പോളേട്ടന്റെ ബസ് മാറിക്കയറിയ പോസ്റ്റു വായിച്ച് കമന്റും കാണിയ്ക്ക വെച്ച് കുളിയ്ക്കാൻ കയറീതാ. ഒരു ബക്കറ്റ് തുണിയലക്കിയതും ബാത്റൂം, ടോയ്ലറ്റ് എന്നിവ കഴുകിയതും കുളിച്ചതുമൊന്നും ഞാനറിഞ്ഞില്ല. കുളി കഴിഞ്ഞ് കറുമുറാന്നിരിയ്ക്കുന്ന കോട്ടൺ ഡ്രസിട്ട് തോർത്തുമുണ്ടൊലുമ്പാൻ ടാപ്പു തുറക്കുന്നതിനു പകരം ഷവർ തുറന്ന് മുക്കാലും നനഞ്ഞു കഴിഞ്ഞപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.
പോളേട്ടാ, നിങ്ങക്കൊക്കെ കിട്ടിയ തലകളുടെ എണ്ണവും വിലയും അറിയാഞ്ഞിട്ടാണ്!
എനിയ്ക്കും തല ഭാഗം തന്നെ വേണായിരുന്നൂന്ന്, പറയാൻ ഇതുവരെ മീൻ തന്നെ കഴിച്ചിട്ടില്ലാത്ത എനിയ്ക്കു പോലും സങ്കടത്തോടെയും നഷ്ടബോധത്തോടെയും തോന്നുന്നു. നഷ്ടങ്ങളുടെ ഓർമ്മക്കണക്ക് തുമ്പാ ദൊഡ്ഡദു.
Mscയ്ക്കു പഠിയ്ക്കുമ്പോൾ ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തി ഗൃഹാതുരതയുണർത്തുന്ന നാമം ചൊല്ലലിൽ കാൽ നീട്ടിയിരിയ്ക്കുന്ന അമ്മമ്മേടെ മിനുത്തു തണുത്ത കുമ്പയിൽ തല വെച്ച്, കൈകൊണ്ട് ചുറ്റിപ്പിടിച്ച് കിടക്കും. അമ്മ വിളമ്പിത്തന്ന ചോറുണ്ടാവും ആ കിടപ്പ്. ചുവപ്പുരാശിയുള്ള പുഴുവിന്റെ ജഡങ്ങൾ തെരഞ്ഞ് തിരഞ്ഞുള്ള ഹോസ്റ്റലിലെ ചോറൂണ് ഒരു കണക്കായിരുന്നു. ഹോസ്റ്റലിൽ നിന്നും വല്ലപ്പോഴും വരുമ്പോൾ ദിവസേനയുള്ള സന്ധ്യാനാമ സമയം കിടക്കുന്നതിന് എക്സ്ക്യൂസ് ഉണ്ടായിരുന്നു. നാമം ചൊല്ലുന്നതിനിടയിൽ അമ്മമ്മ ചോദിക്കും 'എന്നാ അവസാനം പുറത്തായേ ' എന്ന്. അതുകഴിഞ്ഞ് എത്ര ദിവസങ്ങളായെന്ന് കണക്ക് കൂട്ടും. ഇത് ഓരോ തവണയും ഉള്ളതാണ്. ആധിയോടെയുള്ള അമ്മമ്മയുടെ കണക്കുകൂട്ടൽ കാണുമ്പോൾ മനസ്സിൽ നിന്ദയും ദുഃഖവും നിറയുമായിരുന്നു. "അമ്മമ്മാ, ഞാൻ പഠിയ്ക്കാനാണ് പോണത്. എന്നെ വിശ്വാസമില്ലേ?" എന്ന് ചോദിച്ച് പലതവണ വഴക്കു കൂടിയിട്ടുണ്ട്. ഓരോ തവണയും ചോദ്യം പ്രതീക്ഷിച്ചു കിടക്കുമ്പോൾ നിസ്സംഗയാവാൻ ശ്രമിച്ചിട്ടുണ്ട്. അമ്മമ്മയുടെ വിശ്വാസക്കുറവ് ഞാൻ മോശക്കാരിയായതു കൊണ്ടല്ല; ലോകത്തിൽ നിന്നും മോശം മാത്രം പ്രതീക്ഷിക്കുന്നത് കൊണ്ടാണെന്ന് സ്വയം സമാധാനിപ്പിക്കാൻ എത്ര ശ്രമിച്ചാലും സന്ധ്യാ നാമത്തിന് പകരം നിന്ദ മനസ്സിൽ നിറയുമായിരുന്നു.
പെണ്ണുങ്ങൾ പഠിക്കേണ്ട ആവശ്യം തന്നെയില്ല എന്നു കരുതുന്ന ഒരായിരം മുസ്ലിം കുടുംബങ്ങളിൽ വെളിച്ചം നിറക്കാൻ കുന്നിൻപുറത്തെ ആ കോളേജിന് കഴിഞ്ഞിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന സമയം. സ്വന്തമായി വിപ്ലവം പ്രസംഗിക്കാൻ പോകില്ലെങ്കിലും വിപ്ലവകാരികളോടായിരുന്നു എൻറെ കൂട്ട്. പുതിയ കോളേജ്. അധ്യാപകരും അനധ്യാപക സ്റ്റാഫും എല്ലാം ചെറുപ്പക്കാർ. അങ്ങനെയിരിക്കെ ഒരു അറ്റൻഡർ എന്നെ അന്വേഷിച്ചു. എ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് തേടിയായിരുന്നു അയാൾ വന്നത്. സ്കാനിംഗ് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞത്രേ ഭാര്യയ്ക്ക് ഇരട്ടക്കുട്ടികളാണ്; ഓപ്പറേഷൻ വേണ്ടി വരുമെന്ന് . റെയർ ഗ്രൂപ്പ് ആയ കാരണം ഓപ്പറേഷനു മുന്നേ ആളെ സംഘടിപ്പിക്കാൻ ഇറങ്ങിയതാണ് അയാൾ. സ്വതവേ എത്ര ഇരുമ്പു ഗുളിക കഴിച്ചാലും അനീമിക് എങ്കിലും സന്തോഷത്തോടെ ഞാൻ പറഞ്ഞു, 'തീർച്ചയായും വിളിക്കണം '. ഒരാഴ്ചകഴിഞ്ഞ് ഭാര്യ പ്രസവിച്ചതറിഞ്ഞ് അയാളോട് കുശലം ചോദിച്ചപ്പോൾ അയാൾ പറയുകയാണ് നന്നായി നിന്റെ ബ്ലഡ് ഒന്നും ആവശ്യം വരാഞ്ഞതും കൊടുക്കാഞ്ഞതുമെന്ന് . 'വല്ല എയ്ഡ് സൊക്കെ കാണും' എന്ന്.
ബാല്യത്തിലെ ഭീതിതമായ ഓർമ്മകൾ നിറച്ച അപകർഷത മൂലം ആരുടെയും മുഖത്തു പോലും നോക്കാൻ മടിക്കുന്ന ഒരു കൗമാരക്കാരി ആയിരുന്നു ഞാൻ. വളരെ ദൂരെ നിന്നും യാത്ര ചെയ്തുവന്ന് ഡിഗ്രിക്ക് പഠിക്കുന്നു എന്ന ഒരൊറ്റ കാരണത്താൽ ഇവൾക്കൊക്കെ എയ്ഡ്സ് കാണുമായിരിക്കും എന്ന നിഗമനത്തിൽ അയാളെത്തി. വനിതാ കോളേജിൽ വയറ്റിപ്പിഴപ്പിന് ജോലിചെയ്യുന്ന അദ്ദേഹത്തിൻറെ ഭാര്യ സ്കൂൾ വിദ്യാഭ്യാസം മുഴുമിപ്പിച്ചില്ല എന്ന് എനിക്കുറപ്പാണ്. കോളേജിലെ ദഫ് മുട്ട് മത്സരത്തിന് അയാളാണ് ഞങ്ങൾക്ക് ഷർട്ടുകൾ തന്നത്. എയ്ഡ്സ് രോഗി എന്ന് പുച്ഛത്തോടെ പറഞ്ഞ അന്ന് അയാളുടെ ഷർട്ടിട്ടല്ലോ എന്ന അറപ്പു മാറാൻ ഞാൻ തേച്ചു തേച്ചു കുളിച്ചു. അയാളോടുള്ള അറപ്പ് ഇനിയും മാറിയിട്ടില്ല എന്നുമാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ