2018 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

ഭൂമിശാസ്ത്രം

"ടീ പ്രീ, ആൾക്കാര് ചോയ്ക്കാ, ഇനിയ്ക്കിദ് മാത്രേ എഴുതാൻ ള്ളോ ന്ന്."

"ഉം. രണ്ടെണ്ണല്ലേ എഴ്തീള്ളൂ?"

"അത്രേ ള്ളൂ. പക്ഷേ, സാഹിത്യകാരിയാവാനാഗ്രഹിച്ചിട്ടിപ്പോ..."

"ന്നാ നാളേയ്ക്കൊരു തമാശപ്പോസ്റ്റ് എഴുതിടണം. ആൾക്കാര് മറക്കട്ടെ."

" ആ ബെസ്റ്റ് . വരണ്ടെ വല്ലതും? അസാധ്യ മൂഡും. ആളെ വെച്ച് എഴ്തിച്ചാലോ?"

"മ്മടെ ചെറ്പ്പത്തിലെ തമാശ വല്ലോം എഴ്തൂ അക്കാ."

" യെന്ത്?''

" ആ ഭൂമീന്റെ... ന്റെ സാമൂഹ്യപാഠം..."

"ഉം ... "

"അതേയ്, എഴ്തുമ്പോ ലഘുവായ്ട്ടൊക്കെ എഴുതണേ. കൊറച്ച് മയത്തിൽ."

"എന്താ!"

"അല്ലാ, അദ് വായ്ച്ച് ആൾക്കാര് നിയ്ക്ക് ബുദ്ധില്ലാന്ന് കര്തര്ത് ന്ന്."

"ഹാ ഹാ ഹാ ഹ... "

"ശ്ശ്... നിയ്ക്ക് കൊറച്ച് ബുദ്ധി കൂട്യേ രീതില് എഴ്തി ഫലിപ്പിയ്ക്കാൻ കഴിയ്വോ?"

"ഹാ ഹാ ഹാ ഹ... "

" ശ്രമിയ്ക്കണേ. ഓ... നശിപ്പിച്ച് ... അല്ല. എഴ്തണ്ടക്കാ പ്ലീസ്... "

"ഹാ ഹാ ഹാ ഹ... "

''വേറെന്തെങ്കിലും സംഭവം ഓർമ്മിച്ചെഴുതൂ. നല്ല തമാശയായിട്ട്. ഛെ. ദ് പ്പൊ ആൾക്കാരൊക്കെ അറിയൂലേ ന്റെ വിവരം!!"

" ഹാ ഹാ... ഞാനെഴുതും. ലാസ്റ്റ് എഴുതാം നെണക്ക് ഭയങ്കര ബുദ്ധിയാണ് ന്ന്."

ദ്ദാണ് സംഭവം -

അമ്മ പ്രീതീനെ പഠിപ്പിയ്ക്ക്ണു. ഞാനപ്രത്ത് ഇര്ന്ന് വായിയ്ക്കാണ്. എത്രാം ക്ലാസിലാന്നൊന്നും പറയ്ണില്ല. പാവല്ലേ. ജീവിച്ചോട്ടെ.

അവൾടെ തലയിലേയ്ക്ക് ദുർഘടം പിടിച്ച വഴികളാണ് കൂട്ടരേ. ദുർഘട പർവ്വത ശൃംഗങ്ങൾ! അങ്ങോട്ട് ( പുസ്തകത്തിലെ) വല്ലതും കേറിപ്പോണെങ്കി നല്ല പാടാണ്. വെറ്തെ ഒര് കല്ല്ട്ത്ത് ആ തലേന്റെ ഉള്ളിൽക്ക് എറിഞ്ഞാലും ബൂമെറാങ്ങ്‌ പോലെ തിരിച്ചു വരുമായിരിയ്ക്കും.

ഭൂമി ശാസ്ത്രാണ് പഠിപ്പിയ്ക്ക്ണത്. നമ്മടെ ഭൂമിയെപ്പറ്റി. ഒന്നും അങ്ങട് കേറാഞ്ഞ് സഹികെട്ട് അമ്മ ഒരു ചോദ്യം.

"നമ്മള് ഭൂമീ ടെ ഉള്ളിലാ, പൊറത്താ ജീവിയ്ക്ക്ണദ് ?"

" ഉള്ളില്."

ങ്ഹേ!!

"നമ്മള് ഭൂമീടെ ഉൾഭാഗത്താണോ അതോ, പുറംഭാഗത്താണോ ജീവിയ്ക്കുന്നത് എന്നാണ് ചോദ്യം."

"അതല്ലേ പറഞ്ഞത്.. ഉള്ളില്ന്ന്."

സഹികെട്ട് എന്റെയുള്ളിലെ അദ്ധ്യാപിക സടകുടഞ്ഞെഴുന്നേറ്റു.

" അല്ലെടീ പ്രീ, ഭൂമീന്ന് വെച്ചാൽ പാറേം കല്ലും മണ്ണുമൊക്കെ നെറഞ്ഞൊരു ഗോളല്ലേ?"

" അതേ... "

"നമ്മളതിന്റെ അകത്താണോ, പുറത്താണോ ഉള്ളത് ഇപ്പോ?"

" അകത്ത്. ദ്ദന്ന്യല്ലേ പറഞ്ഞോണ്ടിരിയ്ക്ക്ണത്!!"

"എടീ മണ്ടശിരോമണീ!! അപ്പൊ നമ്മളെങ്ങന്യാ ശ്വസിയ്ക്കാ?"

"അയ്നല്ലേ ജനലും വാതില്വൊക്കെ വെച്ചീയ്ക്ക്ണത്!! എന്താ? ത്ര വിവരല്ലേ അക്കയ്ക്ക്?"

എത്രാം ക്ലാസിലായിരുന്നൂന്ന് ന്നെ കത്തിട്ത്ത് കുത്ത്യാലും ഞാമ്പറയില്ല. ന്റെ പുന്നാര അനിയത്തിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ