ഒരു സാധാരണക്കാരൻ പൊതുസ്ഥലത്തുവെച്ച് ഒരു പരിചയക്കാരനെയോ, അപരിചിതനെയോ കയ്യേറ്റം ചെയ്യുന്നതും അധിക്ഷേപിക്കുന്നതും വിരളമായിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. സ്വത്തുതർക്കമോ, കുടുംബകലഹമോ അല്ലാതെ ജീവിതത്തിലൊരിയ്ക്കൽ പോലും മറ്റൊരുത്തനോട് അനാവശ്യം പറഞ്ഞിട്ടില്ലാത്ത മനുഷ്യരുടെ എത്രയോ തലമുറകൾ കഴിഞ്ഞുപോയിരിക്കുന്നു. സമൂഹം വ്യക്തികളിലേക്ക് ചുരുങ്ങുകയും ഓരോ വ്യക്തിയും പല ഗ്രൂപ്പുകളിൽ പല മുഖങ്ങളുള്ള സമൂഹമായി വളരുകയും ചെയ്ത ഭൂഗോളപ്പഞ്ചായത്തിൽ ആർക്കും ആരെയും എത്ര ഭീകരമായും അധിക്ഷേപിക്കാം എന്നതാണ് നമ്മുടെ വർത്തമാന കാലം. പുറംലോകത്തോട് തികച്ചും അനാസക്തരെന്നപോലെ മൊബൈലിൽ മുഖം പൂഴ്ത്തിയിരിക്കുന്ന അനേകമാളുകൾ ഉടലാകെ പച്ചപ്പുലയാട്ട് ചിലക്കുന്ന നാവുകൾ കിളിർത്ത ഹിംസ്രജന്തുക്കളാണ് സാമൂഹ്യ മാധ്യമം എന്ന പൊതുസ്ഥലത്ത്.
രാഷ്ട്രീയവും കച്ചവടവും മതവും എല്ലാം ഒന്നായി ഭീകരമായ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടിരിയ്ക്കുന്നോ? ഇൻറർനെറ്റ് മാധ്യമങ്ങൾക്ക് ഒരു നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്കാണ് നമ്മൾ പോകുന്നത്! 47ലെ ഇന്ത്യ-പാക് അതിർത്തി പോലെ കലുഷിതമാണ് നമ്മുടെ നാട്ടിലെ ഇടവഴിയും ബസ്റ്റോപ്പുമെന്ന് നിശബ്ദമായി ആരൊക്കെയോ അലറി വിളിക്കുന്നുണ്ട് ചുറ്റിനും.
'വെർച്ച്വൽ വേൾഡ്' എന്ന് അതിരുതിരിച്ചു വിളിയ്ക്കേണ്ടുന്ന ഒന്നല്ല ഇനിയും സമൂഹമാധ്യമങ്ങൾ. അതൊട്ടും സാങ്കല്പികമല്ലാതായിരിക്കുന്നു എന്ന് നമുക്കോരോരുത്തർക്കും അറിയാം. ഭിന്നാഭിപ്രായക്കാരോടുള്ള അസഹിഷ്ണുത ഏറ്റവും കൂടിയ കാലയളവിലാണ് നാം ജീവിക്കുന്നത്. മതമോ രാഷ്ട്രീയമോ വിഷയം എന്തുമാകട്ടെ; എതിർപക്ഷക്കാരെ ഒട്ടും ബഹുമാനിക്കേണ്ടതില്ലെന്നു വിദ്യാഭ്യാസമുള്ള സാംസ്കാരിക കേരളം പോലും കരുതുന്ന ഒരു കാലം. ഇൻറർനെറ്റ് വ്യക്തിഹത്യ കൾക്ക് ഒരു പരിധിയും കൽപ്പിക്കാത്ത നിയമവ്യവസ്ഥയുടെയും നിയമപാലനത്തിന്റെയും ഉറക്കക്കാലം.
ഇൻറർനെറ്റ് മാധ്യമങ്ങളിൽ പലതും പൊതു സ്ഥലങ്ങളായിരിയ്ക്കെ യഥാർത്ഥ ലോകത്ത് മനുഷ്യർ പാലിക്കേണ്ടുന്ന മര്യാദകൾ അവിടെ ബാധകമല്ലെന്നുള്ള ഒരു മിഥ്യാബോധത്തിലാണ് ഇന്നും നമ്മൾ. വ്യക്തി ധ്വംസനങ്ങൾ സർവ്വസാധാരണമെന്ന കുത്തഴിഞ്ഞ വ്യവസ്ഥിതിയിൽ നിന്ന് അടിയന്തരമായി കരകയറാൻ ഇൻറർനെറ്റ് മര്യാദയുടെ വേലികളും ദിക്ക് സൂചികകളും നിയമപരമായി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. അകാലവാർദ്ധക്യം ബാധിച്ച് ഊർദ്ധ്വൻ വലിക്കുന്ന കേരള ജനതയുടെ സഹിഷ്ണുതയെ നമുക്കു രക്ഷിയ്ക്കേണ്ടേ?
വാൽക്കഷ്ണം: ഒരു ഹിന്ദുവായതിനാൽ ഞാനെന്റെ മതത്തിന്റെ കാര്യം പറയാം. അങ്ങിങ്ങ് തിരകളുണ്ടെങ്കിലും ശാന്തമായ കടൽ പോലെ കിടന്നിരുന്നതാണ് ഇന്ത്യയിൽ ഹിന്ദുമതം. അതിനെ ഇക്കാണുന്ന പ്രബുദ്ധതയിലേക്ക് തള്ളിവിട്ടതിൽ സോഷ്യൽ മീഡിയയ്ക്കുള്ള പങ്ക് വളരെ വലിയതാണ്. ഒരു മൃദു ഹിന്ദുവിനെ മതവാദിയാക്കുവാനും തീവ്ര ഹിന്ദുവാദിയാക്കുവാനും മൊബൈൽ ഒരു രാസത്വരകമായി വർത്തിക്കുന്നു. ഈർഷ്യയുടെ അണുപ്രസരണം നടത്തുന്ന ഒരു റേഡിയോ ആക്ടീവ് കാറ്റലിസ്റ്റ്. ഹിന്ദുവായ എനിയ്ക്ക് ഫോണിൽ ലഭിയ്ക്കാറുള്ള ഹിന്ദുമത സംരക്ഷണ ഉപദേശങ്ങളെയും ആഹ്വാനങ്ങളെയും പോലെ നിങ്ങളിൽ ഓരോ മതസ്ഥർക്കും അവനവന്റെ മതത്തിന്റെ അഭ്യുദയകാംക്ഷികളിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടായിരിക്കുമല്ലോ?
ദേവസ്വം ബോർഡ്, ഭണ്ഡാരത്തിലെ പൈസ, മതപരിവർത്തനം തുടങ്ങി ഒരുപിടി ചോദ്യങ്ങളിൽ നിന്നാണ് ഒരു മിതഹിന്ദുവിനെ ഹിന്ദുതീവ്രവാദിയാക്കുന്ന 'ബോധവത്കരണങ്ങൾ' തുടങ്ങുന്നത്. നമ്മുടെ ഭരണ, രാഷ്ട്രീയ, നിയമ മുഖ്യധാരകൾ മനസ്സുവെച്ച് അഭിമുഖീകരിയ്ക്കേണ്ടുന്ന ചോദ്യങ്ങളാണിവ. കാരണം, സമൂഹത്തിനു വളരെ മാരകമായ ഒന്നാണ് ഭൂരിപക്ഷ പ്രകോപനം. അതിനു തുടക്കമിടുന്ന ഇത്തരം ചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ രാഷ്ട്രമിനിയും വൈകിക്കൂടാ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ