2018 മാർച്ച് 9, വെള്ളിയാഴ്‌ച

അമ്മപ്പാഠം - കാക്കത്തൊള്ളായിരത്തി രണ്ട് .

അമ്മ പാഠം - കാക്കത്തൊള്ളായിരത്തി രണ്ട് .

സ്കൂളിൽ മിസ്സ് പറഞ്ഞപ്പോഴാണ് വനിതാദിനത്തിന് അമ്മയെ അഭിനന്ദിക്കേണ്ടതാണ് എന്ന അറിവ് മകൾക്കുണ്ടായത്. വൈകിട്ട് വാതിൽക്കൽത്തന്നെ അഭിനന്ദനം കിട്ടി. കൂടെയൊരു ചോദ്യവും - 'എന്തിനാണിങ്ങനെയൊരു ദിവസം ' എന്ന്. അതിനുള്ള ഉത്തരമായിരുന്നു കാക്കത്തൊള്ളായിരത്തി ഒന്നാം പാഠം. ലിംഗവിവേചനത്തിന്റെ ഗൃഹപാഠം അനുഭവത്തിലൂടെ പഠിക്കേണ്ടിവന്നിട്ടില്ലാത്ത ഒന്നാന്തരം ഭാഗ്യവതി.

ഇന്നുരാവിലെ നീന്തൽ ക്ലാസ് കഴിഞ്ഞ് ഹാസനെ മൂടിയ കോടമഞ്ഞിലൂടെ തണുത്തുവിറച്ച് വന്നവളുടെ കൈയിൽ രണ്ടു ചുവന്ന റോസാ പൂക്കൾ.
"അമ്മാ, ബിലേറ്റഡ് വിമൻസ് ഡേ വിഷസ്. "  ദോശയായ ദേശയെല്ലാം ചുട്ടു, സാമ്പാറിനു വറവിട്ടപ്പോഴേക്കും നേരം പോയ പോക്കേ.

ഭർത്താവ് 'ഇതെന്താ ലേറ്റായേ 'എന്ന് ഇങ്ങോട്ടു ചോദിക്കണേന്റെ മുൻപുതന്നെ അങ്ങോട്ട് 'ലേറ്റ് ആയി. വേഗമാവട്ടെ. ' എന്ന് തിടുക്കം കൂട്ടിയാൽ ഓലപ്പടക്കം വെള്ളത്തിലിട്ടു കൊടുത്ത പോലെ ഒരു സുഖമുണ്ട്.

"ഇദെന്തിനാ പൂവ്? ഇനിക്ക് നേരമില്ലമ്മൂ. വേഗം കുളിച്ചു വന്നാൽ മുടി പിന്നിത്തരും. ഇല്ലെങ്കിൽ ഞാൻ പോകുമ്പോൾ ഇന്നാളത്തെപ്പോലെ നീ കരയും."
തിരക്കിട്ട് ചോറ്റുപാത്രങ്ങളും വെള്ളക്കുപ്പികളും വിവിധ ബാഗുകളിലേക്കൊതുക്കുമ്പോൾ അവളുടെ മുഖം കൂമ്പി വാടി ഒരു കരച്ചിലിന്റെ വക്കത്തെത്തിയതു കണ്ടു.

" ഇങ്ങു തരൂ. താങ്ക് യൂ. സാരല്യാട്ടോ. എന്നാൽ, മോള് ഇനി മുതൽ അമ്മയ്ക്കുവേണ്ടി പൂ വാങ്ങരുത്. പൂക്കൾ ചെടികൾക്കുള്ളതല്ലേ? എനിക്കെന്തിനാ? പൂ പറിക്കുന്നത് അമ്മയ്ക്കിഷ്ടല്ല."

" ഇത് ഞാൻ പറിച്ചതല്ലല്ലോ, വാങ്ങിയതല്ലേ? ഇനിയൊരിക്കലും ഞാനമ്മയ്ക്കു്..."

സങ്കടം ദേഷ്യത്തിലേക്ക് ഗിയറു മാറ്റുന്നതു കണ്ട് ഞാനും നയം മാറ്റി. പൂക്കൾ കൃഷ്ണനു മുന്നിലിട്ട് മകളെ സമാധാനിപ്പിക്കാൻ മൂപ്പർക്കൊരു അപേക്ഷയും കൊടുത്തു.

ഝടിപിടീന്ന് എന്തോ വാരിത്തിന്ന്, മുടി കെട്ടിക്കൊടുത്ത് ഇറങ്ങിയോടുമ്പോഴും ആ കുഞ്ഞു മുഖത്ത് ഇരുട്ട് പരത്തിയതിന്റെ കുറ്റബോധം മനസ്സിലുണ്ടായിരുന്നു.

വൈകിട്ട് ജോലി കഴിഞ്ഞെത്തുമ്പോൾ കൃഷ്ണനരികിൽ കിടന്ന പൂക്കൾ വാടിക്കരിഞ്ഞിരിക്കുന്നു; മകളുടെ മുഖം പോലെ. അതീവസന്തോഷത്തോടെയും ഉത്സാഹത്തോടെയും വന്നവളെ ഒറ്റനിമിഷംകൊണ്ടാണമ്മ കരയിച്ചത് രാവിലെ.

സ്കൂൾ വിട്ടു വന്ന മകളെ ഊട്ടുമ്പോൾ ഞാനൊരു ചോദ്യമെറിഞ്ഞു.

" നമുക്ക് അരിയും പച്ചക്കറിയും ആണോ പൂക്കളാണോ ഏറ്റവുമാവശ്യം?"

" അരിയും പച്ചക്കറിയും " ഉദ്ദേശിച്ച ഉത്തരം ലഭിച്ചപ്പോൾ സന്തോഷമായി.

" ഇതൊക്കെ കൃഷി ചെയ്യാൻ എത്ര സ്ഥലം വേണമെന്നറിയുമോ മോൾക്ക്? ഒരുപാട് വേണം. ഈ കൃഷിസ്ഥലമൊക്കെ എവിടുന്നാ?"

" എനിക്കറിയില്ല."

"പണ്ടും ഇപ്പോഴും കാടുവെട്ടി നിരത്തിയാണ് മനുഷ്യർ കൃഷിചെയ്യുന്നത്. പക്ഷേ, ഭക്ഷണമില്ലാതെ ജീവിക്കാനും പറ്റില്ല അല്ലേ?"

" അതിന്?"

" കടകളിൽ വിൽക്കാൻ വച്ചിരിക്കുന്ന പൂവൊക്കെ ഇങ്ങനെ കാടു നശിപ്പിച്ചുണ്ടാക്കിയ സ്ഥലത്താ കൃഷി ചെയ്യണത്. കാട്ടിലെ മൃഗങ്ങളൊക്കെ ചാവില്ലേ? പൂന്തോട്ടത്തിൽ മാനും നരിയും കടുവയുമൊക്കെ ഉണ്ടാവുമോ മോളെ?"

" ഹണിബീയും ബട്ടർഫ്ലൈസുമൊക്കെ ഉണ്ടാവുമല്ലോ."

" കൊള്ളാം. പൂമ്പാറ്റയും തേനീച്ചയുമൊക്കെ വിഷം കഴിച്ചു ചാവില്ലേ?"

" എങ്ങനെ?!! "

" പൂമ്പാറ്റപ്പുഴുക്കളുടെ ഭക്ഷണം ഇലയും തളിരുമൊക്കെയല്ലേ. പക്ഷേ, അതൊക്കെ അവിറ്റങ്ങൾ തിന്നാൽ  പിന്നെ പൂവുണ്ടാകുമോ? അതുകൊണ്ട് കൃഷിക്കാർ വിഷം തളിച്ച് അതിനെയൊക്കെ കൊല്ലും."

" ശരിക്കും?"

പൂമ്പാറ്റകളെ കൊല്ലുമെന്ന അറിവ് കുഞ്ഞുങ്ങൾക്ക് വേദനയാണ്. പൂക്കളുടെ സൗന്ദര്യവും സൗരഭ്യവും അതിനുപിന്നിലെ പ്രകൃതിയോടുള്ള മനുഷ്യന്റെ നീതിനിഷേധങ്ങളെ വെളിപ്പെടുത്തുന്നില്ല. ന്യായീകരിക്കുകയും ഇല്ല. സമൂഹത്തിൽ പൂക്കൾ പ്രതിനിധാനം ചെയ്യുന്ന ഒരു മൂല്യവും വിഷം പറ്റിയ ആ പൂക്കൾക്കോ, അതു കൈമാറുന്ന കൈകൾക്കോ അവകാശപ്പെടാനാകില്ല.

നോക്കെത്താദൂരത്തോളം കാടും മേടും മൃഗങ്ങളുടെ വീടും നശിപ്പിച്ച് സംസ്കാരത്തിന്റെയും ആചാരത്തിന്റെയും പേരും പറഞ്ഞു ഒരു പകലിന്റെ സൗന്ദര്യങ്ങളെ വിലയ്ക്കുവാങ്ങാൻ എന്റെ വീട്ടിലെ രണ്ടാം ക്ലാസ്സുകാരി ഇനി അറയ്ക്കും.

ഓണത്തിനെ കെട്ടുകെട്ടിക്കേണ്ട . വിവാഹങ്ങളോ, മരണങ്ങളോ ആഘോഷിക്കുമ്പോളെങ്കിലും നമുക്കു ചില ഹരിതചിന്തകളായിക്കൂടെ?
ഹരിതത്തെ അതിന്റെ വേരുകളിൽ നിന്നും പറിച്ചെടുക്കേണ്ടാത്ത ഹരിത ചിന്തകൾ.
' ഇക്കോ ഫ്രണ്ട്‌ലി' എന്ന് പറഞ്ഞു കാടറുത്ത് മര വീടുണ്ടാക്കുന്നപോലല്ലിത്. ഹരിതസൗഹൃദ ആഘോഷങ്ങളെ വർണാഭമാക്കാൻ നമ്മുടെ ഒത്തൊരുമയും സന്തോഷവും മാത്രമേ പാടുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ