മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് ചിന്തിക്കും എന്ന കരുതൽ വളരെയധികം ഉള്ള ഒരാളാണ് ഞാൻ. അതുകൊണ്ടായിരിക്കാം കൗമാരത്തിൽ എഴുത്തു തുടങ്ങിയപ്പോൾതന്നെ നിർത്തേണ്ടിവന്നതും. ഇപ്പോൾ എന്റെ ധൈര്യത്തിന്റെ നട്ടെല്ലും തലയോട്ടിയും ഭർത്താവാണ്. എഴുതാൻ ബാക്കി വെച്ചതെല്ലാം എനിക്ക് എഴുതണം. ഞാനെഴുതും. ഒരു പക്ഷേ, നിർത്തിയേടത്തു നിന്നാണ് ഞാൻ തുടങ്ങുന്നത്. മുൻവിധികളെ കൊണ്ടെന്നെ മൂടരുതേ. ഒരുപക്ഷേ നിങ്ങൾ കാണുന്നത് എന്നെയല്ല എന്റെ എഴുത്തായിരിക്കും എന്ന് മറ്റൊരു പ്രസന്ന യെ അറിയുന്നവർ ഓർക്കുമല്ലോ.
പ്രണയത്തിന്റെ വിത്ത്
മാനത്തു നിന്നും പറന്നു
മനസ്സിൽ വീണു.
സ്വപ്നങ്ങളുടെ നീർവലിച്ച അതിൽ
അഗ്നിനാമ്പുകളാണ് മുളപൊട്ടിയത്.
തീയിലകൾ പടർത്തി
കനൽപ്പഴങ്ങളുതിർത്ത്
അതു പൊടുന്നനെ വളർന്നു. പകൽകിനാവിന്നുറവകൾ
വറ്റുവോളം കുടിച്ചാലും തീരാത്ത
അതിന്റെ ദാഹം എന്നെ വാട്ടി.
അകത്തെ കാട്ടുതീയണക്കാൻ
ഞാനശക്തയായിരുന്നു.
പുകഞ്ഞെരിയുമ്പോഴും
ഞാനതിനെ ഇഷ്ടപ്പെട്ടു.
ആ നെരിപ്പോടിന്റെ കനൽത്തിളക്കം
എന്റെ കണ്ണുകളിലുണ്ടോ എന്നു ഭയന്നു ഞാൻ കണ്ണുകൾ താഴ്ത്തി.
അകത്തു നിന്നുയരുന്ന കുന്തിരിക്കപ്പുക എന്റെ നിശ്വാസങ്ങളിൽ നിന്നൊളിപ്പിക്കാൻ ഞാൻ ദീർഘനിശ്വാസമുതിർക്കാതായ്.
അപ്പോഴൊരായിരം സ്വേദബിന്ദുക്കളിൽ കരിനിറം കിനിയിച്ച്
എന്റെ തീമരം പുഞ്ചിരിച്ചു.
അതിന്റെ തീക്കാറ്റിൽ
എന്റെ ചിന്തകൾ പറന്നുപോയി.
നാളെകൾ ശൂന്യമായി.
എനിക്കു വീണുകിട്ടിയ
കാട്ടുതീയിൻ വിത്ത് മുളപ്പിച്ച്
ഞാനതിൽ വെന്തുമരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ