2018 ഡിസംബർ 1, ശനിയാഴ്‌ച

മോഷണക്കഥ

നിയ്ക്കും ഉണ്ടേ മോഷണക്കഥ. അതും രണ്ടെണ്ണം.

പത്തഞ്ഞൂറ് കൊല്ലം മുമ്പ്.. കോളേജിൽ പഠിയ്ക്ക്ണ കാലം. കഥയെഴുത്തുണ്ടായിരുന്നു. മാഗസിനിൽ വന്നു. കഥ സ്വന്തമല്ലെന്ന് ഒരു ചീട്ടെഴുതി മേശപ്പുറത്തു വെച്ചു. പതിവുപോലെ മേശപ്പുറത്തെ ചീട്ടെല്ലാം ഗുരു ഉറക്കെ വായിച്ചു. കൂട്ടത്തിൽ ഇതും. 'No comments' എന്നു പറഞ്ഞു വിട്ടുകളഞ്ഞു.☹️ വിശദീകരണം ചോദിയ്ക്കുമെന്നുകരുതി ആർക്കോ ഒന്നു താങ്ങാൻ സത്യസന്ധത കളിച്ചതായിരുന്നു. ഒന്നും ചോദിച്ചില്ല. ഒന്നും പറഞ്ഞില്ല. എല്ലാരും കേട്ടതിത്രമാത്രം - കഥ മോഷണമായിരുന്നു. അലഭ്യലഭ്യശ്രീ. ഉദ്ദേശം പരാജയപ്പെട്ടു. താൻ കുഴിച്ച കുഴിയിൽ..

അന്നത്തെ കഥ ഫോട്ടോയിലുണ്ട്. വായിച്ചുനോക്കാം. പ്രഥമ പ്രതിശ്രുതി, സുവർണ്ണലത പ്രേതങ്ങളാവേശിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ നാമകരണത്തിലടക്കം. അമിത വായന, ആവർത്തന വായന, ആവേശം.. ന്യായീകരിക്കുന്നില്ലാ ട്ടോ.

നൂറ്റാണ്ടുകൾക്കുമുൻപ്.. കോളേജിൽ ബോട്ടണി ബിരുദം രണ്ടാം വർഷം. ഐഛിക ഭാഷ ഹിന്ദി. ഹിന്ദി ഗുരുവിന്റെ കലശലായ ആത്മാർത്ഥത. എന്നും ഹിന്ദിപ്പരൂഷ. വർഷാരംഭം മുതൽ അവസാനംവരെ തലങ്ങുംവിലങ്ങും ഹിന്ദിപ്പരൂഷ.

ബോട്ടണി പഠിയ്ക്കാൻ കിടക്കുന്നു. ടാക്സോണമി റെക്കോർഡ് വര ഏതാണ്ട് എല്ലാ ദിവസവും രാത്രി രണ്ടുമണി വരെ. സുവോളജിയിൽ ഇമ്യൂണോളജി, പ്രോട്ടീൻ സിന്തസിസ് തുടങ്ങിയവ രാവുംപകലും മനസ്സിലിട്ട് ഓടിക്കുന്ന കാലം. കെമിസ്ട്രി പ്രാക്ടിക്കൽ ഹാളിൽ സാൾട്ട് അനാലിസിസിനു കയറണമെങ്കിൽ റാങ്കുകാരനായ സാറിന് ഒരു ടേപ്പ് റിക്കോർഡറിന്റെ കൃത്യതയിൽ ഗ്രൂപ്പ് ടെസ്റ്റുകളും കൺഫർമേഷൻ ടെസ്റ്റുകളും പാടിക്കേൾപ്പിക്കണം. ഇതിനിടയിൽ ആ ദിവസങ്ങളും (മാസത്തിൽ നാലിലൊന്ന് പോക്കാ) ദിവസേന മൂന്ന് മണിക്കൂർ ബസ്സിലെ കമ്പിയിൽ തൂങ്ങി സർക്കസ്. പക്ഷേ, ഹിന്ദിയുണ്ടല്ലോ. അതു പഠിയ്ക്കണം ദിവസവും. ക്ഷമയുടെ നെല്ലിപ്പടി പൊളിഞ്ഞ ഒരൂസം ഞങ്ങൾ പറഞ്ഞു - നമ്മൾ പ്രതിഷേധിച്ച് കോപ്പിയടിച്ചെഴുതും. ഗുരു വന്നു. പരീക്ഷ തുടങ്ങി. ഞാൻ പുസ്തകം തുറന്ന് മടിയിൽവെച്ച് നോക്കി എഴുതി. മൊത്തം ചന്തുക്കളും (സ്ത്രീലിംഗത്തിലാക്കിക്കോളൂ. പെണ്ണുങ്ങൾടെ കോളേജായിരുന്നു) എന്നെ ചതിച്ചു! പ്ലാൻ ചെയ്തപോലെ ആരും പ്രതിഷേധിയ്ക്കാനായി കോപ്പിയടിച്ചില്ല. ഗുരുവിനെ കണ്ടപ്പോ പേടിച്ച് പരീക്ഷയെഴുതി. എന്നെപ്പിടിച്ചു. ഞാൻ വലിയവായിൽ കരഞ്ഞു. ആ കുടുസ്സു ഹിന്ദി മുറിയിലിരുന്ന് അടുത്ത പിരീഡ് മുഴുവൻ ഏകാന്തമായി കരഞ്ഞു പൊളിച്ചു. പ്രതിഷേധം, ചതി, എണ്ണിയെണ്ണി പറയാനുണ്ടായിരുന്നത് കേൾക്കാൻ തുനിയാഞ്ഞ ഗുരു... എന്റെ സൽപ്പേര് പോയിരിക്കണം. ജനലും വാതിലും കട്ടിളയും ഒന്നും വെച്ചു കഴിഞ്ഞിട്ടില്ലായിരുന്ന ആ ചെങ്കല്ലിൻ കെട്ടിടത്തിന്റെ ഇടനാഴിയുടെ ചക്രവാളത്തിലെ ചതുരദ്വാരത്തിലൂടെ മൂന്നുനിലകൾക്കു താഴെ പാറക്കല്ലിലേയ്ക്ക് കൂപ്പുകുത്താതിരുന്ന കാരണം ഇന്നിങ്ങനെ ഓർക്കാൻ പറ്റുന്നുണ്ട്.😊

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ