2018 മാർച്ച് 24, ശനിയാഴ്‌ച

പ്രണയവേതാളം.

പ്രണയമാണെനിക്ക് നിന്നോട്. നീ അറിയരുത്. ഞാൻ പറയരുത്. തുറന്നുപറയാനേ അരുതാത്ത മൗന പ്രണയം വേതാളമായി തോളത്തു തൂങ്ങുമ്പോൾ കാലിടറും. സങ്കൽപങ്ങളും സ്വപ്നങ്ങളും ഊട്ടി അവ കഥപറഞ്ഞു വളർത്തുന്ന അടിമയായ മനസ്സ് ഒരു പ്രഹേളികയാണ്.
ശരികളുടെ വെളിച്ചം വീഴും മുൻപേ അടർന്നുമാറി ആൽമരത്തിൽ തൂങ്ങുന്ന വൃത്തികെട്ട കടവാതിലിനെ പോലിരിക്കുന്ന തെറ്റിന്റെ ഗന്ധമുള്ള ഈ പ്രണയത്തെ വീണ്ടും വീണ്ടും എടുത്തു തോളത്തിട്ടു ഞാനെന്റെ മുഷിഞ്ഞ യാത്ര എന്തിന് തുടരുന്നു!
അതിജീവനത്തിന്റെ ആശാകിരണമില്ലാത്ത കറുത്ത രാത്രികളിൽ ഒരേ കാതങ്ങൾ തന്നെ അർഥമില്ലാതെ വീണ്ടും വീണ്ടും താണ്ടുന്ന എനിക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടിരിക്കുമോ! അതോ, നിയതിയുടെ പൊക്കിൾക്കൊകളിൽ എവിടെയോ ഇനിയും ലോകം പൂകാതെ കിടക്കുന്ന ഏതോ ഒരു ശരിയുടെ കഥയ്ക്ക് കാതോർക്കാനാണോ ഞാനീ പ്രണയത്തെ ചുമക്കുന്നത്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ