2018 മാർച്ച് 14, ബുധനാഴ്‌ച

ദൈവം തെറ്റു ചെയ്യുന്നു.

"Do you want to see a puppet show Mamma?"

ഞാൻ മൊബൈലും പിടിച്ചിരിക്കുന്നത് അവൾക്കു സഹിക്കുന്നില്ല.

"No, let me do this."

ഞാൻ വീണ്ടും  മൊബൈലിൽ ലയിച്ചു.

"അമ്മാ, ദൈവം തെറ്റ് ചെയ്തിട്ടുണ്ടെന്ന് അമ്മ കരുതുന്നുണ്ടോ?"

എന്നെ നിർബന്ധപൂർവ്വം അവളിലേക്ക് പിടിച്ചുവലിച്ചു ആ ചോദ്യം. മൊബൈൽ ഓഫാക്കി വച്ച് ആകാംക്ഷയോടെ ഞാൻ ചോദിച്ചു,

" എന്തെന്ന്? മനസ്സിലായില്ല."

" അതേയ്, ദൈവം ശരി മാത്രമേ ചെയ്യൂ എന്നുണ്ടോ? ശരിക്കും ദൈവം തെറ്റുകാരനല്ലേ അമ്മേ? "

" എങ്ങനെ? പറഞ്ഞേ. "

" അമ്മക്ക് മനസ്സിലായില്ലേ? ഞാൻ പറയട്ടെ;  ഇപ്പോൾ എന്റെ കൈയിങ്ങനെ ഞാൻ വീശുന്നു."
അവൾ കൈ വീശിക്കൊണ്ട് തുടർന്നു.

" ഇതിപ്പോ എന്നെക്കൊണ്ട് ചെയ്യിക്കുന്നതാരാ? ദൈവമല്ലേ? അങ്ങനെ, നമ്മളെക്കൊണ്ട് നല്ലതും ചീത്തതും ചെയ്യിക്കുന്നത് ദൈവം തന്നെയല്ലേ? പിന്നെ, മനുഷ്യർക്കായി ദൈവം എന്തിനു സ്വർഗം നരകം എന്ന പേരിൽ വെവ്വേറെ സ്ഥലങ്ങളുണ്ടാക്കി!! "

ഞാൻ മിണുങ്ങസ്യ .

" ദൈവം തന്നെ തെറ്റ് ചെയ്യിച്ചിട്ട് നമ്മളെപ്പിടിച്ച് ദൈവം തന്നെ നരകത്തിലിടുന്നു. അപ്പോൾ ദൈവവും തെറ്റുചെയ്യുന്നുണ്ടെന്നർത്ഥം. "

ആറാം ക്ലാസ്സിൽ വച്ചു് ഞാനിങ്ങനെ ചിന്തിച്ചിരുന്നത് എനിക്ക് ഓർമ്മയുണ്ട്. പക്ഷേ, രണ്ടാം ക്ലാസിൽ ഇങ്ങനെ ചിന്തിച്ചിരുന്നതായോർമ്മയില്ല.

അപ്പോൾ പറഞ്ഞു വന്നത്;
എന്നെപ്പോലെ ഓവർ പ്രൊട്ടക്ടീവ് ആയി മക്കളെ വീട്ടിനകത്തു പൂട്ടിയിടുന്ന അമ്മമാർ അനുഭവിക്കും. തുറന്നുവിടൂ. റോഡിൽ കളിക്കട്ടെ. മണ്ണിൽ വീണു മുട്ട് മുറിയട്ടെ. നഖത്തിനടിയിൽ ചെളി നിറയട്ടെ. തുണി അഴുക്കു പറ്റട്ടെ.
പക്ഷേ, ഞായറാഴ്ച ഉച്ചയൂണു കഴിഞ്ഞ് വീട്ടിലിരുന്ന് ചിന്തിക്കാൻ ഇട കൊടുക്കരുത്. BEWARE.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ