2018 മാർച്ച് 1, വ്യാഴാഴ്‌ച

ഷെഡ്ഡികൾ

ഷെഡ്‌ഡികൾക്കായി ആഗ്രഹിച്ചിട്ടുണ്ട് ഒരുപാടുകാലം. വീടിനു മുന്നിലും പിന്നിലും മേലെയും അയയിൽ തൂങ്ങിയാടുന്ന ഒരു ഡസൻ ഷെഡ്ഡികൾക്കായി. ഡെറ്റോളോ, രാധാസോ, ചന്ദ്രികയോ മണക്കുന്ന, റോഡുവക്കിൽ അറുപതു രൂപയ്ക്ക് മൂന്നെണ്ണം കിട്ടിയിരുന്ന, ചോട്ടാ ഭീമിന്റെയോ, ബെൻ ടെണിന്റെയോ റബ്ബർ പ്രിന്റുള്ള ഒരു നിര കുഞ്ഞി ഷെഡ്ഡികൾക്ക്.

ഒരിക്കലും കുട്ടി ഉണ്ടാവില്ലേയെന്ന് നൊമ്പരം കൊണ്ടിരുന്ന വർഷങ്ങളിൾ കുഞ്ഞി ഷഡ്ഢിയുടെ കാഴ്ചകൾ മനം പൊള്ളിച്ചിട്ടുണ്ട്.

ഒന്നുമോർക്കാതെ ബസ്സിലിരുന്നു ലോകം കാണുമ്പോൾ നടവഴിയിൽ വീണു കിടക്കുന്ന ഒരു മുച്ചക്ര സൈക്കിളോ, അയയിൽ നീരന്നാടുന്ന കുഞ്ഞുടുപ്പുകളോ, മണലിൽ ചക്രം പുതഞ്ഞു പോയ കളി വണ്ടികളോ ഉള്ള മുറ്റങ്ങൾ പിന്നിലോട്ടൊഴുകിപ്പോകുമ്പോൾ ആ മലവെള്ളം മുറിച്ചുകടക്കാനൊരു ചങ്ങാടം പോലുമില്ലാതെ അങ്ങകലെ മുറ്റത്തെ മൺകൂനയാകുന്ന തുരുത്തിൽ ഒറ്റപ്പെട്ട് പോകുമായിരുന്നു മനസ്സ്.

കിഴക്കേ മുറ്റത്തെ അയയിൽ സഹോദരങ്ങളുടെ മക്കളുടെ നന്നായി വെയിൽ കൊണ്ടുണങ്ങിമൊരിഞ്ഞ കുഞ്ഞുടുപ്പുകളും കുഞ്ഞു ഷെഡ്ഡികളും മടക്കി എടുക്കുന്ന സായന്തനങ്ങളിൽ ചുടുകണ്ണീർ വീണു മാറു നനഞ്ഞത് തുളസിത്തറയിലിരിയ്ക്കുന്ന കൃഷ്ണ പാദങ്ങൾ മാത്രമേ കണ്ടുള്ളൂ.'

നീ ശരിക്കും കല്ലു മാത്രമാണോയെന്ന് ചോദിച്ച് വാടിയുണങ്ങി കുമ്പിട്ടുകിടക്കുന്ന നന്ത്യാർവട്ട പൂക്കൾ വലിച്ചെറിഞ്ഞു കളഞ്ഞ്, അടുത്ത ചിന്തയിൽ കല്ലെങ്കിലും ആ കുഞ്ഞിക്കാലുകൾ ഒന്നു തലോടുമ്പോൾ ഒരു തേങ്ങൽ വന്നെന്റെ നെഞ്ചിൻ കൂടിൽ അലമുറയിട്ടു വീണു ചിതറിയത് ഒരു തരിപ്പോടെ മാത്രമേ ഇന്നു മോർക്കാനാവുന്നുള്ളൂ.

വർഷങ്ങൾക്കൊടുവിൽ കുഞ്ഞാവ വന്നെന്റെ വീട്ടിൽ വെളിച്ചം നിറച്ചപ്പോൾ ഞാനൊരുപാട് കുഞ്ഞിപ്പാൻറുകൾ വാങ്ങിക്കൂട്ടി. ഒരു മൂത്രത്തിനൊന്ന്, അപ്പിക്കെന്തായാലുമൊന്ന്, പിന്നെ മാമുണ്ടാലും വെള്ളം നനഞ്ഞാലുമൊക്കെ വേറെ വേറെ. പത്തും പതിനഞ്ചും വരിവരിയായി ഉണക്കാനിടുന്നതും മടക്കി എടുക്കുന്നതും ആസ്വദിച്ചപ്പോൾ ഒരിക്കലും മറന്നില്ല ആ കരഞ്ഞ ദിനങ്ങൾ.

ബാംഗ്ലൂരിലെ കാവി തേച്ച ആ കൊച്ചു മുറ്റത്തിനോരത്ത് നിന്നിരുന്ന ചെമ്പക മരത്തിൽ കെട്ടിയ അയയിലാടി ആ കുഞ്ഞുടുപ്പുകൾ വഴിപോക്കരോട് കാര്യം പറഞ്ഞിരിക്കാം. കുട്ടി ഉണ്ടായിട്ടില്ലാത്ത ഏതോ അമ്മയെ അത് വീർപ്പുമുട്ടിച്ചിരിക്കാം. വഴിപോക്കർ എന്നെപ്പോലെ കുഞ്ഞുടുപ്പുനോക്കുന്നുണ്ടോയെന്ന് ജനൽ കർട്ടനു പിന്നിൽ മറഞ്ഞുനിന്ന് ഞാൻ നോക്കിയിട്ടുണ്ട്.

ജോൺസൺസ് സോപ്പിന്റെ, ഡെറ്റോളിൽ മുങ്ങി വെയിലത്തുണങ്ങി മൊരിഞ്ഞ പരുത്തി മുണ്ടിന്റെ, ശിങ്കാർ കണ്മഷിയുടെ... വ്യാമോഹിപ്പിക്കുന്നവയുടെ കൂട്ടത്തിൽ മണങ്ങൾ മാത്രമല്ല ഉള്ളത്. കുറുക്കുണങ്ങിയ കവിൾത്തടങ്ങൾ, ഉമിനീർ വഴുക്കുന്ന കീഴ്ത്താടി, മൂത്രത്തിൽ പുതർന്നു തണുത്ത കുഞ്ഞിച്ചന്തിയും കാലുകളും.. ഇങ്ങനെ നല്ലതെന്നോ ചീത്തയെന്നോ പറയാനാവാത്ത ചിത്രങ്ങളും സ്പർശങ്ങളും സ്വരങ്ങളും ചേർന്നതാണ് ഒരു കുഞ്ഞെന്ന സത്യം. ഒരു കുഞ്ഞെന്ന സങ്കൽപ്പവും.

     സ്ത്രീകളെല്ലാം അമ്മമാരാണ്. ചിലർക്ക് ഇനിയും കുട്ടിയുണ്ടായിട്ടില്ലെന്നു മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ