പുറം തിരിഞ്ഞിരുന്നു. അവരുടെ കൂടെ നിന്ന കുട്ടികൾ ഭയത്തോടെയും ആശ്ചര്യത്തോടെയും ഉമ്മറത്തെ പടത്തിലേയ്ക്കു തുറിച്ചുനോക്കി.

"മനുഷ്യരുടെ ഭാഷകളേ വശമില്ലാതിരുന്നെങ്കിൽ..." എന്ന് ഇരുണ്ട ഏതോ പാതാളത്തിന്റെ ലാവ പോലെ ചുടുന്ന തറയിലേക്ക് വലിച്ചെറിയപ്പെട്ട ഞാൻ വ്യാമോഹിച്ചു. തിളങ്ങുന്ന കണ്ണുകളും ചുരുണ്ട മുടിയും വശീകരിക്കുന്ന ചിരിയുമുള്ള പൈതലിന്റെ പടം നോക്കാതെ ഞാൻ തല താഴ്ത്തി.

പടവും കൊന്തയും പുസ്തകവും... ഒന്നിലും ദൈവമില്ല; പിശാചുമില്ല. ഇവ കാണുമ്പോൾ, കേൾക്കുമ്പോൾ, ഓർക്കുമ്പോൾ ഉള്ള മനുഷ്യമനസിന്റെ ഭാവത്തിലാണ് ദൈവവും പിശാചുമിരിയ്ക്കുന്നത്. ഒരു ഞൊടിയിട വ്യത്യാസത്തിൽ സ്വർഗവും നരകവും ഞാൻ കണ്ടു. ഭൂമിയിലെ സന്തോഷത്തോടെയുള്ള വാക്കിലും സാന്ത്വനത്തോടെയുള്ള നോക്കിലുമാണ് സ്വർഗം; ദേഷ്യത്തിലും വെറുപ്പിലും നരകമിരിയ്ക്കുന്നതുപോലെ.. അത് പഠിപ്പിയ്ക്കാൻ മതങ്ങൾക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ മതങ്ങളെല്ലാം പോയിത്തുലയട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ