2018 മാർച്ച് 6, ചൊവ്വാഴ്ച

ഇൻവിജിലേഷൻ

കുറെ പഴയതാണ്. ബോർഡ് എക്സാം അല്ല, ഒരു ഹോം എക്സാം. അച്ഛനമ്മമാർ ഇട്ട പേരുകൾ വ്യാജമായതിനാൽ ഞാൻ അതെല്ലാം മാറ്റി ഒറിജിനൽ ആക്കിയിട്ടുണ്ട്.

ഇവിജിലേഷൽ ടീച്ചർ ജോലിയിലെ വിരസമായ ഒരു ഭാഗമാണ്. സാമാന്യം നല്ല ഒരു ഹൈസ്കൂൾ ടീച്ചർ ദിവസം മുഴുവനും ഊർജ്ജസ്വലയായിരിക്കും. കൊക്കൂൺ പൊളിച്ചു പുറത്തു വന്ന് ഉണ്ടക്കണ്ണ് മിഴിച്ചു തുള്ളി പറക്കുന്ന ചിത്രശലഭങ്ങൾക്കൊപ്പം കാറ്റായും മഞ്ഞായും മഴയായും വെയിലായും നിറഞ്ഞ് വേണം പഠിപ്പിക്കാൻ. അങ്ങനെ ചിറുപിറുങ്ങനെ ഓടിനടന്നു പണിയെടുക്കുന്ന ടീച്ചർമാരെ പിടിച്ച് ഇവിജിലേഷൻ ഡ്യൂട്ടിക്കിടുമ്പോൾ അവരുടെ ഹൃദയത്തിനും കിഡ്നിക്കും വരെ ശ്വാസംമുട്ടും. അങ്ങനെ ശ്വാസം കിട്ടാതെ പിടഞ്ഞ പരൽ കുഞ്ഞുങ്ങളാണ് ഈ വാക്കുകളിലൂടെ മോക്ഷം തേടുന്നത്.

ഒമ്പത് സിയും പത്ത് സിയും തെമ്മാടിത്തരത്തിനു പ്രശസ്തരാണ്. ഇവറ്റങ്ങളെ മിക്സ് ചെയ്ത ക്ലാസാണ് പത്ത് സിയെന്ന എക്സാം ഹാൾ. കുറച്ചു സീരിയസ്നെസ് ഇരിക്കട്ടെ എന്നുവച്ച് സാരിയുടുത്തത് നന്നായി. അതും പുള്ളി സാരി. കുറേനേരം പുള്ളികള് എണ്ണിയും മുന്താണി തലപ്പിൽ കളിച്ചും സമയം കൊല്ലാല്ലോ.

ജനലുകളെല്ലാം അടച്ച മുറിയിൽ ഗുഡ് നൈറ്റ് റോളോണിന്റെ മണം നിറഞ്ഞു നിന്നു. ജനൽ തുറക്കരുതെന്ന് !! കൊതുകാണത്രെ. പട്ടാപ്പകൽ അഞ്ചു ട്യൂബു ലൈറ്റുകൾ മിന്നുന്ന ക്ലാസിൽ  കറങ്ങുന്ന ഫാനുകൾ പരീക്ഷ കാലത്തിന്റെ ഗൃഹാതുര സ്മരണകളുണർത്താറുള്ള നിശബ്ദതയെ കൊന്നു കൊല വിളിച്ചു കൊണ്ടിരിക്കുന്നു. തടിയൻ കുട്ടപ്പൻ ചിൻമയിനു ഫാൻ ഇല്ലാതെ വയ്യ. എന്നാലും സ്വെറ്റർ ശരീരത്തിൽനിന്നൂരി കണ്ടിട്ടേയില്ല. കറുപ്പും വെളുപ്പും ഗ്രേയും സ്ട്രൈപ് ഉള്ള ഒരു കിടിലൻ സ്വെറ്റർ ഇട്ടാണ് വൈഭവ് ഫാനിന്റെ ഡയാമീറ്ററിനു ഒന്നര മീറ്റർ താഴെ കുത്തനെ ഇരിക്കുന്നത്.  ഇത് യൂണിഫോം സ്വെറ്റർ അല്ലല്ലോ എന്നു ചോദിക്കണമെന്നുണ്ട്. പക്ഷേ, അത് ചോദിക്കുന്നതിനു മുൻപും പിൻപും ഈ ഭൂഗോളത്തിൽ യാതൊരു മാറ്റവും ഉണ്ടാവുകയില്ല എന്നതിനാൽ വേണ്ട.

ചുള്ളനും മടിയനും അഹങ്കാരിയുമായ �� കമ്പ്യൂട്ടർ സർ റിലീവ് ചെയ്തപ്പോഴാണ് ഇത്രയും എഴുതിയത്.  30 വയസിനു മുൻപ് സെൻട്രൽ ഗവൺമെന്റ് സ്ഥിര നിയമനം കിട്ടിയ എല്ലാവരും മുഴുത്ത അഹങ്കാരികൾ ആണെന്നത് ഒരു പുതിയ കണ്ടുപിടിത്തമല്ല. ടീച്ചേഴ്സ് ഡെസ്കിന്റെ അരികിൽ പൂമ്പാറ്റകൾ ആരോ ഒട്ടിച്ചുവച്ച ച്യൂയിംഗത്തിൽ ഞാൻ പറ്റിച്ചു വച്ച കടലാസ് തുണ്ട് എടുത്തുകളഞ്ഞ് അതിന്മേൽ ഇരുന്നു കാണുമോ പഹയൻ?

സമയം പത്തര. ഞാൻ വീണ്ടും ക്ലാസിൽ. വന്ന ഉടനെ അഡീഷണൽ ഷീറ്റിന്റെ ഒരു ബഹളമായിരുന്നു. ആക്രാന്തം ഒന്നടങ്ങി ശാന്തരായി എഴുതുന്ന ശലഭങ്ങളെ നോക്കി, നോക്കി, നോക്കി സംതൃപ്തയായി ഞാൻ എഴുത്ത് ആരംഭിച്ചു. ഞാനൊരു കഥകളി നടിയായി. അല്ല, ഒട്ടകപ്പക്ഷിയായി മാറി. ഇടയ്ക്കിടയ്ക്ക് തലയുയർത്തി നോക്കും. 360 ഡിഗ്രി സ്കാൻ ചെയ്യും.

കല്യാണിയുടെ പിറകിലിരുന്ന കീർത്തനയുടെ കുശുകുശുപ്പ് അടിയന്തിരമായി നിർത്തണം. കല്യാണി നടുനിവർത്തി പിന്നോട്ട്. കീർത്തന ഡെസ്കിൽ ചാരി മുന്നോട്ടാഞ്ഞ്. വെടി പൊട്ടുന്ന ശബ്ദത്തിൽ ഒന്നു താക്കീതുചെയ്തു തിരിഞ്ഞപ്പോൾ സുമൻ. ഡി.ക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നു. മൂന്നാംവട്ടമാണ് ചോദിക്കുന്നത്. പാവം, വീടല്ലേ. പാൻസിന്റെ 2 പോക്കറ്റുകളും സ്വെറ്ററിന്റെ ഉള്ളിലിരിക്കുന്ന ഷർട്ടിന്റെ പോക്കറ്റും പരിശോധിച്ചപ്പോൾ കിട്ടിയത് വെള്ളക്കല്ലിന്റെ ഒരു ഇമിറ്റേഷൻ മാല. സയൻസ് പരീക്ഷ ദിവസവും ഇവന് ഇതൊക്കെ ഒപ്പിക്കാം. ടി.വി. റിയാലിറ്റിഷോയിലെ പോലെ പ്രഖ്യാപിച്ചു, "You have got 60 Secondട. run. Run. RUN." കൃത്യം അറുപതാം സെക്കൻഡിൽ അവൻ ബാക്ക്. അടക്കിപ്പിടിച്ച മൂത്രം വേഗത്തിലൊഴിച്ചതിന്റെ ജാള്യത അവന്റെ മുഖത്ത് തളം കെട്ടിക്കിടന്നു.

പിൻനിരയിൽ ഒരു ശബ്ദ സമ്പത്ത്. എക്സാം ദിനങ്ങളിൽ യൂണിഫോം നിയമങ്ങളിൽ കാറ്റിൽ പറത്തിക്കൊണ്ട് മുടിയഴിച്ചിട്ട് ഭദ്രകാളിയെ പോലെയിരിക്കുന്ന  വർഷിണിയ്ക്ക് പിന്നിൽ ഒളിച്ചിരുന്ന് ചാര പ്രവർത്തനം നടത്തുന്ന അനിരുദ്ധ്. അതിനും പുറകിൽ എല്ലാറ്റിനും നാഥൻ എന്ന പോലെ ചിൻമയ് . ഞാൻ എല്ലാ ഫാനുകളും ഓഫാക്കി. അഞ്ചുശരങ്ങളും പോരാതെ ചിന്മയൻ തൻ ചിരി സായകമാക്കി. പിന്നേം പോരാതെ കണ്ണും മൂക്കും ഒക്കെ സായകമാക്കി. ഫാൻ നിർത്തിയതോടെ ഉത്തരങ്ങൾ കാറ്റിൽ പറക്കാതെ നിശ്വാസങ്ങളിൽ ഒതുങ്ങി. കൂർത്ത നോട്ടങ്ങളോടെ ചിൻമയ് പ്രാണായാമം ചെയ്യുകയാണെന്ന് കരുതി. മൂക്കിൽ നിന്നു excavation ആണ്. ''ഖനനം, ഖനനം, ഖനനം... മാനവ ജീവിത മൂല്യങ്ങൾ തൻ മയൂരസന്ദേശം... '' യേശുദാസ് മനസ്സിലിരുന്നു പാടി. തെല്ലിട കഴിഞ്ഞ് ആ ദുഷിച്ച നഖങ്ങളെല്ലാം അവൻ കടിച്ചു തുപ്പി വൃത്തിയാക്കി.

ഇത്രയും എഴുതുന്നതിനിടയിൽ ഒരുപാട് അഡീഷണൽ ഷീറ്റ് ഞാൻ ഡേറ്റിട്ടു സൈൻ ചെയ്തുകൊടുത്തു. ഷീറ്റ്സ് തീരും എന്നായപ്പോൾ എക്സാം ഡിപ്പാർട്ട്മെന്റിൽ നിന്ന് വരുത്തിച്ച് കൊടുത്തു. ഒരു കാഷ് കൗണ്ടിങ് മെഷീനെ പോലെ കൃത്യമായി.

പൃഥ്വിരാജ് ഉപയോഗിക്കാതെ വച്ച റൈറ്റിംഗ് പാഡിൽ വെച്ചാണ് ഇത്രയും എഴുതിയത്. തിരിച്ചു കൊടുക്കാൻ നേരം ആ പഴഞ്ചൻ റൈറ്റിങ് പാഡിൽ വൃത്തിയായി എഴുതി നിറച്ചിരിക്കുന്ന ക്ലാസ്സിഫിക്കേഷനുകളും ഡെഫനിഷനുകളും എന്റെ കണ്ണിൽ ഉടക്കി. പെൻസിൽ കൊണ്ട് എഴുതിയതാണ്.  കോപ്പിയടിക്കാൻ. ഞാനവന്റെ റബ്ബർ എടുത്ത് മായ്ച്ചു നോക്കി. നന്നായി മാഞ്ഞു.
" നാളെ നീ ഇംഗ്ലീഷ് എഴുതിക്കൊണ്ടു വരുമോ?"
" ഇല്ല മാഡം. സയൻസും കണക്കും മാത്രം."

പകുതി തമാശയായി, എന്നാൽ അവനെ ഭയപ്പെടുത്തുന്ന രീതിയിൽ താക്കീത് ചെയ്തു. പേപ്പർ കെട്ടാൻ ടാഗും കൊടുത്തുകഴിഞ്ഞു. 'ലാസ്റ്റ് ഫിഫ്റ്റീൻ മിനിറ്റ്സ്'  എന്ന് അനൗൺസും ചെയ്തുകഴിഞ്ഞു.
ഇനിയൊട്ടും നേരമില്ല. കോപ്പിയടിക്കാരുടെ സുവർണ്ണനിമിഷങ്ങളാണിവ. വിട .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ